Your Image Description Your Image Description

ജില്ലാതല സ്വാതന്ത്ര്യദിനാഘോഷ പരിപാടികളുടെ ഭാഗമായി മലപ്പുറം എം.എസ്.പി ഗ്രൗണ്ടില്‍ നടക്കുന്ന പരേഡില്‍ റവന്യൂ മന്ത്രി കെ.രാജന്‍ പതാക ഉയര്‍ത്തും. എം.എസ്.പി. അസിസ്റ്റന്റ് കമാന്‍ഡന്റ് പരേഡ് കമാന്‍ഡറാകും. പരേഡില്‍ സായുധ പൊലീസ്, എം എസ് പി, പ്രാദേശിക പൊലീസ്, റിസര്‍വ് പൊലീസ്, എക്‌സൈസ്, വനിതാ പൊലീസ്, ഫോറസ്റ്റ്, ഫയര്‍ഫോഴ്‌സ്, എന്‍.സി.സി, എസ്.പി.സി, സ്‌കൗട്ട്‌സ് ആന്റ് ഗൈഡ്‌സ്, ജൂനിയര്‍ റെഡ് ക്രോസ് തുടങ്ങിയ വിവിധ പ്ലാറ്റൂണുകള്‍ അണിനിരക്കും. മലപ്പുറം നഗരസഭാ പരിധിയിലെ വിവിധ വിദ്യാലയങ്ങളില്‍ നിന്നുള്ള കുട്ടികള്‍ പങ്കെടുക്കുന്ന പ്രഭാതഭേരിയോടെയാണ് ആഘോഷങ്ങള്‍ക്ക് തുടക്കമാവുക.

രാവിലെ 7.15 ന് സിവില്‍ സ്റ്റേഷന്‍ പരിസരത്ത് നിന്ന് ആരംഭിക്കുന്ന പ്രഭാതഭേരി പെരിന്തല്‍മണ്ണ റോഡിലൂടെ എം.എസ്.പി പരേഡ് ഗ്രൗണ്ടിലെത്തും. രാവിലെ സിവില്‍സ്റ്റേഷനിലുള്ള യുദ്ധസ്മാരകത്തില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷമാണ് മന്ത്രി പരേഡ് ഗ്രൗണ്ടിലെത്തുക. തുടര്‍ന്ന് പതാക ഉയര്‍ത്തും. വിവിധ സേനകളുടെ സല്യൂട്ട് സ്വീകരിച്ച ശേഷം മന്ത്രി സ്വാതന്ത്ര്യദിന സന്ദേശം നല്‍കും. പരേഡിലെ വിജയികള്‍ക്കുള്ള സമ്മാന വിതരണവുമുണ്ടാകും. പ്രഭാതഭേരിയില്‍ മികച്ച പ്രകടനം നടത്തുന്ന ടീമിനും, പരേഡിലെ മികച്ച സേനാ വിഭാഗത്തിനും സമ്മാനം നല്‍കും.
പരേഡില്‍ പങ്കെടുക്കുന്ന സ്‌കൂള്‍, കോളെജ് വിദ്യാര്‍ഥികള്‍ക്ക് ഓഗസ്റ്റ് 11, 12 തിയതികളില്‍ വൈകുന്നേരം മൂന്നിന് എം എസ് പി ഗ്രൗണ്ടില്‍ പരിശീലനം നല്‍കും. 13ന് ഡ്രസ്സ്‌ റിഹേഴ്സൽ നടക്കും. സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഒരുക്കങ്ങൾ വിലയിരുത്താന്‍ ജില്ലാ കളക്ടർ വി.ആര്‍.വിനോദിന്റെ നേതൃത്വത്തിൽ ചേർന്ന യോഗത്തില്‍ എ ഡി എം എന്‍ എം മെഹറലി, പെരിന്തല്‍മണ്ണ സബ്കളക്ടര്‍ സാക്ഷി മോഹന്‍,ദുരന്തനിവാരണവിഭാഗം ഡെപ്യൂട്ടി കളക്ടര്‍ സ്വാതി ചന്ദ്രമോഹന്‍, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Related Posts