Your Image Description Your Image Description

ഈ വര്‍ഷം മെയ് ഒന്ന് മുതല്‍ പെയ്ത മഴയില്‍ ജില്ലയിലെ വിവിധ ഭാഗങ്ങളിലായി 44 കോടിയിലേറെ രൂപയുടെ കൃഷിനാശമുണ്ടായതായി കൃഷിവകുപ്പിന്റെ കണക്കുകള്‍. 17,671 കര്‍ഷകരുടെ 2000ത്തിലേറെ ഹെക്ടര്‍ കൃഷിഭൂമിയെ മഴക്കെടുതി ബാധിച്ചു.

തോടന്നൂര്‍ ബ്ലോക്കിലാണ് ഏറ്റവും കൂടുതല്‍ കൃഷിനാശമുണ്ടായത്. 300ഓളം ഹെക്ടറിലായി 18.7 കോടി രൂപയുടെ കൃഷിനാശമാണ് ഇവിടെ റിപ്പോര്‍ട്ട് ചെയ്തത്. ബ്ലോക്കിലെ 2700ലേറെ കര്‍ഷകരെ കാലവര്‍ഷക്കെടുതി ബാധിച്ചു. 8.73 കോടി രൂപയുടെ കൃഷിനാശമാണ് മുക്കം ബ്ലോക്കില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. 72 ഹെക്ടറുകളിലായി 1750ഓളം കര്‍ഷകര്‍ ഇവിടെ മഴക്കെടുതികള്‍ക്കിരയായി. പേരാമ്പ്ര ബ്ലോക്കില്‍ 78 ഹെക്ടറുകളിലായി 2200ലേറെ കര്‍ഷകരുടെ കൃഷിയാണ് കാലവര്‍ഷത്തില്‍ നശിച്ചത്. 5.2 കോടി രൂപയുടെ നഷ്ടമാണ് ഇവിടെ കണക്കാക്കുന്നത്.

കൊടുവള്ളി ബ്ലോക്കില്‍ 30 ഹെക്ടറുകളിലായി 1277 കര്‍ഷകരുടെ 2.3 കോടി രൂപയുടെ കാര്‍ഷിക വിളകളാണ് നശിച്ചത്. കാക്കൂര്‍, കൊയിലാണ്ടി, കുന്നുമ്മല്‍, തിക്കോടി, ഉള്ള്യേരി, വടകര ബ്ലോക്കുകളിലും ഒരു കോടിയിലേറെ രൂപയുടെ കൃഷിനാശമുണ്ടായി. തൂണേരി ബ്ലോക്കില്‍ 75 ലക്ഷത്തിന്റെയും കോഴിക്കോട് ബ്ലോക്കില്‍ 59 ലക്ഷത്തിന്റെയും കൃഷിയാണ് ഇത്തവണത്തെ മഴയില്‍ നശിച്ചത്.

മഴക്കെടുതി ഏറ്റവും കൂടുതല്‍ ബാധിച്ചത് വാഴക്കൃഷിയെയാണ്. ജില്ലയിലാകെ ആറര ലക്ഷത്തോളം വാഴകളാണ് കാറ്റിലും മഴയിലും നശിച്ചത്. 35 കോടി രൂപയുടെ നഷ്ടം വാഴകര്‍ഷകര്‍ക്കുണ്ടായി. അയ്യായിരത്തോളം തെങ്ങുകളെയും കാലവര്‍ഷം ബാധിച്ചു. ഇതുവഴി 4.5 കോടിയുടെ നാശനഷ്ടമുണ്ടായതാണ് കണക്ക്. 175 ഹെക്ടര്‍ ഭൂമിയിലെ നെല്ല് നശിച്ച് 2.6 കോടി രൂപയുടെ നഷ്ടവുമുണ്ടായി.

Related Posts