തൃശ്ശൂർ: ഗുരുവായൂർ ക്ഷേത്രദർശനവുമായി ബന്ധപ്പെട്ട വിവാദത്തിൽ മുഖ്യമന്ത്രിക്ക് അനുകൂലമായ വിശദീകരണവുമായി ഗുരുവായൂർ ദേവസ്വം ബോർഡ്. ക്ഷേത്ര സന്ദർശനത്തിനിടെ ആചാരലംഘനമോ നിയമലംഘനമോ ഉണ്ടായിട്ടില്ലെന്ന് ദേവസ്വം ബോർഡ് ചെയർമാൻ എ.വി. ഗോപിനാഥ് അറിയിച്ചു.
മുഖ്യമന്ത്രി നിയമാനുസൃതമായി പാസ് എടുത്ത ശേഷമാണ് ദർശനം നടത്തിയതെന്നാണ് ദേവസ്വത്തിന്റെ കണ്ടെത്തൽ. സംഭവവുമായി ബന്ധപ്പെട്ട് ഗോപുരം മാനേജരുടെയും സുരക്ഷാ ജീവനക്കാരുടെയും മൊഴി ദേവസ്വം ബോർഡ് രേഖപ്പെടുത്തിയിരുന്നു.
മുഖ്യമന്ത്രി അഞ്ച് പേർക്ക് അനുവദിക്കുന്ന നെയ്‌വിളക്ക് ചീട്ട് എടുത്താണ് ക്ഷേത്രത്തിൽ പ്രവേശിച്ചതെന്ന് അന്വേഷണത്തിൽ വ്യക്തമായതായി ചെയർമാൻ പറഞ്ഞു. എന്നാൽ മുഖ്യമന്ത്രിയുൾപ്പെടെ നാല് പേരാണ് ദർശനത്തിനായി അകത്ത് കടന്നതെന്നും, മറ്റ് ഭക്തർക്ക് തടസ്സമുണ്ടായെന്ന പരാതിയൊന്നും ലഭിച്ചിട്ടില്ലെന്നും സുരക്ഷാ ജീവനക്കാർ മൊഴി നൽകിയതായി അദ്ദേഹം വ്യക്തമാക്കി.
മന്ത്രി എ.പി. അനിൽകുമാറിന്റെ മകന്റെ വിവാഹ ചടങ്ങിനായാണ് മുഖ്യമന്ത്രി ഗുരുവായൂരിലെത്തിയത്. വിഐപി ദർശനത്തിന് നിയന്ത്രണമുള്ള ഞായറാഴ്ച രാവിലെ ദർശനം നടത്തിയതോടെയാണ് വിവാദം ഉയർന്നത്. മുഖ്യമന്ത്രിയുടെ സന്ദർശനം കാരണം പുലർച്ചെ മുതൽ കാത്തുനിന്ന ഭക്തർക്ക് ബുദ്ധിമുട്ടുണ്ടായെന്നാരോപിച്ച് ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ ബി. ഗോപാലകൃഷ്ണൻ പരാതി നൽകിയിരുന്നു.
എന്നാൽ, നെയ്‌വിളക്ക് ചീട്ട് എടുത്ത ശേഷമാണ് ദർശനം നടത്തിയതെന്ന് മുഖ്യമന്ത്രി നേരത്തെ വിശദീകരിച്ചിരുന്നു. ഗുരുവായൂർ ദേവസ്വം അഡ്മിനിസ്ട്രേറ്റർ ഒ.ബി. അരുണ്‍കുമാറും ഇത് ശരിവച്ചു.
ക്ഷേത്രത്തിൽ നെയ്‌വിളക്ക് ചീട്ട് എടുക്കുന്നവർക്ക് പ്രത്യേകമായി വരിനിൽക്കാതെ ദർശനം നടത്താൻ സാധിക്കുന്ന രീതിയാണ് നിലവിലുള്ളതെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയെ സ്ഥിരമായി അനുഗമിക്കുന്ന മുൻ ദേവസ്വം ജീവനക്കാരൻ ടി.കെ. ഗോപാലകൃഷ്ണനാണ് അഞ്ച് നെയ്‌വിളക്കിന് ചീട്ട് എടുത്തതെന്നും, അനുവദിച്ച പരിധിക്കുള്ളിൽ മാത്രമാണ് ദർശനം നടന്നതെന്നും ദേവസ്വം വിശദീകരിച്ചു.
