Your Image Description Your Image Description

കേരള ക്രിക്കറ്റ് ലീഗ് രണ്ടാം സീസൺ താരലേലം നാളെ തിരുവനന്തപുരം ഹയാത്ത് റീജന്‍സിയില്‍ വെച്ച് നടക്കും. രാവിലെ 10 മണിക്കാണ് ലേലം നടക്കുക. ലേലനടപടികൾ സ്റ്റാ‍ർ ത്രീ ചാനലിലൂടെയും ഫാൻകോഡ് ആപ്പിലൂടെയും തൽസമയം കാണാൻ സാധിക്കും. ഐപിഎൽ – രഞ്ജി ട്രോഫി ആഭ്യന്തര ക്രിക്കറ്റ് ടൂർണമെന്റിൽ കളിക്കുന്ന താരങ്ങൾ മുതൽ, കൗമാര പ്രതിഭകൾ വരെയാണ് കെസിഎൽ രണ്ടാം സീസണിനുള്ള താരലേലത്തിന്റെ പട്ടികയിലുള്ളത്. കെസിഎല്ലിന്റെ ആദ്യ സീസണിൽ കളിക്കാതിരുന്ന സഞ്ജു സാംസൺ ഇത്തവണ ലേലത്തിൽ പങ്കെടുക്കുന്നു എന്നതാണ് മറ്റൊരു പ്രത്യേകത. ഐപിഎൽ താരലേലം നിയന്ത്രിച്ചിട്ടുള്ള ചാരു ശർമയാണ് ലേല നടപടികൾക്ക് നേതൃത്വം നൽകുന്നത്.

സംവിധായകനും ട്രിവാൺഡ്രം റോയൽസ് ടീമിന്‍റെ സഹ ഉടമയുമായ പ്രിയദര്‍ശന്‍, ജോസ് പട്ടാര, ഏരീസ് കൊല്ലം സെയിലേഴ്സ് ടീമുടമ സോഹന്‍ റോയ് എന്നിവരാണ് താരലേലത്തില്‍ പങ്കെടുക്കുന്നവരില്‍ പ്രമുഖർ. വൈകുന്നേരം 6 മണിക്കാണ് ലേലനടപടികള്‍ അവസാനിക്കുന്നത്. എ, ബി, സി കാറ്റഗറികളിലായി 170 താരങ്ങളെയാണ് ലേലത്തിനായി ലിസ്റ്റ് ചെയ്തിട്ടുള്ളത്. ഇതിൽ 15 താരങ്ങളെ വിവിധ ഫ്രാഞ്ചൈസികൾ നിലനിർത്തിയിട്ടുണ്ട്. ശേഷിക്കുന്ന 155 താരങ്ങൾക്കായാണ് ശനിയാഴ്ചത്തെ ലേലം നടക്കുക. ബിസിസിഐ ഫസ്റ്റ് ക്ലാസ്, ലിസ്റ്റ് എ, ഐപിഎൽ എന്നിവയിൽ കളിച്ചിട്ടുളള താരങ്ങളെയാണ് എ കാറ്റഗറിയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. മൂന്ന് ലക്ഷം രൂപയാണ് ഇവരുടെ അടിസ്ഥാന തുക.

അണ്ടർ 19, അണ്ടർ 23 വിഭാഗങ്ങളിൽ കളിച്ച ബി കാറ്റഗറിയിലെ താരങ്ങൾക്ക് ഒരു ലക്ഷവും ജില്ലാ, സോണൽ, കെസിഎ ടൂർണമെൻ്റുകളിൽ കളിച്ച സി കാറ്റഗറിയിലെ അംഗങ്ങൾക്ക് 75,000 രൂപയുമാണ് അടിസ്ഥാന തുക. ഓരോ ടീമിനും പരമാവധി 50 ലക്ഷം രൂപയാണ് ലേലത്തിൽ ചെലവാക്കാൻ കഴിയുക. ഓരോ ടീമും കുറഞ്ഞത് 16 താരങ്ങളെ സ്വന്തമാക്കണം. എന്നാൽ ടീമുകൾക്ക് പരമാവധി 20 താരങ്ങളെ വരെയേ ലേലത്തിൽ സ്വന്തമാക്കാൻ കഴിയൂ. റിട്ടെൻഷനിലൂടെ താരങ്ങളെ നിലനിർത്തിയ ടീമുകൾക്ക് ശേഷിക്കുന്ന തുകയ്ക്കുള്ള താരങ്ങളെ മാത്രമാണ് സ്വന്തമാക്കാനാവുക. സച്ചിൻ ബേബിയടക്കം നാല് താരങ്ങളെ നിലനിർത്തിയ ഏരീസ് കൊല്ലം സെയിലേഴ്സ് ഇവർക്കായി പതിനഞ്ചര ലക്ഷം രൂപ ഇതിനകം തന്നെ ചെലവാക്കി കഴിഞ്ഞു. ശേഷിക്കുന്ന 3,450,000 രൂപ മാത്രമാണ് അവ‍ർക്കിനി ലേലത്തിൽ ചെലവഴിക്കാനാവുക.

ആലപ്പി റിപ്പിൾസും കാലിക്കറ്റ് ഗ്ലോബ് സ്റ്റാർസും 1,775,000 രൂപ മുടക്കി നാല് താരങ്ങളെയും ട്രിവാൻഡ്രം റോയൽസ് 4,50,000 രൂപയ്ക്ക് മൂന്ന് താരങ്ങളെയും നിലനിർത്തിയിട്ടുണ്ട്. എന്നാൽ കൊച്ചിയും തൃശൂരും ആരെയും നിലനിർത്താത്തതിനാൽ മുഴുവൻ തുകയും ലേലത്തിൽ ചെലവഴിക്കാൻ കഴിയും. 42കാരനായ സീനിയർ താരം കെ ജെ രാകേഷ് മുതൽ 16 വയസ്സുകാരനായ ജൈവിൻ ജാക്സൻ വരെയുള്ളവരാണ് ലേലപ്പട്ടികയിലുള്ളത്. കഴിഞ്ഞ സീസണിൽ എറണാകുളം സ്വദേശിയായ എം. എസ് അഖിലായിരുന്നു ലേലത്തിലെ ഏറ്റവും വില കൂടിയ താരം. 7.4 ലക്ഷം രൂപയ്ക്ക് ട്രിവാന്‍ഡ്രം റോയല്‍സായിരുന്നു അഖിലിനെ സ്വന്തമാക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *

Related Posts