Your Image Description Your Image Description

ഖര മാലിന്യ സംസ്കരണത്തിൽ മാതൃകയായി എടക്കാട്ടുവയൽ ഗ്രാമ പഞ്ചായത്തിലെ ഹരിത കർമ്മ സേനാംഗങ്ങൾ. പഞ്ചായത്തിലെ വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നുമായി കഴിഞ്ഞ സാമ്പത്തിക വർഷം 35 ടൺ മാലിന്യങ്ങളാണ് ഹരിത കർമ്മ സേനാംഗങ്ങൾ ശേഖരിച്ച് സംസ്കരണത്തിനായി നൽകിയത്. ഇതു വഴി 80,000 രൂപയോളമാണ് ഹരിത കർമ്മസേനക്ക് ലഭിച്ചത്.

പഞ്ചായത്തിലെ 14 വാർഡുകളിൽ നിന്നായി 23 ഹരിത കർമ്മ സേന പ്രവർത്തകർ മുഖേനയാണ് അജൈവമാലിന്യങ്ങൾ ശേഖരിക്കുന്നത്. മാസത്തിൽ 15 ദിവസം വീടുകളിൽ നിന്നും വ്യാപാരസ്ഥാപനങ്ങളിൽ നിന്നും മാലിന്യം ശേഖരിക്കുകയും 15 ദിവസം ശേഖരിച്ച മാലിന്യങ്ങൾ സംസ്കരിക്കുകയുമാണ് ചെയ്യുന്നത്.

വാതില്‍പ്പടി മാലിന്യ ശേഖരണത്തിലൂടെ ശേഖരിക്കുന്ന മാലിന്യങ്ങൾ മിനി മെറ്റീരിയല്‍ കളക്ഷന്‍ ഫെസിലിറ്റിയില്‍ എത്തിക്കുകയും അവിടെനിന്ന് ക്ലീൻ കേരള കമ്പനിക്ക് കൈമാറുകയും ചെയ്യുന്നു.

മാലിന്യ ശേഖരണം മാത്രമല്ല പഞ്ചായത്തിലെ ഹരിത കർമ്മ സേനയുടെ ജോലി. മാലിന്യ സംസ്കരണത്തിനു ശേഷം പഞ്ചായത്തിന്റെ നേതൃത്വത്തിൽ ആരംഭിച്ച സ്വാപ് ഷോപ്പിന്റെ നേതൃത്വവും ഹരിത കർമ്മ സേനയ്ക്കാണ്. മല്ലിപ്പൊടിയും മുളകുപൊടിയും വെളിച്ചെണ്ണ തുടങ്ങിയോ ഉപയോഗസാധനങ്ങൾ കുറഞ്ഞ നിരക്കിൽ ഇവിടെ നിന്നും പൊതുജനങ്ങൾക്ക് ലഭ്യമാക്കുന്നു. കൂടാതെ മാലിന്യം കമ്പോസ്റ്റ് ആക്കുന്നതിനുള്ള ഇനോക്കുലവും ലഭിക്കും. ഹരിത മിത്രം ആപ്പ് 100% പൂർത്തീകരിച്ചു.

ഹരിത കര്‍മസേനയെ കൂടുതല്‍ സജീവമാക്കാനുള്ള പ്രവർത്തനങ്ങളാണ് പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ നടത്തിവരുന്നതെന്ന് പ്രസിഡൻ്റ് കെ ആർ ജയകുമാർ പറഞ്ഞു. അവര്‍ക്ക് യൂണിഫോം, ബാഡ്ജ്, കൈയ്യുറകള്‍ എന്നിവ വിതരണം ചെയ്തു. ഹരിത കര്‍മസേനയുടെ പ്രവര്‍ത്തനം പഞ്ചായത്തിലെ എല്ലാ വാര്‍ഡുകളിലും എത്തിക്കുന്നതിനും സാധിച്ചു. കൂടാതെ ഹരിത കർമ്മ സേനയ്ക്കായി ഇലക്ട്രോണിക് വാഹനവും നൽകിയിട്ടുണ്ട്. മാലിന്യ സംസ്കരണത്തിൽ 100 ശതമാനം വിജയമാണ് ലക്ഷ്യമിടുന്നതെന്നും പ്രസിഡൻ്റ് പറഞ്ഞു.

Related Posts