Your Image Description Your Image Description

ചില മോശം സുഹൃത്തുക്കൾ തന്റെ ജീവിതത്തിലേക്ക് കടന്നുവന്നു എന്ന് ഇന്ത്യൻ യുവതാരം പൃഥ്വി ഷാ പറഞ്ഞു. നല്ലൊരു ക്രിക്കറ്റ് കരിയർ താൻ സ്വയം തുലച്ച് കളഞ്ഞെന്നും താരം പറഞ്ഞു. ഒരു അഭിമുഖത്തിലാണ് പൃഥ്വി ഷാ തുറന്ന് പറച്ചിൽ നടത്തിയത്.

ജീവിതത്തിൽ ഞാൻ ചില തെറ്റായ തീരുമാനങ്ങളെടുത്തു. ക്രിക്കറ്റിനായി ഞാൻ ചിലവഴിക്കുന്ന സമയത്തിൽ കുറവുണ്ടായി. 2023 വരെ ഒരു ദിവസത്തിന്റെ പകുതിയോളം സമയം ഞാൻ ക്രിക്കറ്റിനായി ചിലവഴിക്കുമായിരുന്നു. എന്നാൽ അതിന് ശേഷമാണ് ഞാൻ തെറ്റായ കാര്യങ്ങളിലേക്ക് നീങ്ങിയത്. ആ സമയത്ത് ചില മോശം സുഹൃത്തുക്കൾ എന്റെ ജീവിതത്തിലേക്ക് കടന്നുവന്നു. ക്രിക്കറ്റ് ലോകത്ത് എന്‍റെ പേര് നിറഞ്ഞ് നില്‍ക്കുന്ന കാലമായിരുന്നു അത്. ഈ സുഹൃത്തുക്കൾ എന്നെ തേടി വന്നതിനും കാരണം അതായിരുന്നു. ഇതോടെ ജീവിതത്തെ പതിയെ അലസത ബാധിച്ചു തുടങ്ങി. അന്നൊക്കെ ദിവസവും എട്ട് മണിക്കൂർ ഞാന്‍ പരിശീലനം നടത്തിയിരുന്നു. അത് നാല് മണിക്കൂറായി ചുരുങ്ങി,’ പൃഥ്വി ഷാ പറഞ്ഞു.

കൂട്ടുകെട്ടുകൾ മാത്രമല്ല മറ്റൊരുപാട് കാര്യങ്ങൾ എന്റെ കരിയറിന് തിരിച്ചടിയായിട്ടുണ്ട്. അതിലൊന്ന് മുത്തശ്ശന്‍റെ മരണമാണ്. എപ്പോഴും അദ്ദേഹം എനിക്ക് വലിയ പിന്തുണ നൽകിയിരുന്നു. അത് പെട്ടെന്ന് നഷ്മായി. ഒരുപാട് കാര്യങ്ങൾ എനിക്ക് തുറന്നുപറയാൻ കഴിയില്ല. എങ്കിലും കരിയറില്‍ തിരിച്ചടിയായ കാര്യങ്ങൾ ഞാൻ ഇപ്പോള്‍ മനസിലാക്കുന്നു. എന്റെ തെറ്റുകൾ ഞാൻ മനസിലാക്കുന്നു. എപ്പോഴും എന്റെ പിതാവിന്റെ പിന്തുണ എനിക്കുണ്ടായിരുന്നു. മോശം സമയങ്ങളിലൊക്കെ അദ്ദേഹം എനിക്കൊപ്പം നിന്നു,‘ പൃഥ്വി ഷാ കൂട്ടിച്ചേർത്തു.

അതേസമയം താരം ആഭ്യന്തര ക്രിക്കറ്റിൽ മുംബൈ ടീം വിടാൻ ഒരുങ്ങുകയാണ്. ഇതിന് പിന്നാലെയാണ് പൃഥ്വി ഷായുടെ തുറന്നുപറച്ചിൽ. മറ്റൊരു സംസ്ഥാനത്തിനായി കളിക്കാൻ അവസരം ലഭിച്ചിട്ടുണ്ടെന്ന് സൂചിപ്പിച്ചുകൊണ്ട് താരം മുംബൈ ക്രിക്കറ്റ് അസോസിയേഷന് കത്തയച്ചിരുന്നു.

കഴിഞ്ഞ വർഷം മുംബൈ ടീമിനായി വിജയ് ഹസാരെ ട്രോഫി, രഞ്ജി ട്രോഫി ടൂർണമെന്റുകളിൽ കളിക്കാൻ ഷായ്ക്ക് അവസരം ലഭിച്ചിരുന്നില്ല. ഇതോടെ മുംബൈ വിടുകയാണെന്ന് താരം അറിയിച്ചു. ഏത് ടീമിലേക്കാണ് പോകുന്നതെന്ന് പൃഥ്വി ഷാ വ്യക്തമാക്കുന്നില്ല.

Leave a Reply

Your email address will not be published. Required fields are marked *