Your Image Description Your Image Description

കണ്ണൂര്‍: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പുകേസിൽ സിപിഎം പാർട്ടിയെയും നേതാക്കന്മാരെയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്(ഇഡി) പ്രതിചേര്‍ത്തത് രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. ആ ഗൂഢാലോചന തിരിച്ചറിയാനുള്ള കഴിവ് കേരളത്തിലെ ജനങ്ങള്‍ക്കുണ്ടെന്നും അത് ജനങ്ങള്‍ തിരിച്ചറിയുകതന്നെ ചെയ്യുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. കേസിനെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നും എംവി ഗോവിന്ദൻ വ്യക്തമാക്കി.

”കൊടകര കുഴല്‍പ്പണ കേസില്‍ ഉള്‍പ്പെട്ടവരെ രക്ഷപ്പെടാന്‍ സഹായിച്ചവരാണ് ഇഡി. കൈക്കൂലി ചോദിച്ചുവാങ്ങി മുന്നോട്ടുപോകുന്നവരാണ് അവര്‍. കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ ഇഡി എടുത്തത് 193 കേസുകളാണെന്ന് ലോക്‌സഭയിലും രാജ്യസഭയിലും മന്ത്രി പറഞ്ഞ കണക്കുണ്ട്. എന്നാല്‍, അതില്‍ ശിക്ഷിക്കപ്പെട്ടത് രണ്ട് കേസുകള്‍ മാത്രമാണ്.

രാഷ്ട്രീയപ്രേരിതമായ നിലപാട് സ്വീകരിച്ചുകൊണ്ട് പ്രതിപക്ഷത്തെ കടന്നാക്രമിക്കാന്‍ ഒരു തെളിവുമില്ലാതെ കേസുണ്ടാക്കുന്നു. സിപിഎമ്മിനെതിരേയും ഇടതുമുന്നണിക്കെതിരേയും ശക്തമായ കള്ളക്കഥ തയ്യാറാക്കി ഇഡി കേസ് കൈകാര്യംചെയ്യുന്നു.

കരുവന്നൂര്‍ കേസില്‍ തെറ്റായ നിലപാട് സ്വീകരിച്ച ഒരാളെയും സിപിഎം വെറുതേവിട്ടിട്ടില്ല. എന്നാല്‍, ഇത് പാര്‍ട്ടിയുടെ മേല്‍ കെട്ടിവെയ്ക്കാനായി പാര്‍ട്ടിയെ പ്രതിയാക്കുന്നു. പാര്‍ട്ടിയുടെ ജില്ലാ സെക്രട്ടറിമാരായിരുന്ന മൂന്നുനേതാക്കളെയും പ്രതിയാക്കി. ഇങ്ങനെ ഓരോരോ ഇല്ലാക്കഥ പറഞ്ഞ് എല്‍ഡിഎഫിനെയും സിപിഎമ്മിനെയും പ്രതിക്കൂട്ടില്‍ നിര്‍ത്താമെന്നാണ് ഇഡി ധരിക്കുന്നതെങ്കില്‍ അതിനെല്ലാം കൃത്യമായ മറുപടി കേരളത്തിലെ ജനങ്ങള്‍ നല്‍കും. ജനകീയമായ അതിശക്തമായ പിന്തുണയോടെ കേസിനെ രാഷ്ട്രീയമായിട്ടും നിയമപരമായും നേരിടും. ഇതുകൊണ്ടൊന്നും സിപിഎമ്മിനെയോ എല്‍ഡിഎഫിനെയോ ഏതെങ്കിലും രീതിയില്‍ പോറലേല്‍പ്പിക്കാന്‍ കഴിയുമെന്ന തെറ്റിദ്ധാരണ ഇഡിയ്ക്കും വേണ്ട, കേന്ദ്രസര്‍ക്കാരിനും വേണ്ട. ഇതുകൊണ്ടൊന്നും ഞങ്ങളുടെ വോട്ടൊന്നും മാറില്ല.

കള്ളത്തരം പ്രചരിപ്പിക്കുകയും കള്ളത്തരത്തെ അടിസ്ഥാനപ്പെടുത്തി നിലപാട് സ്വീകരിക്കുകയുംചെയ്യുന്ന ഏജന്‍സിയാണ് ഇഡിയെന്ന് ആര്‍ക്കാണ് അറിയാത്തത്. അത് എല്ലാവര്‍ക്കും പകല്‍വെളിച്ചം പോലെ അറിയാം. ഇത് ജനങ്ങളുടെ മുന്നില്‍ കൃത്യമായി തുറന്നുപറഞ്ഞ് മുന്നോട്ടുപോകും. ഇഡി ഒരു അന്വേഷണത്തിലും ഒന്നും കണ്ടെത്തിയിട്ടില്ല. ഇഡിയുടെ കണ്ടെത്തല്‍ ആരാണ് ഇവിടെ അംഗീകരിക്കുന്നത്. അവര്‍ ശുദ്ധ അസംബന്ധം പറയുന്നു. അത് ന്യായീകരിക്കാന്‍ കുറേ മാധ്യമങ്ങളും. ഇതുകൊണ്ട് ഒരു പ്രത്യാഘാതങ്ങളും ഉണ്ടാകില്ല”, എം.വി. ഗോവിന്ദന്‍ പറഞ്ഞു.

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ എല്‍ഡിഎഫിന് യാതൊരു കുഴപ്പവുമില്ലെന്നും ഒരാഴ്ച കൊണ്ട് സ്ഥാനാര്‍ഥിയെ തീരുമാനിക്കുമെന്ന് കഴിഞ്ഞദിവസം തന്നെ പറഞ്ഞതാണെന്നും അദ്ദേഹം പ്രതികരിച്ചു. ഒരാഴ്ചയാണ് ഞങ്ങളുടെ സമയം. യുഡിഎഫ് ഇപ്പോഴേ പ്രതിസന്ധിയിലാണ്. പിവി അന്‍വര്‍ ഒറ്റുകാരനെപ്പോലെ പ്രവര്‍ത്തിക്കുകയാണ് ചെയ്തത്. അയാള്‍ പറയുന്നതൊന്നും ഗൗരവത്തോടെ കാണുന്നില്ല. അന്‍വറിന്റെ സിപിഎം-ബിജെപി ബന്ധമെന്ന ആരോപണമൊന്നും മറുപടി അര്‍ഹിക്കുന്നില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കൂട്ടിച്ചേര്‍ത്തു.

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ ഇഡി സമര്‍പ്പിച്ച രണ്ടാംഘട്ട കുറ്റപത്രത്തിലാണ് സിപിഎമ്മിനെയും പാര്‍ട്ടിയുടെ തൃശ്ശൂര്‍ ജില്ലാ സെക്രട്ടറിമാരായിരുന്ന എം.എം. വര്‍ഗീസ്, മുന്‍ മന്ത്രി എ.സി. മൊയ്തീന്‍, കെ. രാധാകൃഷ്ണന്‍ എം.പി. തുടങ്ങിയവര്‍ ഉള്‍പ്പെടെ 27 പേരെ പുതുതായി പ്രതിചേര്‍ത്തത്. ഇതോടെ കരുവന്നൂര്‍ കേസില്‍ ആകെ 83 പേര്‍ പ്രതികളായി. സഹകരണ ബാങ്കിലെ തട്ടിപ്പിലൂടെ പ്രതികള്‍ 180 കോടി രൂപ സമ്പാദിച്ചെന്നാണ് ഇഡി കുറ്റപത്രത്തിലെ ആരോപണം. ഇതില്‍ 128 കോടി രൂപ ഇഡി കണ്ടുകെട്ടിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *