Your Image Description Your Image Description

വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് നിരയിലെ സൂപ്പര്‍ താരം ആന്ദ്രേ റസ്സല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചു. 37-ാം വയസിലാണ് റസ്സലിന്റെ വിരമിക്കല്‍ പ്രഖ്യാപനം വന്നിരിക്കുന്നത്. ഓസ്‌ട്രേലിയയ്‌ക്കെതിരെ ജൂലൈ 21ന് ആരംഭിക്കുന്ന അഞ്ച് മത്സരങ്ങള്‍ അടങ്ങിയ ട്വന്റി 20 പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങള്‍ കളിച്ചതിന് ശേഷമാണ് റസ്സല്‍ തന്‍റെ ക്രിക്കറ്റ് കരിയറിന് വിരാമമിടുന്നത് എന്നാണ് അറിയിച്ചിട്ടുള്ളത്. ഇപ്പോള്‍ തന്റെ ക്രിക്കറ്റ് കരിയറിലെ ഏറ്റവും മികച്ച നിമിഷത്തെ കുറിച്ച് തുറന്നുപറയുകയാണ് വിന്‍ഡീസ് താരം.

2016 ടി20 ലോകകപ്പ് സെമി ഫൈനലില്‍ ഇന്ത്യയ്‌ക്കെതിരായ പ്രകടനവും വിജയവുമാണ് റസ്സല്‍ തന്റെ കരിയറിലെ ഏറ്റവും മികച്ച നിമിഷമായി തിരഞ്ഞെടുത്തത്. അന്ന് മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ ആരാധകരെ അക്ഷരാര്‍ത്ഥത്തില്‍ നിശബ്ദരാക്കിയ പ്രകടനമാണ് റസ്സല്‍ പുറത്തെടുത്തത്. ഇന്ത്യ ഉയര്‍ത്തിയ 193 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന വിന്‍ഡീസിനെ വിജയത്തിലേക്ക് നയിച്ചത് റസ്സലിന്റെ വെടിക്കെട്ട് ബാറ്റിങ്ങാണ്. 20 പന്തില്‍ നിന്ന് പുറത്താകാതെ 43 റണ്‍സ് നേടിയ റസ്സല്‍ വിന്‍ഡീസിനെ ഫൈനലിലെത്തിക്കുകയും ഇന്ത്യയെ ടൂര്‍ണമെന്റില്‍ നിന്നും പുറത്താക്കുകയും ചെയ്തു.

‘തീര്‍ച്ചയായും എന്റെ ഏറ്റവും മികച്ച നിമിഷം 2016 ടി20 ലോകകപ്പിലെ ഇന്ത്യയ്‌ക്കെതിരായ സെമി ഫൈനല്‍ മത്സരമാണ്. ഞാനും ലെന്‍ഡല്‍ സിമ്മണ്‍സും ചേര്‍ന്ന് ടീമിനെ വിജയത്തിലേക്ക് നയിച്ച മത്സരം’, ക്രിക്കറ്റ് വെസ്റ്റ് ഇന്‍ഡീസിന് നല്‍കിയ അഭിമുഖത്തില്‍ റസ്സല്‍ പറഞ്ഞു. ‘ഇന്ത്യയില്‍ നടന്ന സെമിഫൈനലില്‍ ഇന്ത്യയെ മാത്രം പിന്തുണക്കുന്ന കാണികള്‍ക്ക് മുന്നില്‍ 190 റണ്‍സിലധികം ചെയ്‌സ് ചെയ്യുക, അത് തന്നെ അല്‍പ്പം സമ്മര്‍ദ്ദം നല്‍കുന്നതായിരുന്നു. പക്ഷേ വിക്കറ്റ് വളരെ മികച്ച വിക്കറ്റായിരുന്നു. അതിനാല്‍ ഡ്രസ്സിംഗ് റൂമിലും വരാനിരിക്കുന്ന ബാറ്റര്‍മാരിലും ഞങ്ങള്‍ക്ക് ആത്മവിശ്വാസം ഉണ്ടായിരുന്നു. പുറത്തുപോയി മികച്ച കളി കളിക്കാന്‍ എനിക്ക് സ്വാതന്ത്ര്യവും ആത്മവിശ്വാസവും നല്‍കി’, റസ്സല്‍ പറഞ്ഞു. 2016 ടി20 ലോകകപ്പ് സെമിയില്‍ ഏഴ് വിക്കറ്റിനാണ് ഡാരെന്‍ സാമ്മി നയിച്ച വെസ്റ്റ് ഇന്‍ഡീസിനോട് ഇന്ത്യ പരാജയം വഴങ്ങിയത്. ഇന്ത്യയെ തകര്‍ത്ത് ഫൈനലിലെത്തിയ വിന്‍ഡീസ് ഇംഗ്ലീഷ് പടയെ നാല് വിക്കറ്റിന് വീഴ്ത്തി കിരീടം സ്വന്തമാക്കുകയും ചെയ്തു..

Related Posts