Your Image Description Your Image Description

ശാന്തന്‍പാറ കുടുംബാരോഗ്യ കേന്ദ്രത്തിലെ ശൗചാലയത്തില്‍ അതിഥിത്തൊഴിലാളി മാസം തികയാതെ പ്രസവിച്ചു. ജനിച്ച രണ്ട് കുട്ടികളും മരിച്ചു. വയറുവേദനയെത്തുടര്‍ന്ന് തിങ്കളാഴ്ച രാവിലെ ശാന്തന്‍പാറ കുടുംബാരോഗ്യ കേന്ദ്രത്തിലെത്തിച്ച, മധ്യപ്രദേശ് സ്വദേശി അനുരാധ (19) ആണ് ഇരട്ടക്കുട്ടികളെ പ്രസവിച്ചത്.

ആറ് മാസം ഗര്‍ഭിണിയായിരുന്ന അനുരാധ കുടുംബാരോഗ്യ കേന്ദ്രത്തിലെ ശൗചാലയത്തില്‍ ആദ്യം ഒരു ആണ്‍കുട്ടിയെ പ്രസവിച്ചു. ആശുപത്രി ജീവനക്കാര്‍ ഇവരെ ശുചിമുറിയില്‍നിന്ന് മാറ്റി പരിചരിക്കുന്നതിനിടെ മറ്റൊരു ആണ്‍കുട്ടിയെക്കൂടി പ്രസവിച്ചു. രണ്ട് കുട്ടികള്‍ക്കും ആദ്യം ചലനം ഉണ്ടായിരുന്നു. ഡോക്ടറുടെ നിര്‍ദേശപ്രകാരം അമ്മയെയും കുട്ടികളെയും വിദഗ്ധചികിത്സയ്ക്കായി തേനി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. എന്നാല്‍ ആശുപത്രിയില്‍ എത്തുംമുമ്പ് രണ്ടുകുട്ടികളും മരിച്ചു.

അനുരാധ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. കുട്ടികളുടെ മരണത്തില്‍ അസ്വഭാവികത ഇല്ലെന്നാണ് ഡോക്ടര്‍മാരുടെ പ്രാഥമികനിഗമനം.

Related Posts