Home » Blog » Kerala » വിദ്വേഷ പരാമർശം; ബിഗ് ടിവി അവതാരക അപർണ കുറുപ്പിനെതിരെ കേസ്
17

കൊച്ചി: ചാനൽ ചർച്ചക്കിടെ വിദ്വേഷ പരാമർശം നടത്തിയെന്ന പരാതിയിൽ മാധ്യമപ്രവർത്തകയും ബിഗ് ടിവി അവതാരകയുമായ അപർണ കുറുപ്പിനെതിരെ കേസ്. കാസർകോട് സ്വദേശി അബ്ദുൽ ഹക്കീം എന്നയാളുടെ പരാതിയുടെ അടിസ്ഥാനത്തിൽ കൊച്ചി സിറ്റി സൈബർ പൊലീസാണ് കേസെടുത്തിരിക്കുന്നത്.

കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ സ്ത്രീകളെക്കുറിച്ച് നടത്തിയ പരാമർശങ്ങളുമായി ബന്ധപ്പെട്ട് ബിഗ് ടിവി സംപ്രേഷണം ചെയ്ത ‘ബിഗ് ഡയലോഗ്’ എന്ന ചർച്ചാ പരിപാടിയാണ് പുതിയ വിവാദങ്ങൾക്ക് വഴിവെച്ചത്. ഈ ചർച്ചക്കിടെ അവതാരകയായ അപർണ കുറുപ്പ് മുസ്‌ലിം വിരുദ്ധവും വംശീയവുമായ നിലപാടുകൾ സ്വീകരിച്ചു എന്നാരോപിച്ച് സമൂഹമാധ്യമങ്ങളിൽ വലിയ വിമർശനങ്ങൾ ഉയർന്നിരുന്നു.

ഇതിന് പിന്നാലെ തനിക്ക് നേരെ വലിയ രീതിയിലുള്ള സൈബർ ആക്രമണങ്ങളും വധഭീഷണികളും ഉണ്ടാകുന്നു എന്ന് കാണിച്ച് അപർണ കുറുപ്പ് പൊലീസിൽ പരാതി നൽകി. വിവാദം ശക്തമായതോടെ, തന്റെ പരാമർശങ്ങൾ ആരുടെയെങ്കിലും മതവികാരങ്ങളെ വ്രണപ്പെടുത്തിയിട്ടുണ്ടെങ്കിൽ നിരുപാധികം ഖേദം പ്രകടിപ്പിക്കുന്നതായി കാണിച്ച് അവതാരക മാപ്പപേക്ഷിക്കുകയും, ചാനൽ പ്രസ്തുത വിഡിയോ സമൂഹമാധ്യമങ്ങളിൽ നിന്ന് പിൻവലിക്കുകയും ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *