Your Image Description Your Image Description

ന്യൂഡൽഹി: ന്യൂഡൽഹിയിൽ നടപ്പാക്കിയ കാലപ്പഴക്കം ചെന്ന വാഹനങ്ങൾക്ക് ഇന്ധനം നൽകില്ലെന്ന നിയമം പിൻവലിച്ച് ഡൽഹി ഗവണ്മെന്റ്. ജനരോഷം ശക്തമായതോടെയാണ് പഴയ വാഹനങ്ങൾക്ക് നഗരത്തിലെ പമ്പുകളിൽ ഇന്ധനം നിറയ്ക്കുന്നത് വിലക്കുന്ന വിവാദ ഉത്തരവ് ഡൽഹി സർക്കാർ പിൻവലിച്ചത്. ഇത്തരം ഇന്ധന നിരോധനം നടപ്പാക്കാൻ പ്രയാസമാണെന്നും സാങ്കേതിക വെല്ലുവിളികളുണ്ടെന്നും പരിസ്ഥിതി മന്ത്രി മഞ്ജീന്ദർ സിങ് സിർസ മാധ്യമപ്രവർത്തകരോട് പറഞ്ഞു. വാഹനങ്ങൾ നന്നായി പരിപാലിക്കുന്നവരെ ശിക്ഷിക്കുന്നതിനു പകരം മോശം അവസ്ഥയിലുള്ള വാഹനങ്ങൾ പിടിച്ചെടുക്കുന്നതിനുള്ള ഒരു സംവിധാനം ആലോചിക്കുന്നതായും അദ്ദേഹം അറിയിച്ചു.

15 വർഷത്തിൽ കൂടുതൽ പഴക്കമുള്ള പെട്രോൾ വാഹനങ്ങൾക്കും 10 വർഷത്തിൽ കൂടുതൽ പഴക്കമുള്ള ഡീസൽ വാഹനങ്ങൾക്കും ഇന്ധനം നൽകരുതെന്നായിരുന്നു സർക്കാർ നിർദേശം. വായു മലിനീകരണം ലഘൂകരിക്കുന്നതിന്റെ ഭാ​ഗമായാണ് ജൂലായ് ഒന്നു മുതൽ കാലപ്പഴക്കം ചെന്ന വാഹനങ്ങൾക്ക് കർശന നിയന്ത്രണം ഡൽഹി സർക്കാർ ഏർപ്പെടുത്തിയത്. ഇത്തരം വാഹനങ്ങള്‍ക്ക് ഇന്ധനം നല്‍കരുതെന്നായിരുന്നു പമ്പുടമകള്‍ക്ക് നല്‍കിയ നിർദേശം.

എന്നാൽ, ഇതിനെതിരേ വലിയ പൊതുജനരോക്ഷമാണ് ഉയർന്നത്. ഒട്ടേറെപേർ സാമൂഹികമാധ്യമങ്ങളിൽ രോക്ഷം പ്രകടിപ്പിച്ചു. സർക്കാർ നയത്തെച്ചൊല്ലി ചൂടേറിയ സംവാദങ്ങളും നടന്നു. എട്ട് വർഷം പഴക്കമുള്ള റേഞ്ച് റോവർ ചെറിയ വിലയ്ക്ക് വിൽപനയ്ക്ക് വെച്ചെന്ന ഉടമയുടെ പോസ്റ്റും 2015-ൽ വാങ്ങിയ തന്റെ മെഴ്‌സിഡീസ് ബെൻസ് ML350 തുച്ഛമായ വിലയ്ക്ക് വിൽക്കേണ്ടി വന്നുവെന്ന മറ്റൊരു ഉടമയുടെ പോസ്റ്റും വിലയ ചർച്ചയായി. തന്റെ പിതാവിന്റെ നല്ല രീതിയിൽ പരിപാലിക്കപ്പെട്ട 16 വർഷം പഴക്കമുള്ള മെഴ്‌സിഡസ്-ബെൻസ് E 280 V6-നെ ഒരു “വിന്റേജ് സ്ക്രാപ്പ്” എന്ന് മുദ്രകുത്താൻ നിർബന്ധിതനായതിലുള്ള അമർഷം മറ്റൊരു വ്യക്തിയും പ്രകടിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Related Posts