
ന്യൂഡൽഹി: അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥിയാകാനില്ലെന്ന് വ്യക്തമാക്കി മുതിർന്ന കോൺഗ്രസ് നേതാവും എംപിയുമായ കൊടിക്കുന്നിൽ സുരേഷ്. ഇതിനോടകം പത്ത് തവണ ലോക്സഭയിലേക്ക് മത്സരിച്ച സാഹചര്യത്തിൽ ഇനി മത്സരരംഗത്തുണ്ടാകില്ലെന്ന തീരുമാനം പാർട്ടി നേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. അന്തിമമായി കോൺഗ്രസ് നേതൃത്വം സ്വീകരിക്കുന്ന തീരുമാനത്തിനൊപ്പമായിരിക്കും താനെന്നും കൊടിക്കുന്നിൽ വ്യക്തമാക്കി.
അതേസമയം, കെപിസിസിക്ക് പുതിയ അധ്യക്ഷനെ ഉടൻ നിയമിക്കണമെന്ന ആവശ്യവും അദ്ദേഹം ഉന്നയിച്ചു. പാർട്ടിക്കുള്ളിൽ പുതിയ അധ്യക്ഷൻ വേണമെന്ന പൊതുവികാരമാണ് നിലവിലുള്ളതെന്നും നിയമനത്തിൽ കാലതാമസം ഒഴിവാക്കണമെന്നും കൊടിക്കുന്നിൽ പറഞ്ഞു. എംപിമാരോ എംഎൽഎമാരോ പിസിസി അധ്യക്ഷ സ്ഥാനത്തേക്ക് വരുന്നതിന് കോൺഗ്രസിൽ വിലക്കില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എംപിമാരെയും എംഎൽഎമാരെയും അധ്യക്ഷസ്ഥാനത്തേക്ക് പരിഗണിക്കരുതെന്ന തരത്തിലുള്ള നിർബന്ധിത കീഴ്വഴക്കമൊന്നുമില്ലെന്നും കൊടിക്കുന്നിൽ പ്രതികരിച്ചു.
കെപിസിസി അധ്യക്ഷന്റെ കാര്യത്തിൽ കോൺഗ്രസ് ഹൈക്കമാൻഡുമായി സംസ്ഥാനത്തെ നേതാക്കൾ ചർച്ചകൾ തുടരുന്നതിനിടെയാണ് കൊടിക്കുന്നിലിന്റെ പ്രതികരണം. കെപിസിസിക്ക് സ്ഥിരം അധ്യക്ഷൻ വേണമെന്ന ആവശ്യം മുഖ്യമന്ത്രി വി.ഡി. സതീശനും രാഹുൽ ഗാന്ധിയെ അറിയിച്ചിട്ടുണ്ട്. അധ്യക്ഷ നിയമനം അനാവശ്യമായി വൈകിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇന്ന് ഡൽഹിയിലെ പത്ത് ജൻപഥിൽ രാഹുൽ ഗാന്ധിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് വി.ഡി. സതീശൻ ഇക്കാര്യം ഉന്നയിച്ചത്. കെപിസിസി അധ്യക്ഷ നിയമനത്തിൽ തീരുമാനം വൈകില്ലെന്ന് രാഹുൽ ഗാന്ധി ഉറപ്പ് നൽകിയതായാണ് വിവരം.
