Your Image Description Your Image Description

മാലിന്യ സംസ്‌കരണം തദ്ദേശ സ്ഥാപനങ്ങൾക്ക് കീറാമുട്ടിയാകുന്ന കാലത്ത് ഒരു നാട് മുന്നിട്ടിറങ്ങി തങ്ങളുടെ ഗ്രാമത്തെ മാലിന്യമുക്തമാക്കിയ കാഴ്ചയാണ് പിണറായി പഞ്ചായത്തിലെ പാനുണ്ട ഗ്രാമത്തിന് പങ്കുവക്കാനുള്ളത്. സന്നദ്ധപ്രവർത്തനത്തിലൂടെ ഗ്രാമത്തിലെ പൊതു ഇടങ്ങളും റോഡും മാലിന്യ മുക്തമാക്കിയ ഈ നാട് ശുചിത്വ പ്രവർത്തനങ്ങളിൽ ഒരു പടികൂടി കടന്ന് എല്ലാ വീടുകളും ഹരിത ഭവനമാക്കി മാറ്റുന്നതിനുള്ള പദ്ധതി നടപ്പാക്കുന്നു. ഇതിനായി ‘ക്ലീൻ ഗ്രീൻ പാനുണ്ട’ കൂട്ടായ്മയുടെ നേതൃത്വത്തിൽ ഓരോ വീടുകളിലും മാലിന്യം നിക്ഷേപിക്കാനുള്ള ബക്കറ്റുകൾ നൽകുന്ന പദ്ധതിക്ക് ആഗസ്റ്റ് 15 തുടക്കം കുറിക്കും.

പ്ലാസ്റ്റിക്, ലതർ, കുപ്പി എന്നീ വസ്തുകൾ വേർതിരിച്ച് നിക്ഷേപിക്കുന്നതിനായി മൂന്നുവീതം ബക്കറ്റുകൾ ഓരോ വീട്ടിലും നൽകും. ആദ്യഘട്ടത്തിൽ 100 ഓളം വീടുകൾക്കാണ് ബക്കറ്റുകൾ നൽകുക. ഘട്ടം ഘട്ടമായി പാനുണ്ടയിലെ മുഴുവൻ വീടുകളിലേക്കും പദ്ധതി വ്യാപിപ്പിക്കും. വീട്ടുടമകളിൽ നിന്ന് ചെറിയ തുക ഈടാക്കിയാണ് ബക്കറ്റുകൾ നൽകുന്നത്. തരം തിരിച്ചുള്ള മാലിന്യം ഹരിതകർമ്മ സേന വീടുകളിൽ നിന്ന് ശേഖരിക്കും. പദ്ധതി ആഗസ്റ്റ് 15 ന് രാവിലെ പത്തിന് ബി.യു.പി. സ്‌കൂളിൽ നടക്കുന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ.ബിനോയ് കുര്യൻ ഉദ്ഘാടനം ചെയ്യും.

 

കൂട്ടായ പരിശ്രമം എങ്ങനെ ഒരു നാടിനെയും നാട്ടുവഴികളെയും മാലിന്യമുക്തവും സുന്ദരവുമാക്കി എന്ന് പാനുണ്ട നേരത്തെ കാട്ടിത്തന്നിട്ടുണ്ട്. റോഡ് നീളെ മാലിന്യ കെട്ടുകളോ, നായ്ക്കൾ കടിച്ചുവലിക്കുന്ന ഭക്ഷണ അവശിഷ്ടങ്ങളടങ്ങിയ പ്ലാസ്റ്റിക് കവറുകളോ ഇവിടെയില്ല. കരിയിലകളും മാലിന്യവും അടിഞ്ഞ് ഒഴുക്ക് നിലച്ച ഓവുചാലുകളുമില്ല. പകരം മനോഹരമായ ചെടികൾ കൊണ്ട് മോടി പിടിപ്പിച്ച കൈവരികളോട് കൂടിയ നടപ്പാതയും ഓരത്തായി മനോഹരമായ ആൽത്തറയും പടവുകൾ കെട്ടി ചുറ്റും തറയോട് പാകിയ കുളവും. എല്ലാ ഞായറാഴ്ചകളിലും പ്രദേശവാസികളായ സ്ത്രീകളും കുട്ടികളും പുരുഷന്മാരും ഉൾപ്പെടുന്ന സംഘം പാനുണ്ട ലൈബ്രറി മുതൽ ബി.യു.പി സ്‌കൂൾ വരെ രണ്ടു കിലോമീറ്ററോളം ദൂരം റോഡിന് ഇരുപുറവും കരിയിലയും ചപ്പ് ചവറുകളും നീക്കി വൃത്തിയാക്കും. ചെടികൾ പരിപാലിക്കും. റോഡരികിൽ വേസ്റ്റ് നിക്ഷേപിക്കാനായി ബിന്നുകൾ സ്ഥാപിച്ചു. ഇതിലുള്ള അവശിഷ്ടങ്ങൾ ശേഖരിച്ച് ഹരിതചട്ടം പാലിച്ച് സംസ്‌കരിക്കും.

Related Posts