Your Image Description Your Image Description

ബോളിവുഡിലെ യുവനടന്‍ കാര്‍ത്തിക് ആര്യനെ സിനിമയില്‍ ഒറ്റപ്പെടുത്താന്‍ ചില താരങ്ങള്‍ ശ്രമിക്കുന്നുവെന്ന ആരോപണവുമായി ഗായകന്‍ അമാല്‍ മല്ലിക്. അന്തരിച്ച നടന്‍ സുശാന്ത് സിംഗ് രജ്പുത്തിനോട് ചെയ്തതെന്തോ അതുതന്നെയാണ് കാര്‍ത്തിക് ആര്യനോടും ചിലര്‍ ചെയ്യാന്‍ ശ്രമിക്കുന്നതെന്ന് അമാല്‍ മിര്‍ച്ചി പ്ലസിനോട് പറഞ്ഞു. കാര്‍ത്തിക്കിനെ ബോളിവുഡില്‍ നിന്ന് ഒറ്റപ്പെടുത്താനുള്ള ഗൂഢാലോചനയില്‍ വന്‍കിട നിര്‍മ്മാതാക്കളും നടന്മാരും ഉള്‍പ്പെട്ടിട്ടുണ്ടെന്നും അമാല്‍ മല്ലിക് പറഞ്ഞു.

ബോളിവുഡിന്റെ ഇരുണ്ട വശങ്ങളെക്കുറിച്ച് സംസാരിക്കുന്നതിനിടെയാണ് അമാല്‍ മല്ലിക് കാര്‍ത്തിക് ആര്യന്റെ കാര്യവും പറഞ്ഞത്. ഈ വ്യവസായത്തിന്റെ യാഥാര്‍ത്ഥ്യം പൊതുജനങ്ങള്‍ മനസ്സിലാക്കിയിരിക്കുന്നുവെന്നും അത് വളരെ ഇരുണ്ടതാണെന്നും അമാല്‍ അഭിപ്രായപ്പെട്ടു. എന്നാല്‍ സുശാന്ത് സിംഗിന് ഇതൊന്നും കൈകാര്യം ചെയ്യാന്‍ പറ്റിയില്ല. അദ്ദേഹത്തിന് എന്ത് സംഭവിച്ചു എന്നതിനെക്കുറിച്ച് ഇപ്പോഴും അവ്യക്തതയുണ്ട്. ചിലര്‍ അതിനെ കൊലപാതകമെന്ന് കുറ്റപ്പെടുത്തുന്നു, ചിലര്‍ ആത്മഹത്യയെന്നും. എന്തായാലും, ആ മനുഷ്യന്‍ പോയി എന്നും അമാല്‍ പറഞ്ഞു.

‘ഈ വ്യവസായം തന്നെയാണ് സുശാന്തിന്റെ മനസ്സിനോ ആത്മാവിനോ എന്തെങ്കിലും ചെയ്തത്. ആളുകള്‍ ഒരുമിച്ച് അദ്ദേഹത്തെ നിരുത്സാഹപ്പെടുത്തി. ഈ വ്യവസായം അങ്ങനെയൊരു സ്ഥലമാണ്. ആ കാര്യം പുറത്തുവന്നപ്പോള്‍, ബോളിവുഡിനെതിരെയുള്ള സാധാരണക്കാരന്റെ വികാരംതന്നെ മാറിപ്പോയി. ബോളിവുഡിലുള്ളവരെല്ലാം വൃത്തികെട്ടവരാണെന്നാണ് അവര്‍ പറയുന്നത്. പൊതുവെ ഈ വ്യവസായം ഒരിക്കലും തകര്‍ന്നിട്ടില്ല. പക്ഷേ സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണം ഈ ആളുകളില്‍ നിന്ന് എല്ലാം തട്ടിയെടുത്തു. അത് അവര്‍ അര്‍ഹിക്കുന്നുണ്ട്. നല്ലൊരു മനുഷ്യനോട് അവര്‍ തെറ്റായി പെരുമാറി.

ഇന്ന് നിങ്ങള്‍ നോക്കൂ, അതേ കാര്യങ്ങള്‍, നേരിട്ടോ അല്ലാതെയോ കാര്‍ത്തിക് ആര്യനോടും ചെയ്യാന്‍ ആളുകള്‍ ശ്രമിക്കുന്നുണ്ട്. എന്നാല്‍ കാര്‍ത്തിക് ആര്യന് പിന്തുണയുമായി അദ്ദേഹത്തിന്റെ അച്ഛനും അമ്മയും ഒപ്പമുണ്ട്. കാര്‍ത്തിക്കും പുതുമുഖമാണ്. അവനെയും 100 പേര്‍ ഒഴിവാക്കാന്‍ ശ്രമിക്കുന്നുണ്ട്. അവര്‍ പവര്‍ പ്ലേ കളിക്കുന്നു. വലിയ നിര്‍മ്മാതാക്കളും നടന്മാരും എല്ലാം ചെയ്യുന്നു.’ അമാലിന്റെ വാക്കുകള്‍.

 

 

 

Leave a Reply

Your email address will not be published. Required fields are marked *

Related Posts