Your Image Description Your Image Description

ന്യൂഡല്‍ഹി: നോബേല്‍ സമാധാന സമ്മാനത്തിന് അമേരിക്കൻ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ നാമനിര്‍ദേശം ചെയ്ത പാകിസ്ഥാന്റെയും ഇസ്രയേലിന്റെയും നടപടിയെ പരിഹസിച്ച് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയറാം രമേഷ്. ജൂലൈ എട്ടിന് തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് ജയറാം രമേഷ് പ്രതിഷേധം രേഖപ്പെടുത്തിയത്. 50 വർഷത്തേക്ക് നോബൽ സമ്മാന നാമനിർദേശങ്ങളുടെ പട്ടിക പൊതുജനത്തിന് ലഭ്യമല്ല. അതിനാൽ 2025-ലെ നാമനിർദേശങ്ങളുടെ മുഴുവൻ വിശദാംശങ്ങൾ 2075-ൽ മാത്രമേ പുറത്തുവരുകയുള്ളൂ. എന്നാൽ, നാമനിർദേശം ചെയ്യുന്നവർക്ക് അവരുടെ അഭിപ്രായം പൊതുവായി പ്രഖ്യാപിക്കാൻ അനുവാദമുണ്ട്.

പാകിസ്ഥാൻ, ഇസ്രയേല്‍ പ്രധാനമന്ത്രിമാര്‍ ട്രംപിനെ സമാധാന നൊബേലിന് നാമനിര്‍ദേശം നല്‍കിയതായി അഭിമാനപൂര്‍വം പ്രഖ്യാപിച്ചിരിക്കുകയാണ്, ജയറാം രമേഷ് ചൂണ്ടിക്കാട്ടി. ഇന്ത്യയുടെ രണ്ട് നേതാക്കൾ നിരവധി തവണ നാമനിർദേശം ചെയ്യപ്പെട്ടിരുന്നു. മഹാത്മാഗാന്ധിയെ 1937 മുതൽ 1948 വരെ 12 തവണയും ജവഹർലാൽ നെഹ്‌റുവിനെ 1950 മുതൽ 1961 വരെ 13 തവണയും. കൂടുതൽ നോമിനേഷനുകൾ വന്നത് ഇന്ത്യയ്ക്ക് പുറത്തുനിന്നായിരുന്നു. കഴിഞ്ഞ നൂറ്റാണ്ടിലെ സമാധാനത്തിനുള്ള നൊബേൽ സമ്മാനങ്ങളിൽ വിചിത്രമായ തിരഞ്ഞെടുപ്പുകളും ചില ഒഴിവാക്കലുകളും ഉണ്ടായിട്ടുണ്ട്. 1973-ൽ ഡോ. ഹെൻറി കിസ്സിഞ്ജർക്ക് നൽകിയ സമ്മാനം ഏറെ വിവാദങ്ങൾക്കും ഇടയാക്കിയിരുന്നുവെന്നും ജയറാം രമേഷ് ചൂണ്ടിക്കാട്ടി.

അടുത്തിടെ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സമാധാന ചർച്ചകളിൽ അമേരിക്കൻ പ്ര​സിഡന്‍റ് വഹിച്ച പങ്കിന്‍റെ പേരിലാണ് ട്രംപിനെ നാമനിർദേശം ചെയ്തതെന്ന് പാകിസ്ഥാൻ വ്യക്തമാക്കിയിരുന്നു. പാകിസ്ഥാൻ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഇഷാഖ് ദാർ ഒപ്പുവെച്ച ഔദ്യോഗിക നാമനിർദ്ദേശ കത്താണ് നോർവെയിലെ നൊബേൽ കമ്മിറ്റിക്ക് സമർപ്പിച്ചത്. അതിനിടെ, ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും ട്രംപിനെ സമാധാന നൊബേലിന് നാമനിർദേശം ചെയ്തതായി പ്രഖ്യാപിച്ചിരുന്നു. പശ്ചിമേഷ്യയിലെ സമാധാന ശ്രമങ്ങൾക്ക് ട്രംപ് വ​ഹിച്ച പങ്കിന്‍റെ പേരിലാണ് നെതന്യാഹുവിന്‍റെ നടപടിയെന്നാണ് പുറത്തുവന്ന റിപ്പോർട്ട്.

Leave a Reply

Your email address will not be published. Required fields are marked *

Related Posts