Your Image Description Your Image Description

കോഴിക്കോട് : കാലഘട്ടത്തിനനുസരിച്ചുള്ള നവീകരണത്തിലൂടെ കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ മേഖലയെ ആഗോള നിലവാരത്തിലുള്ള ഹബ്ബാക്കി മാറ്റുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അതിന് സഹായകമാകുന്ന പ്രവർത്തനങ്ങൾ നടത്താൻ കൊയിലാണ്ടി എസ്എആര്‍ബിടിഎം ഗവ. കോളേജിന് കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് കോളേജ് സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെയും പുതുതായി നിര്‍മ്മിച്ച അക്കാദമിക് ബ്ലോക്കിന്റെയും പുരുഷ ഹോസ്റ്റലിന്റെയും ഉദ്ഘാടനം നിര്‍വ്വഹിച്ചുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞു.

കഴിഞ്ഞ അരനൂറ്റാണ്ട് കാലത്തെ പ്രവർത്തനങ്ങൾ കൊണ്ട് കൊയിലാണ്ടിയിലേയും സമീപപ്രദേശങ്ങളിലെയും ജനങ്ങളുടെ സാമൂഹ്യ പുരോഗതിയിൽ കാര്യമായ മാറ്റങ്ങൾ വരുത്താൻ സയിദ് അബ്ദുറഹിമാൻ ബാഫഖി തങ്ങൾ മെമ്മോറിയൽ (എസ്എആര്‍ബിടിഎം) ഗവൺമെന്റ് കോളേജിന് സാധിച്ചു. കോളേജിന് ഇനിയും ഒരുപാട് മുന്നേറാനുണ്ട്. അതിനുള്ള എല്ലാ പിന്തുണയും സംസ്ഥാന സർക്കാർ ലഭ്യമാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. 2016 മുതൽ 36 കോടി രൂപ കോളേജിന്റെ വികസനത്തിനായി ചെലവഴിച്ചു. കൂടുതൽ അടിസ്ഥാന സൗകര്യ വികസന പദ്ധതികൾ കോളേജിന് തുടർന്നും അനുവദിക്കും.

നാടിനെ വൈജ്ഞാനിക നൂതന സമൂഹമാക്കി പരിവർത്തിപ്പിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. യുവ തലമുറ ആഗ്രഹിക്കുന്ന ലോകോത്തര കോഴ്സുകൾ പഠിക്കുന്നതിനും അതിനനുസൃതമായ തൊഴിലുകൾ ലഭിക്കുന്നതിനും അവസരം ഇവിടെത്തന്നെ ലഭിക്കണം. അതിനുള്ള സൗകര്യങ്ങളും അവസരങ്ങളും സൃഷ്ടിക്കുക എന്നത് സർക്കാരിന്റെ ഉത്തരവാദിത്വമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ആ ഉത്തരവാദിത്ത പൂർത്തീകരണത്തിന് ഈ കോളേജും പങ്കാളിയാകണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ മേഖലയിൽ കാലോചിതമായ മാറ്റങ്ങൾ കൊണ്ടുവരുന്നതിനായി സർക്കാർ നിരവധി പദ്ധതികൾ ആരംഭിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.

പുതിയ തലമുറയേയും സമൂഹത്തിന്റെ ഭാവിയേയും നശിപ്പിക്കുന്ന ലഹരി വിപത്തിനെതിരെ എല്ലാവരും ഒത്തൊരുമിച്ച് പ്രവർത്തിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. അധ്യാപക വിദ്യാർത്ഥി സംഘടനകളും എൻ എസ് എസ് തുടങ്ങിയ വിദ്യാർത്ഥി കൂട്ടായ്മകളുടെയും കൂട്ടായ പ്രവർത്തനത്തിലൂടെ വേണം ലഹരിയെ തുരത്താൻ. ഇത്തരം പ്രവർത്തനങ്ങൾക്ക് എല്ലാത്തരത്തിലുള്ള പിന്തുണയും സർക്കാർ ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ആഘോഷങ്ങളാണ് സുവര്‍ണ ജൂബിലിയോടനുബന്ധിച്ച് നടത്തുന്നത്. 9.31 കോടി രൂപ ചെലവിലാണ് പുതിയ അക്കാദമിക് ബ്ലോക്ക് നിര്‍മ്മിച്ചത്. 15 ക്ലാസ്സ് മുറികള്‍, രണ്ട് ലാബ്, നാല് ഡിപ്പാര്‍ട്ടുമെന്റുകള്‍, ഐക്യൂഎസി മുറി, നാല് ശുചിമുറി ബ്ലോക്കുകള്‍, രണ്ട് ഭിന്നശേഷി സൗഹൃദ ശുചിമുറി എന്നിവയാണ് അക്കാദമിക് ബ്ലോക്കിലുള്ളത്. രണ്ട് കോടി രൂപ ചെലവിലാണ് പുരുഷ ഹോസ്റ്റല്‍ നിര്‍മ്മാണം. 15 മുറികള്‍, രണ്ട് ശുചിമുറി ബ്ലോക്കുകള്‍, അടുക്കള, സ്റ്റഡി ഏരിയ, റിസപ്ഷന്‍ എന്നിവയാണ് ഉള്ളത്.

 

Leave a Reply

Your email address will not be published. Required fields are marked *

Related Posts