Your Image Description Your Image Description

കോന്നി മെഡിക്കൽ കോളജിലെ രണ്ടാംഘട്ട വികസനം ഒക്ടോബറിൽ പൂർത്തിയാകും. രണ്ടാം ഘട്ടത്തിന്റെ ഭാഗമായുള്ള ടൈപ്പ് എ, ടൈപ്പ് സി പാര്‍പ്പിടസമുച്ചയ നിര്‍മാണം പുരോഗമിക്കുന്നു. 200 കിടക്കകളും അഞ്ച് വിഭാഗങ്ങളും ചേര്‍ന്ന ഏഴു നില ആശുപത്രി കെട്ടിടവും 800 സീറ്റുള്ള ഓഡിറ്റോറിയവും അവസാന ഘട്ടത്തിലാണ്.

കെ. യു ജനീഷ് കുമാര്‍ എംഎല്‍എയും ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണനും മെഡിക്കല്‍ കോളജ് സന്ദര്‍ശിച്ച് നിര്‍മാണപ്രവര്‍ത്തനം വിലയിരുത്തി. അനുദിനം തിരക്കേറുന്ന മെഡിക്കല്‍ കോളജില്‍ രോഗികള്‍ക്ക് സുഗമമായ ചികിത്സയ്ക്ക് കൂടുതല്‍ ക്രമീകരണം ഏര്‍പ്പെടുത്താന്‍ എംഎല്‍എ നിര്‍ദേശിച്ചു.
ഒ.പി കൗണ്ടര്‍ തിരക്കു നിയന്ത്രിക്കാന്‍ ഇ-ഹെല്‍ത്ത് മുഖേനെ ടോക്കണ്‍ സംവിധാനം ആരംഭിക്കും. രോഗികള്‍ക്കായി കൂടുതല്‍ ഇരിപ്പിടം ക്രമീകരിക്കും.
മെഡിക്കല്‍ കോളജിന്റെ നിര്‍മാണ പുരോഗതി ആശുപത്രി വികസന സമിതി യോഗത്തില്‍ എംഎല്‍എയും ജില്ലാ കലക്ടറും വിലയിരുത്തി. കിഫ്ബിയില്‍ നിന്നും 352 കോടി രൂപ ചിലവഴിച്ച് നടത്തുന്ന വികസന പ്രവര്‍ത്തനം പുരോഗമിക്കുന്നു. ഏഴ് വെന്റ്റിലേറ്റര്‍ ബെഡുകള്‍ ഉള്‍പ്പെട്ട 20 കിടക്കകളുള്ള ഐസിയുവിന്റെ നിര്‍മാണം പൂര്‍ത്തീകരിച്ചു. ‘ലക്ഷ്യ’ നിലവാരത്തില്‍ മൂന്നു കോടി രൂപ ചെലവഴിച്ച് ഗൈനക്കോളജി വിഭാഗവും പൂര്‍ത്തിയായി. രണ്ട് ഓപ്പറേഷന്‍ തീയേറ്റര്‍ ലേബര്‍ റൂമുകള്‍, ലേബര്‍ വാര്‍ഡുകള്‍ എന്നിവയുണ്ട്. എച്ച് എല്‍ എല്‍ നേതൃത്വത്തില്‍ അത്യാധുനിക ഫാര്‍മസി പൂര്‍ത്തീകരിച്ചു.
ആവശ്യ മരുന്നുകളും സര്‍ജിക്കല്‍ ഉപകരണങ്ങളും ലഭ്യമാകും. മെഡിക്കല്‍ കോളേജില്‍ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയും മെഡിസെപ്പും പ്രാബല്യത്തിലായി. ജീവനക്കാര്‍ക്കായി 11 നിലവീതം ഉള്ള രണ്ട് പാര്‍പ്പിട സമുച്ചയം പൂര്‍ത്തിയായി. അക്കാദമിക്ക് ബ്ലോക്കിന്റെ രണ്ടാംഘട്ടവും പൂര്‍ത്തീകരിച്ചു.
ഒ.പി, ഐ.പി, അത്യാഹിത വിഭാഗങ്ങളില്‍ ചികത്സയ്‌ക്കെത്തുന്നവരുടെ എണ്ണം വര്‍ധിച്ചു. ടോക്കണ്‍ സംവിധാനം കൂടുതല്‍ കാര്യക്ഷമമാക്കാനും ജീവനക്കാരുടെ അഭാവം നികത്താനും എംഎല്‍എ ആവശ്യപ്പെട്ടു. ബ്ലഡ് ബാങ്കിന്റെ പ്രവര്‍ത്തനവും വിലയിരുത്തി. എംഎല്‍എയും ജില്ലാ കലക്ടറും ആശുപത്രിയിലെ വിവിധ ബ്ലോക്കുകള്‍ സന്ദര്‍ശിച്ചു. രോഗികള്‍ക്കുള്ള സൗകര്യം ഉറപ്പുവരുത്തണമെന്ന് എംഎല്‍എ നിര്‍ദേശിച്ചു.
കോളജ് പ്രിന്‍സിപ്പല്‍ ഡോ. ആര്‍. എസ് നിഷ, മെഡിക്കല്‍ സൂപ്രണ്ട് ഡോ. എ. ഷാജി, വികസന സമിതി അംഗം സന്തോഷ് കുമാര്‍, പൊതുമരാമത്ത് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ബിജി, കരാര്‍ കമ്പനി പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

Related Posts