Your Image Description Your Image Description

കോട്ടയം: മീനച്ചിലാറ്റിൽ ചാടി ജീവനൊടുക്കിയ ജിസ്മോൾക്കും മക്കൾക്കും ജന്മനാടിന്റെ കണ്ണീരിൽ കുതിർന്ന യാത്രയയപ്പ്. പാലാ പടിഞ്ഞാറ്റിങ്കര പൂവത്തുങ്കലിൽ ചെറുകര സെന്റ് മേരീസ് ക്നാനായ പള്ളി സെമിത്തേരിയിൽ ജിസ്മോൾക്കും മക്കളായ നേഹ, നോറ എന്നിവർക്കും ഒരേ കല്ലറയിൽ ഇനി അന്ത്യവിശ്രമം. ഭർത്താവിന്റെ വീട്ടിലെ പീഡനങ്ങൾ സ​​ഹിക്കാനാകാതെയാണ് യുവതി മക്കളുമൊത്ത് ജീവനൊടുക്കിയത് എന്നാണ് ആരോപണം.

ഇന്നു വൈകിട്ട് മൂന്നുമണിയോടെയാണ് ജിസ്മോളുടെയും മക്കളുടെയും മൃതദേഹങ്ങൾ ജിസ്മോളുടെ പാലായിലെ വീട്ടിലെത്തിച്ചത്. സംസ്കാരശുശ്രൂഷകൾക്കു ശേഷം പള്ളിയിലെത്തിച്ചു. വൻജനാവലിയാണ് സംസ്കാരച്ചടങ്ങുകളിൽ പങ്കെടുക്കാനെത്തിയത്. ചെറുകര സെന്റ് മേരീസ് ക്നാനായ പള്ളി സെമിത്തേരിയിൽ വൈകിട്ട് അഞ്ചരയോടെയാണ് മൃതദേഹങ്ങൾ സംസ്കരിച്ചത്.

പാലായിൽ എത്തിക്കുന്നതിനു മുൻപ് മൃതദേഹങ്ങൾ രാവിലെ 9.20 മുതൽ പത്തരവരെ ജിസ്മോളുടെ ഭർത്താവ് ജിമ്മിയുടെ ഇടവകയായ നീറിക്കാട് ലൂർദ് മാതാ പള്ളി ഹാളിൽ പൊതുദർശനത്തിന് വച്ചിരുന്നു. അതേസമയം, ജിമ്മിയുടെ വീട്ടിൽ മൃതദേഹങ്ങൾ കൊണ്ടുപോയില്ല. ഭർത്താവിന്റെ വീട്ടിൽ നേരിട്ട മാനസിക പീഡനത്തെത്തുടർന്നാണ് ജിസ്മോൾ മക്കളെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്തത്. ഇതേത്തുടർന്ന് ജിമ്മിയുടെ നാട്ടിലേക്ക് മൃതദേഹങ്ങൾ കൊണ്ടുവരില്ലെന്നും അവിടുത്തെ പള്ളിയിൽ സംസ്കാരം നടത്തില്ലെന്നും ജിസ്മോളുടെ കുടുംബം നിലപാടെടുത്തിരുന്നു. സഭാതലത്തിൽ രണ്ടുദിവസം നീണ്ട ചർച്ചയ്‌ക്കൊടുവിലാണ് നീറിക്കാട് ഒന്നര മണിക്കൂർ മൃതദേഹങ്ങൾ പൊതുദർശനത്തിനു വയ്ക്കാൻ തീരുമാനമായത്.

രാവിലെ 9 മണിക്ക് നീറിക്കാട് പൊതുദർശനം ആരംഭിക്കുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. എന്നാൽ മൃതദേഹങ്ങൾ 9.20 ഓടെയാണ് എത്തിച്ചത്. പത്തരയോടെ പൊതുദർശനം അവസാനിപ്പിച്ച് മൃതദേഹങ്ങൾ പാലായിലേക്ക് കൊണ്ടുപോകാനൊരുങ്ങിയതിനു പിന്നാലെ ജിസ്മോളുടെ ബന്ധുക്കളും ഭർത്താവിന്റെ ബന്ധുക്കളും തമ്മിൽ നേരിയ തോതിൽ സംഘർഷമുണ്ടായി. തുടർന്ന് ജനപ്രതിനിധികൾ ഇടപെട്ട് രംഗം ശാന്തമാക്കുകയായിരുന്നു. ജിസ്മോളുടെ മൂത്തമകളായ നേഹ പഠിച്ചിരുന്ന അങ്കണവാടിയിലെ സഹപാഠികൾ നേഹയ്ക്ക് അന്ത്യാഞ്ജലിയർപ്പിച്ച് പൂക്കൾ സമർപ്പിക്കാനെത്തിയത് വേദനിപ്പിക്കുന്ന കാഴ്ചയായി.

ക്നാനായ സഭ നേതൃത്വം നിയമങ്ങളിൽ വിട്ടുവീഴ്ച്ച ചെയ്തതോടെയാണ് ജിസ്മോളുടെ നാട്ടിലെ പള്ളിയിൽ മൃതദേ​ഹങ്ങൾ സംസ്കാരിക്കാൻ അവസരമൊരുങ്ങിയത്. ക്നാനായ കത്തോലിക്ക സഭയുടെ നിയമം അനുസരിച്ച് വിവാഹിതയായ സ്ത്രീയുടെ സംസ്കാര ചടങ്ങുകൾ നടത്തേണ്ടത് ഭർത്താവിന്റെ ഇടവക പള്ളിയിലാണ്. എന്നാൽ, ജിസ്മോളുടെയും മക്കളുടെയും മരണത്തിന് കാരണം ഭർത്താവും വീട്ടുകാരുമാണെന്നാരോപിച്ച യുവതിയുടെ കുടുംബം സംസ്കാര ചടങ്ങുകൾ ജിസ്മോളുടെ ഭർത്താവിന്റെ ഇടവക പള്ളിയിൽ നടത്താനാകില്ലെന്ന നിലപാടെടുത്തു. ഇതേ തുടർന്ന് സഭാ നേതൃത്വം രണ്ട് ദിവസത്തോളം നടത്തിയ ചർച്ചകളുടെയും കൂടിയാലോചനകളുടെയും ഒടുവിലാണ് ജിസ്മോളുടെ ജന്മനാട്ടിലെ പള്ളിസെമിത്തേരിയിൽ സംസ്കാരം നടത്താൻ അനുമതി നൽകിയത്.

ഏറ്റുമാനൂർ നീറിക്കാട് തൊണ്ണൻമാവുങ്കൽ ജിമ്മിയുടെ ഭാര്യയായ ജിസ്‌മോൾ തോമസ്, മക്കളായ നോഹ(5), നോറ(2) എന്നിവരാണ് ചൊവ്വാഴ്ച്ച ഉച്ചയോടെ മീനച്ചിലാറ്റിൽ ചാടി മരിച്ചത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് ജിസ്മോൾ കുഞ്ഞുങ്ങളുമായി മീനച്ചിലാറ്റിൽ ചാടിയത്. പുഴയിൽ ചൂണ്ടയിടാനെത്തിയവരാണ് ഒഴുകി എത്തുന്ന നിലയിൽ ജിസ്മോളെയും കുഞ്ഞുങ്ങളെയും കണ്ടത്. തുടർന്ന് ഏറെനേരത്തെ പരിശ്രമത്തിനൊടുവിൽ കരയ്‌ക്ക് എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.

രാവിലെ വീട്ടിൽവെച്ച് കൈത്തണ്ടമുറിച്ചും മക്കൾക്ക് വിഷംനൽകിയും ആത്മഹത്യാശ്രമം നടത്തിയ ജിസ്‌മോൾ, ഇത് പരാജയപ്പെട്ടതോടെ സ്‌കൂട്ടറിലാണ് പള്ളിക്കുന്ന് കടവിൽ എത്തിയത്. ഇവരുടെ സ്‌കൂട്ടർ റോഡരികിൽ നിർത്തിയിട്ടനിലയിൽ കണ്ടെത്തിയിരുന്നു. മുത്തോലി ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റാണ് ജിസ്‌മോൾ തോമസ്. ഹൈക്കോടതിയിലും പാലാ കോടതിയിലും അഭിഭാഷകയായി പ്രവർത്തിച്ചുവരികയായിരുന്നു. കുടുംബപ്രശ്‌നങ്ങൾ ജിസ്‌മോളെ അലട്ടിയിരുന്നതായാണ് പോലീസ് പറയുന്നത്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്നും അയർക്കുന്നം പോലീസ് വ്യക്തമാക്കി.

ഭർത്താവിന്റെ അമ്മയ്ക്ക് അർബുദ ചികിത്സയുമായി ബന്ധപ്പെട്ട് വീട്ടുകാർ രാവിലെ ആശുപത്രിയിൽ പോയിരുന്നു. അവർ എത്തുന്നതിന് മുമ്പാണ് ആത്മഹത്യ. സ്‌കൂട്ടറിൽ മക്കളുമായി എത്തിയ ജിസ്മോൾ, മീനച്ചിലാറിന്റെ സംരക്ഷണവേലി കടന്ന് ആഴം കൂടിയ അപകടമേഖലയായ പുളിങ്കുന്ന് കടവിലേക്ക് ഇറങ്ങുകയായിരുന്നു. ഇവർ ഇറങ്ങിപ്പോകുന്നത് മറ്റാരും കണ്ടിരുന്നില്ല. ഉച്ചയ്ക്ക് ശേഷം ഏറ്റുമാനൂർ പേരൂർ കണ്ണമ്പുരക്കടവിലാണ് ഒഴുകിയെത്തുന്ന നിലയിൽ കുട്ടികളെ ആദ്യം കണ്ടത്. രണ്ടു കുട്ടികളെയും കരയ്‌ക്കെത്തിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു ഇതോടെ നാട്ടുകാർ ചേർന്ന് തിരച്ചിൽ നടത്തി.

ഈ സമയത്ത് ജിസ്‌മോളെ ആറുമാനൂർ ഭാഗത്തുനിന്നു നാട്ടുകാർ കണ്ടെത്തി. തുടർന്ന് ഇവരെയും ആശുപത്രിയിൽ എത്തിച്ചു. ഇതിനു ശേഷം നടത്തിയ പരിശോധനയിൽ കണ്ണമ്പുര ഭാഗത്തുനിന്ന് ഇവരുടേതെന്നു കരുതുന്ന സ്‌കൂട്ടർ കണ്ടെത്തി. സ്‌കൂട്ടറിൽ അഭിഭാഷകയുടെ ചിഹ്നം അടങ്ങിയ സ്റ്റിക്കർ പതിച്ചിരുന്നു.

മുത്തോലി പഞ്ചായത്ത് മുൻ അംഗമായിരുന്ന ജിസ്‌മോൾ, 2019 – 2020 കാലയളവിൽ പഞ്ചായത്ത് പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്. ജിസ്‌മോളുടെ ഭർത്താവിൽ നിന്നും മാതാപിതാക്കളിൽ നിന്നും പൊലീസ് മൊഴിയെടുത്തു. മരിച്ച ജിസ്മോളുടെ ഭർത്താവ് ജിമ്മിയോടും ചില ബന്ധുക്കളോടും പൊലീസ് വിവരങ്ങൾ തേടിയിട്ടുണ്ട്. ജിമ്മി ഉൾപ്പെടെയുള്ളവരുടെ വിശദമായ മൊഴിയെടുക്കാനാണ് പൊലീസിന്റെ നീക്കം.ചില കുടുംബ പ്രശ്നങ്ങളാണ് ആത്മഹത്യക്ക് കാരണമെന്നാണ് പൊലീസിന് കിട്ടിയ പ്രാഥമിക വിവരം. പക്ഷെ ആത്മഹത്യയിലേക്ക് നയിക്കാനുള്ള പ്രകോപനം എന്താണെന്ന് വ്യക്തതയില്ല.

ഭർത്താവിന്റെ വീട്ടിൽ നേരിട്ട മാനസിക പീഡനത്തെത്തുടർന്നാണ് ജിസ്മോൾ മക്കളെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്തത് എന്നാണ് യുവതിയുടെ കുടുംബം ആരോപിക്കുന്നത്. നിറത്തിന്റെ പേരിലും സാമ്പത്തിക സ്ഥിതിയുടെ പേരിലും ഭർത്താവിന്റെ വീട്ടിൽ ജിസ്മോൾ മാനസിക പീഡനം നേരിട്ടിരുന്നുവെന്ന് സഹോദരൻ ജിറ്റു തോമസ് പറഞ്ഞു. പീഡനങ്ങളുടെ വിവരങ്ങൾ ജിസ്‌മോളുടെ അച്ഛനും സഹോദരനും ഏറ്റുമാനൂർ പൊലീസിൽ മൊഴി നൽകിയിട്ടുണ്ട്. മരിക്കുന്നതിന് രണ്ടുദിവസം മുൻപ് മുതൽ ജിസ്മോളെ ഫോണിൽ ബന്ധപ്പെടാൻ കഴിഞ്ഞിരുന്നില്ലെന്നും ഇവർ പൊലീസിനോട് പറഞ്ഞു.

ജിസ്മോളുടെ ഫോൺ ഭർത്താവ് ജിമ്മി വാങ്ങിവച്ചിരുന്നതായി സംശയിക്കുന്നുണ്ട്. പലതവണ ജിസ്‌മോളെ ഭർതൃവീട്ടിൽ നിന്ന് കൂട്ടികൊണ്ട് വരാൻ ശ്രമിച്ചിരുന്നുവെന്നും സഹോദരൻ പറഞ്ഞു. വീട്ടിൽ വച്ച് കൈ ഞെരമ്പ് മുറിച്ച് കുട്ടികൾക്ക് വിഷം നൽകിയ ശേഷം ജിസ്മോൾ പുഴയിൽ ചാടുകയായിരുന്നു. ഉടൻ തന്നെ രക്ഷാപ്രവർത്തനം നടത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Leave a Reply

Your email address will not be published. Required fields are marked *

Related Posts