പാരീസ്: സമുദ്രയാത്രയുടെ സുരക്ഷ ഉറപ്പാക്കാൻ രാജ്യങ്ങൾ ഒന്നിച്ചുനിന്ന് പ്രവർത്തിക്കണമെന്ന് ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. നാവികർക്ക് ഭയമില്ലാതെ ജോലി ചെയ്യാൻ കഴിയണമെന്നും അതിനായി സമുദ്രപാതകളിലൂടെയുള്ള യാത്രകൾ സുരക്ഷിതമാക്കേണ്ടതുണ്ടെന്നും ജി-7 നേതാക്കളുമായുള്ള കൂടിക്കാഴ്ചയിൽ മോദി വ്യക്തമാക്കി. ഒമാൻ തീരത്ത് അമേരിക്കൻ സൈനിക ആക്രമണത്തിൽ മൂന്ന് ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രിയുടെ പരാമർശം. യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഉൾപ്പെടെയുള്ള ലോകനേതാക്കൾ യോഗത്തിൽ പങ്കെടുത്തിരുന്നു.
സംഘർഷങ്ങൾക്ക് സ്ഥിരമായ പരിഹാരം കണ്ടെത്താൻ സംഭാഷണവും നയതന്ത്രവും അന്താരാഷ്ട്ര സഹകരണവുമാണ് വഴിയെന്ന് ഇന്ത്യ വിശ്വസിക്കുന്നതായി മോദി പറഞ്ഞു. ഹോർമുസ് കടലിടുക്കിലെ നാവിക വ്യാപാരത്തിന് നേരിട്ട തടസ്സങ്ങൾ ആഗോള സമ്പദ്‌വ്യവസ്ഥയെ പ്രതികൂലമായി ബാധിച്ചെന്നും സംഘർഷങ്ങളിൽ നിരവധി ഇന്ത്യൻ പൗരന്മാർക്ക് ജീവൻ നഷ്ടമായെന്നും മോദി ചൂണ്ടിക്കാട്ടി. ട്രംപുമായുള്ള ഉഭയകക്ഷി കൂടിക്കാഴ്ചയ്ക്ക് തൊട്ടുമുമ്പാണ് മോദി ഈ വിഷയം ജി-7 വേദിയിൽ ഉന്നയിച്ചത്.
ഒമാൻ തീരത്ത് ചരക്കുകപ്പലിന് നേരെയുണ്ടായ ആക്രമണത്തിൽ മൂന്ന് ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം രാജ്യത്ത് വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് സമുദ്രസുരക്ഷയെക്കുറിച്ചുള്ള മോദിയുടെ പ്രതികരണം. അതേസമയം, കപ്പലിന് നേരെയുണ്ടായ ആക്രമണത്തിന് പിന്നിൽ യു.എസ്. അല്ല, ഇറാനാണെന്ന് ട്രംപ് അവകാശപ്പെട്ടിരുന്നു.
52-ാമത് ജി-7 ഉച്ചകോടിയിൽ പങ്കെടുക്കാനാണ് പ്രധാനമന്ത്രി ചൊവ്വാഴ്ച ഫ്രാൻസിലെത്തിയത്. തുടർച്ചയായ എട്ടാം തവണയാണ് ഇന്ത്യയ്ക്ക് ജി-7 ഉച്ചകോടിയിലേക്ക് ക്ഷണം ലഭിക്കുന്നത്. പശ്ചിമേഷ്യയിലെ സംഘർഷങ്ങളും വ്യാപാര തീരുവകളും ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ജി-7 രാജ്യങ്ങളുമായി ട്രംപിന് അഭിപ്രായവ്യത്യാസങ്ങളുള്ള സാഹചര്യത്തിലാണ് ഇത്തവണത്തെ ഉച്ചകോടി നടക്കുന്നത്. യു.എസ്., ബ്രിട്ടൻ, കാനഡ, ഫ്രാൻസ്, ജർമനി, ഇറ്റലി, ജപ്പാൻ എന്നിവയാണ് ജി-7 അംഗരാജ്യങ്ങൾ. നാല് വർഷത്തിലേറെയായി തുടരുന്ന യുക്രൈൻ യുദ്ധം അവസാനിപ്പിക്കുന്നതിനായി റഷ്യയ്‌ക്കെതിരായ സമ്മർദം ശക്തമാക്കാനും ജി-7 നേതാക്കൾ തീരുമാനിച്ചു. ഉച്ചകോടിയിൽ യുക്രൈൻ പ്രസിഡന്റ് വൊളോദിമിർ സെലെൻസ്കിയും പ്രത്യേക ക്ഷണിതാവായി പങ്കെടുത്തു.
