Your Image Description Your Image Description

ഡൽഹി: ടെലിവിഷൻ റേറ്റിങ്ങിൽ ഓൺലൈൻ പ്രേക്ഷകരെ കൂടി ഉൾപ്പെടുത്തിയിരിക്കുകയാണ് കേന്ദ്ര വാർത്താവിതരണ മന്ത്രാലയം. ടെലിവിഷൻ റേറ്റിങ് പോയിന്റ്സ് ( ടിആർപി) പരിഷ്കരിക്കാൻ വേണ്ടിയാണ് ഓൺലൈൻ പ്രേക്ഷകരെ ഉൾപ്പെടുത്തിയത്. നിലവിൽ പരമ്പരാഗത ടെലിവിഷൻ സംവിധാനത്തിലൂടെ കാണുന്നവരുടെ എണ്ണം മാത്രമാണ് ചാനൽ റേറ്റിങ്ങിനായി ഉപയോഗിക്കുന്നത്.

ഇപ്പോഴത്തെ കാഴ്ച്ചയുടെ രീതി അളക്കാൻ ഇത് പര്യാപ്തമല്ലെന്ന് കേന്ദ്രം വിലയിരുത്തി. സ്ട്രീമിങ് ഡിവൈസ്, മൊബൈൽ ആപ്പുകൾ, സ്മാർട് ടിവികൾ എന്നിവയിലൂടെയുള്ള പ്രേക്ഷകരെ കൂടി കണക്കിലെടുക്കേണ്ടി വരും. അതുകൊണ്ട് നിലവിലെ രീതി റേറ്റിങ്ങിന്റെ കൃത്യത ഉറപ്പാക്കുന്നില്ലെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി.

ടിആർപി സംവിധാനം പരിഷ്കരിക്കുന്നതിനുള്ള കരടുചട്ടവും പൊതുജനാഭിപ്രായത്തിനായി പ്രസിദ്ധീകരിച്ചു. നിലവിൽ ബാർക് (ബ്രോഡ്കാസ്റ്റ് ഓഡിയൻസ് റിസർച്ച് കൗൺസിൽ) എന്ന ഒറ്റ ഏജൻസി മാത്രമാണ് റേറ്റിങ് രംഗത്തുള്ളത്. ഒന്നിലേറെ ഏജൻസികളെ ഈ രംഗത്തേക്കു കൊണ്ടുവരാൻ വഴിയൊരുക്കുന്നതാണ് കരടുചട്ടത്തിലെ വ്യവസ്ഥകൾ. ടെലിവിഷൻ റേറ്റിങ്ങിന് ഒന്നിലേറെ ഏജൻസികൾ വേണമെന്ന് ടെലികോം റെഗുലേറ്ററി അതോറിറ്റിയും ശുപാർശ ചെയ്തിരുന്നു.

വീടുകളിൽ സ്ഥാപിക്കുന്ന പീപ്പിൾ മീറ്റർ ഉപയോഗിച്ചാണ് ബാർക് നിലവിൽ ഓരോ ടിവി ചാനലുകളുടെയും റേറ്റിങ് കണക്കാക്കുന്നത്. ഇന്ത്യയിൽ 23 കോടി വീടുകളിൽ ടിവിയുണ്ട്. എന്നാൽ 58,000 വീടുകളിൽ മാത്രമാണ് മീറ്ററുകളുള്ളത്. അതായത് 0.025% മാത്രം. ഒരു ലക്ഷം വീടുകളിലെങ്കിലും ഇതു സ്ഥാപിക്കണമെന്നാണ് 2022 ൽ ട്രായ് നിർദേശിച്ചിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Related Posts