Your Image Description Your Image Description

ഒട്ടാവ: കാനഡയിലെ ഹിന്ദു ക്ഷേത്രത്തിൽ യുവാക്കളുടെ അതിക്രമം. സിസിടിവി ദൃശ്യങ്ങളിൽ പതിഞ്ഞ രണ്ട് യുവാക്കൾക്കായി അന്വേഷണം തുടർന്ന് പൊലീസ്. ഗ്രേറ്റർ ടൊറണ്ടോ ഏരിയയിലെ (ജിടിഎ) ശ്രീ കൃഷ്ണ ബൃന്ദാവന ക്ഷേത്രത്തിലാണ് ഏതാനും ദിവസം മുമ്പ് അർദ്ധരാത്രിയോടെ രണ്ട് യുവാക്കൾ ആക്രമണം നടത്തിയത്. അക്രമികളെന്ന് സംശയിക്കുന്ന രണ്ട് യുവാക്കളുടെ ചിത്രങ്ങൾ വ്യാഴാഴ്ച പുറത്ത് വിട്ട് ഹാൾട്ടൻ പോലീസ്.

ഞായറാഴ്ച അർദ്ധരാത്രിക്ക് ശേഷം ജോർജ്‍ടൗണിലുണ്ടായ സംഭവത്തിൽ അന്വേഷണം പുരോഗമിക്കുന്നതായി ഹാൾട്ടൻ റിജ്യണൽ പൊലീസ് സർവീസ് അറിയിച്ചു. അക്രമികളെന്ന് സംശയിക്കുന്നവരുടെ ദൃശ്യങ്ങൾ സിസിടിവി ക്യാമറകളിൽ നിന്നാണ് പൊലീസിന് ലഭിച്ചത്. രണ്ട് പേരും യുവാക്കളാണെന്നാണ് ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാവുന്നത്. പരിസരത്തെ ഒരു പബ്ബിൽ നിന്ന് ഇറങ്ങിയ ശേഷം ഇവർ ക്ഷേത്രത്തിലേക്ക് വരുന്നത് സിസിടിവി ദൃശ്യങ്ങളിലുണ്ട്. ക്ഷേത്രത്തിന്റെ പ്രവേശന കവാടത്തിലുണ്ടായിരുന്ന ബോർഡ് ഇവർ തകർത്തു. കേസ് അന്വേഷണത്തിന്റെ ഭാഗമായി ഇരുവരെയും കണ്ടെത്താൻ വേണ്ടിയാണ് പൊലീസ് ഇന്ന് ചിത്രങ്ങൾ പുറത്തുവിട്ടത്.

കാനഡയിൽ ഹിന്ദു ആരാധനാലയങ്ങൾക്ക് നേരെ നേരത്തെയുണ്ടായിട്ടുള്ള ആക്രമണങ്ങളുടെ തുടർച്ചയാണ് ഈ സംഭവമെന്നും ഇത് ഹിന്ദുക്കൾക്ക് നേരെയുള്ള വിദ്വേഷത്തിന്റെ ഭാഗമായി ഉണ്ടായതാണെന്നും ക്ഷേത്രം അധികൃതർ അഭിപ്രായപ്പെട്ടു. സംഭവത്തിൽ ശക്തമായ പ്രതികരണവുമായി കാനഡ ഹിന്ദു ഫൗണ്ടേഷൻ ഭാരവാഹികളും രംഗത്തെത്തി. കാനഡയിൽ വർദ്ധിച്ചുവരുന്ന അതിക്രമങ്ങൾ രാജ്യത്തും ഹിന്ദുക്കൾക്കും ഹിന്ദു ആരാധനാലയങ്ങൾക്കും എതിരായ വിദ്വേഷത്തിന്റെ ഭാഗമായി ഉണ്ടാവുന്നതാണെന്ന് ഹിന്ദു കനേഡിയൻ ഫൗണ്ടേഷൻ ആരോപിച്ചു. വിവിധ സമുദായങ്ങൾക്കിടയിലെ സൗഹാർദം തകർക്കാനുള്ള ആസൂത്രിത ശ്രമങ്ങൾ നടക്കുന്നതായും സംഘടനാ ഭാരവാഹികൾ പറഞ്ഞു. നേരത്തെയും ഖലിസ്ഥാൻ അനുകൂലികളിൽ നിന്ന് കാനഡയിലെ ഹിന്ദു ക്ഷേത്രങ്ങൾക്ക് നേരെ ആക്രമണങ്ങളുണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Related Posts