
സംസ്ഥാനത്ത് രൂക്ഷമായ വൈദ്യുതി പ്രതിസന്ധി തുടരുന്ന സാഹചര്യത്തിൽ സെപ്റ്റംബർ മാസവും പവർ കട്ട് ഏർപ്പെടുത്താൻ സാധ്യതയുണ്ട്. രാത്രികാലങ്ങളിലെ വൈദ്യുതി നിയന്ത്രണം കടുപ്പിച്ചേക്കുമെന്നാണ് വിവരം. ആവശ്യമായ വൈദ്യുതി ലഭ്യമാക്കാൻ ടെൻഡർ വിളിച്ചെങ്കിലും അനുകൂലമായ പ്രതികരണം ലഭിച്ചില്ല. പവർ എക്സ്ചേഞ്ച് വഴി കൂടിയ വില നൽകാൻ തയ്യാറായാലും വൈദ്യുതി കിട്ടാനില്ലാത്ത സ്ഥിതിയാണ്. രാജ്യത്തെ താപനിലയങ്ങൾ ഉൽപാദനം കുറച്ചതും പ്രതിസന്ധി രൂക്ഷമാക്കുന്നു. നിലവിൽ പ്രതിദിനം 600 മെഗാവാട്ട് വൈദ്യുതിയുടെ കുറവാണ് സംസ്ഥാനത്തുള്ളത്.
കമ്പനികൾ 12 രൂപ വരെ യൂണിറ്റിന് ചോദിക്കുന്നത് വൈദ്യുതി വാങ്ങുന്നതിന് വലിയ തടസ്സമാകുന്നുണ്ട്. ജലവൈദ്യുതി ഉൽപാദനം അഞ്ച് ദശലക്ഷം വർധിപ്പിച്ചാണ് ലോഡ്‌ഷെഡ്ഡിങ് പരമാവധി കുറയ്ക്കുന്നത്. എന്നാൽ ഡാമുകളിൽ വെള്ളം കുറയുന്നത് ആശങ്കയ്ക്കിടയാക്കുന്നുണ്ട്. ഈ മാസം മുഴുവൻ പ്രതിസന്ധി തുടരുമെന്നാണ് വിലയിരുത്തൽ.
അതേസമയം, സെപ്റ്റംബർ പകുതിയോടെ മറ്റ് സംസ്ഥാനങ്ങളുമായുള്ള സ്വാപ്പ് കരാർ അവസാനിക്കുന്നത് നേരിയ ആശ്വാസത്തിന് വകനൽകുന്നുണ്ട്. വേനൽക്കാലത്ത് വാങ്ങിയ വൈദ്യുതിക്ക് പകരമായി ജൂൺ മുതൽ സെപ്റ്റംബർ വരെ പ്രതിദിനം 350 മെഗാവാട്ട് വൈദ്യുതി കേരളം തിരികെ നൽകണമായിരുന്നു. ഈ കാലാവധി തീരുന്നതോടെ ഇത്രയും വൈദ്യുതി പുറത്തേക്ക് നൽകേണ്ടി വരില്ല. ഇതിലൂടെ പ്രതിസന്ധിയെ ഒരു പരിധി വരെ മറികടക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ.
