Your Image Description Your Image Description

കൊല്ലം: കൊല്ലത്ത് കെഎസ്ആർടിസി ബസിൽ യുവതിക്ക് നേരെ നഗ്നത പ്രദർശനം നടത്തിയ പ്രതി പിടിയിൽ. മൈലക്കാട് സ്വദേശി സുനിൽ കുമാറാണ് (43) കൊല്ലം സിറ്റി പൊലീസിൻ്റെ പിടിയിലായത്. ഇത്തിക്കര പാലത്തിന് സമീപത്ത് നിന്നാണ് പ്രതിയെ പിടികൂടിയത്. പ്രതിക്കായി ലുക്കൗട്ട് നോട്ടീസ് അടക്കം പുറപ്പെടുവിച്ചായിരുന്നു അന്വേഷണം. പ്രതിയെ തിരിച്ചറിഞ്ഞതായി കൊല്ലം സിറ്റി പൊലീസ് അറിയിച്ചിരുന്നു.

തിങ്കളാഴ്ച രാത്രിയാണ് കൊട്ടിയത്ത് നിന്ന് കൊല്ലത്തേക്ക് വരികയായിരുന്ന മാവേലിക്കര ഫാസ്റ്റ് പാസഞ്ചർ ബസിൽ യുവതിക്ക് നേരെ പ്രതി നഗ്നതാ പ്രദർശനം നടത്തിയത്. ഇയാൾ അശ്ലീല പ്രദർശനം നടത്തുകയും ലൈംഗിക ചേഷ്‌ടകൾ കാട്ടുകയും ചെയ്തുവെന്നാണ് പരാതി. യുവതി ഇയാളുടെ ദൃശ്യങ്ങൾ മൊബൈൽ ക്യാമറയിൽ പകർത്തിയിരുന്നു. ഈ ദൃശ്യങ്ങളുടെയും പരാതിക്കാരിയുടെ മൊഴിയുടെയും അടിസ്ഥാനത്തിൽ ഈസ്റ്റ് പൊലീസാണ് കേസെടുത്തത്.

വീഡിയോ പകർത്തുന്നത് കണ്ടിട്ടും ഇയാൾ ലൈംഗിക ചേഷ്‌ടകൾ കാണിക്കുന്നത് അവസാനിപ്പിച്ചില്ലെന്നും യുവതി വ്യക്തമാക്കി. കൊല്ലത്താണ് ഇയാൾ ഇറങ്ങിയത്. ബസിൽ വേറെയും മൂന്ന് സ്‌ത്രീകൾ ഉണ്ടായിരുന്നു. അതേസമയം, പൊതു​ഗതാ​ഗത സംവിധാനങ്ങളിൽ സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ വർധിക്കുന്നെന്ന ആരോപണം ഉയരുന്നുണ്ട്. ​യാത്രയ്ക്കിടെ സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ ഉറപ്പാക്കാൻ സംവിധാനങ്ങൾ ഏർപ്പെടുത്തണമെന്ന ആവശ്യവും ശക്തമാണ്.

Related Posts