Home » Blog » Kerala » “കൂടെയുണ്ടെന്ന് പറഞ്ഞ ഉറപ്പ് മുഖ്യമന്ത്രി പാലിച്ചു, ആരോ​ഗ്യമന്ത്രി കൂടെയുണ്ടെന്ന് ഇപ്പോൾ തോന്നി’; ഹർഷിന ജോലിയിൽ പ്രവേശിച്ചു
6

കോഴിക്കോട്: പ്രസവ ശസ്ത്രക്രിയയ്ക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയതിനെ തുടർന്ന് നീണ്ട ഒൻപത് വർഷക്കാലം ദുരിതമനുഭവിച്ച ഹർഷിന ഇന്ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ ജോലിയിൽ പ്രവേശിച്ചു. ഓഫീസ് അറ്റൻഡറായാണ് ഹർഷിന ചുമതലയേറ്റത്. പുതിയ യുഡിഎഫ് സർക്കാർ അധികാരമേറ്റതിന് തൊട്ടുപിന്നാലെ ഹർഷിനയ്ക്ക് അതേ മെഡിക്കൽ കോളേജിൽ തന്നെ സ്ഥിരം ജോലി നൽകാൻ സർക്കാർ തീരുമാനിക്കുകയായിരുന്നു. ആരോഗ്യവകുപ്പ് മന്ത്രി കെ. മുരളീധരൻ ഇന്നലെയാണ് നിയമന ഉത്തരവ് കൈമാറിയത്.

ഇന്ന് ജോലിയിൽ പ്രവേശിക്കാനായി സമരസമിതി നേതാക്കൾക്കും ബന്ധുക്കൾക്കുമൊപ്പം മെഡിക്കൽ കോളേജിലെത്തിയ ഹർഷിന വികാരാധീനയായാണ് മാധ്യമങ്ങളോട് പ്രതികരിച്ചത്. “കൂടെയുണ്ട് കൂടെയുണ്ട് എന്ന് പറഞ്ഞ് തങ്ങളെ അവഗണിക്കുകയും പുച്ഛിച്ചു തള്ളുകയും ചെയ്ത മുൻ അധികാരികൾക്കുള്ള ശക്തമായ മറുപടിയാണിത്,” – എന്ന് ഹർഷിന പറഞ്ഞു. “കൂടെയുണ്ടെന്ന് പറഞ്ഞ ഉറപ്പ് മുഖ്യമന്ത്രി പാലിച്ചു. ആരോ​ഗ്യമന്ത്രി കൂടെയുണ്ടെന്ന് ഇപ്പോൾ തോന്നി. ഒൻപത് വർഷം മരണം മുന്നിൽക്കണ്ടു ജീവിച്ചതിനൊടുവിൽ സത്യം വിജയിച്ചു. കുറ്റക്കാർക്കെതിരെയുള്ള കേസ് കോടതിയിൽ ശക്തമായി തന്നെ മുന്നോട്ട് കൊണ്ടുപോകും.” – ഹർഷിന കൂട്ടിച്ചേർത്തു.

2017ൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ നടന്ന പ്രസവ ശസ്ത്രക്രിയയ്ക്കിടെയാണ് ഹർഷിനയുടെ വയറ്റിൽ കത്രിക കുടുങ്ങുന്നത്. തുടർന്ന് 2022-ൽ മറ്റൊരു ശസ്ത്രക്രിയയിലൂടെയാണ് ഇത് പുറത്തെടുത്തത്. മതിയായ നഷ്ടപരിഹാരവും നീതിയും ആവശ്യപ്പെട്ട് ഹർഷിന നടത്തിയ നീണ്ട നിയമ-സമര പോരാട്ടങ്ങൾക്കൊടുവിലാണ് ഇപ്പോൾ പുതിയ സർക്കാർ ഹർഷിനയ്ക്ക് സ്ഥിരം ജോലി നൽകിയത്.