Your Image Description Your Image Description

കാസര്‍ഗോഡ്: പാലക്കുന്ന് ഗ്രീന്‍വുഡ്‌സ് കോളേജിലെ ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ പ്രിന്‍സിപ്പലിനെതിരെ പൊലീസ് കേസെടുത്തു. പ്രിൻസിപ്പൽ പി അജീഷിനെതിരെ ബേക്കല്‍ പൊലീസാണ് കേസെടുത്തത്. പ്രിന്‍സിപ്പാള്‍ സര്‍വ്വകലാശാലയെ വഞ്ചിച്ചെന്നും ഇമെയില്‍ വഴി അയച്ച ചോദ്യപേപ്പര്‍ രഹസ്യ സ്വഭാവം സൂക്ഷിക്കാതെ പരീക്ഷയ്ക്ക് മുന്‍പ് പരസ്യപ്പെടുത്തുകയായിരുന്നെന്നും എഫ് ഐ ആറില്‍ പറയുന്നു. കണ്ണൂര്‍ സര്‍വ്വകലാശാലയുടെ ബിസിഎ ആറാം സെമസ്റ്റര്‍ ചോദ്യപേപ്പറാണ് ചോര്‍ന്നത്. സംഭവത്തില്‍ കണ്ണൂര്‍ സര്‍വ്വകലാശാല ജില്ലാ പൊലീസ് മേധാവിക്കും ബേക്കല്‍ പൊലീസിനും പരാതി നല്‍കിയിരുന്നു.

കോളേജ് അധ്യാപകർ തന്നെ ചോദ്യ പേപ്പർ വാട്സാപ്പ് വഴി ചോർത്തിയെന്ന് കണ്ണൂർ സർവകലാശാല കണ്ടെത്തിയിരുന്നു. കണ്ണൂര്‍ സര്‍വ്വകലാശാലയ്ക്ക് കീഴിലെ സെല്‍ഫ് ഫിനാന്‍സിംഗ് സ്ഥാപനമായ ഗ്രീന്‍വുഡ്‌സ് കോളേജില്‍ പരീക്ഷാ സ്‌ക്വാഡ് എത്തി പരിശോധന നടത്തുന്ന സമയത്താണ് വിദ്യാര്‍ത്ഥി കോപ്പിയടിക്കുന്നത് കണ്ടെത്തിയത്. പിന്നാലെ കോപ്പിയടിച്ച വിദ്യാര്‍ത്ഥിയെ ചോദ്യംചെയ്തപ്പോള്‍ പ്രിന്‍സിപ്പാളാണ് ചോദ്യം പറഞ്ഞ് നല്‍കിയതെന്നായിരുന്നു മറുപടി. പരീക്ഷയ്ക്ക് രണ്ടുമണിക്കൂര്‍ മുന്‍പ് കോളേജ് പ്രിന്‍സിപ്പാളിന്റെ ഇമെയില്‍ ഐഡിയിലേക്ക് യൂണിവേഴ്‌സിറ്റി അധികൃതര്‍ അയച്ച ചോദ്യപേപ്പറാണ് ചോര്‍ന്നത്.

കോളേജിലെ വിദ്യാര്‍ത്ഥികള്‍ക്ക് വാട്ട്‌സാപ്പ് വഴി ചോദ്യങ്ങള്‍ ലഭ്യമാവുകയായിരുന്നു. രാവിലെ ചോദ്യങ്ങള്‍ വാട്ട്‌സാപ്പ് വഴി നല്‍കിയെന്നാണ് വിദ്യാര്‍ത്ഥി പറഞ്ഞത്. എന്നാല്‍ താന്‍ തന്നെയാണ് വിദ്യാര്‍ത്ഥികള്‍ക്ക് ആ വിഷയം പഠിപ്പിക്കുന്നതെന്നും അതുകൊണ്ട് വരാന്‍ സാധ്യതയുളള ചോദ്യങ്ങളാണ് വിദ്യാര്‍ത്ഥികള്‍ക്ക് പറഞ്ഞുകൊടുത്തതെന്നുമാണ് പ്രിന്‍സിപ്പാളിന്റെ വാദം. ചോദ്യങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്ക് പറഞ്ഞുനല്‍കിയതിനു പിന്നാലെയാണ് തനിക്ക് ഇമെയില്‍ പാസ് വേര്‍ഡ് ലഭിച്ചതെന്നും പ്രിന്‍സിപ്പാള്‍ വ്യക്തമാക്കി. എന്നാല്‍ പ്രിന്‍സിപ്പാളിന്റെ വാദം യൂണിവേഴ്‌സിറ്റി കണക്കിലെടുത്തിട്ടില്ല.

പരീക്ഷയ്ക്കു രണ്ടര മണിക്കൂര്‍ മുന്‍പ് കോളേജുകളിലേക്ക് ചോദ്യപേപ്പര്‍ ഇമെയില്‍ വഴി അയയ്ക്കുകയാണ് പതിവ് രീതി. ശേഷം കോളേജില്‍ നിന്ന് പ്രിന്റ് എടുത്താണ് ചോദ്യപേപ്പര്‍ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്നത്. ഇത്തരത്തില്‍ ചോദ്യപേപ്പര്‍ പ്രിന്റ് എടുക്കുന്നതിനിടെയാകാം ചോര്‍ന്നതെന്നാണ് കണ്ടെത്തല്‍. മാർച്ച്‌ 18 മുതൽ ഏപ്രിൽ രണ്ട് വരെയായിരുന്നു പരീക്ഷ. സർവകലാശാല സ്‌ക്വാഡ് പരിശോധനയിലാണ് ചോർത്തിയത് കണ്ടെത്തിയത്. ഇതിന് പിന്നാലെ സർവകലാശാല നടത്തിയ അന്വേഷണത്തിലാണ് അധ്യാപകരാണ് ചോദ്യ പേപ്പർ ചോർത്തിയതെന്ന് കണ്ടെത്തിയത്. കോളേജിലെ പരീക്ഷാകേന്ദ്രം മാറ്റിയെന്നും കണ്ണൂർ സർവകലാശാല അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Related Posts