Your Image Description Your Image Description

കേരള ഫിലിം പോളിസി കോൺക്ലേവ് ഓഗസ്റ്റ്, രണ്ട്, മൂന്ന് തീയതികളിൽ തിരുവനന്തപുരത്ത് നടക്കുമെന്ന് സാംസ്കാരിക മന്ത്രി ചെറിയാൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. കേരള നിയമസഭാ സമുച്ചയത്തിലെ ശങ്കര നാരായണൻ തമ്പി ഹാളിൽ നടക്കുന്ന കോൺക്ലേവിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. സാംസ്കാരിക മന്ത്രി സജി ചെറിയാൻ അധ്യക്ഷത വഹിക്കും.

സിനിമയുടെ വിവിധ വശങ്ങൾ സമഗ്രമായി ചർച്ച ചെയ്യുന്ന കോൺക്ലേവിൽ ഇന്ത്യയിൽ ഇതിനോടകം സിനിമാനയം രൂപീകരിച്ച വിവിധ സംസ്ഥാനങ്ങളിലെ പ്രതിനിധികൾ, നാഷണൽ ഫിലിം ഡെവലപ്മെന്റ് കോർപ്പറേഷൻ, വാർത്താവിനിമയ പ്രക്ഷേപണ മന്ത്രാലയം, കേന്ദ്ര-സംസ്ഥാന മന്ത്രിമാർ, കേന്ദ്ര സാംസ്കാരിക-ടൂറിസം മന്ത്രാലയം എന്നിവിടങ്ങളിലെ പ്രതിനിധികൾ, ഇന്ത്യൻ സിനിമാ മേഖലയിൽ നിന്നുള്ളവർ, അന്താരാഷ്ട്ര സിനിമയിലെ പ്രമുഖർ, സാമൂഹിക സാംസ്കാരിക പ്രവർത്തകർ, വിവിധ സിനിമാ സംഘടനകൾ, തൊഴിൽ-നിയമ രംഗത്തെ വിദഗ്ധർ തുടങ്ങിയവർ പങ്കെടുക്കും.

കോൺക്ലേവിൽ സിനിമാ മേഖലയുമായി ബന്ധപ്പെട്ട വിവിധ സെഷനുകളിൽ സമഗ്രമായ ചർച്ചകൾ നടക്കും. ചർച്ചയിൽ ഉയർന്നുവരുന്ന ആശയങ്ങൾ ക്രോഡീകരിച്ചാവും സിനിമാ നയത്തിൽ ഉൾപ്പെടുത്തുക. ഒമ്പതു സെഷനുകളാണ് കോൺക്ലേവിൽ ഉണ്ടാവുക. ഇതിൽ 40 ഉപവിഷയങ്ങൾ ചർച്ച ചെയ്യും. ആദ്യ ദിവസം രാവിലെ നടക്കുന്ന ഉദ്ഘാടനത്തിനുശേഷം അഞ്ചു സെഷനുകൾ നടക്കും. ഉച്ചയ്ക്കു ശേഷം പ്ലീനറി സെഷനുണ്ടാകും. പ്ലീനറി സെഷനിൽ ഓരോ ചർച്ചാവേദികളിൽ നിന്നുമുള്ള മോഡറേറ്റർമാർ ചർച്ചയുടെ അടിസ്ഥാനത്തിലുള്ള റിപ്പോർട്ട് സമർപ്പിക്കും. അതിന് ശേഷം നാലരയ്ക്ക് ഓപ്പൺ ഫോറം. ആ സമയത്ത് റിപ്പോർട്ടുമായി ബന്ധപ്പെട്ടിട്ടുള്ള ചോദ്യങ്ങൾ പ്രതിനിധികൾക്ക് ഉന്നയിക്കാം. ചർച്ചയ്ക്കു ശേഷം ഉരുത്തിരിഞ്ഞു വരുന്ന നിഗമനത്തിന്റെ കൂടി അടിസ്ഥാനത്തിലായിരിക്കും നയരൂപീകരണമുണ്ടാകുന്നത്.

സിനിമയെ സംബന്ധിച്ച് കേരള സർക്കാരിന്റെ സമഗ്രവും വികസനോന്മുഖവുമായ കാഴ്ച്ചപ്പാടിനെ പിൻപറ്റിയാണ് സിനിമാ നയ രൂപീകരണം എന്ന ആശയം ഉടലെടുത്തത്. 2023 ജൂണിൽ ഒരു കമ്മിറ്റി രൂപീകരിച്ചിരുന്നു. കെ എസ് എഫ് ഡി സി ചെയർമാൻ ആയിരുന്ന ഷാജി എൻ കരുണിന്റെ നേതൃത്വത്തിൽ സിനിമാ സംഘടനകളുമായി ഏകോപനം നടത്തിയും ഇരുപതോളം കൂടിക്കാഴ്ചകളിലൂടെ സമവായം രൂപീകരിച്ചുമാണ് സിനിമാ നയ രൂപീകരണത്തിന്റെ അവസാന ഘട്ടത്തിലെത്തി നിൽക്കുന്നത്. സിനിമയുടെ സമസ്ത മേഖലകളേയും പരിഗണിച്ചും എല്ലാവരേയും ഉൾക്കൊള്ളിച്ചുമുള്ള സമഗ്രമായ സിനിമാനയത്തിലേക്കാണ് കേരളം എത്തുക. സിനിമയെ വ്യവസായമായി പ്രഖ്യാപിക്കുക, കൾച്ചറൽ ക്രിയേറ്റിവ് ഇൻഡസ്ട്രിയുടെ സാധ്യത പരിശോധിക്കുക, തൊഴിൽ നിയമങ്ങൾ ബാധകമാക്കുക, സ്ത്രീ സുരക്ഷയ്ക്കായുള്ള നടപടികൾ ശക്തമാക്കുക തുടങ്ങി കാലങ്ങളായുള്ള ആവശ്യങ്ങൾക്കു പരിഹാരമായാണ് സിനിമാനയം എന്ന ആശയത്തിലേക്ക് കേരളം എത്തിയത്.

കേരള ഫിലിം പോളിസി കോൺക്ലേവ് ലോഗോ മന്ത്രി സജി ചെറിയാൻ പ്രകാശനം ചെയ്തു. ചടങ്ങിൽ സാംസ്കാരിക വകുപ്പ് ഡയറക്ടർ ഡോ. ദിവ്യ എസ് അയ്യർ, കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയർമാൻ പ്രേംകുമാർ, ചലച്ചിത്ര പ്രവർത്തക ക്ഷേമനിധി ബോർഡ് ചെയർമാൻ കെ. മധുപാൽ, കെഎസ്എഫ്ഡിസി മാനേജിംഗ് ഡയറക്ടർ പ്രിയദർശനൻ പി. എസ്, കേരള ചലച്ചിത്ര അക്കാദമി സെക്രട്ടറി സി. അജോയ് എന്നിവരും പങ്കെടുത്തു.

Related Posts