ഫ്രാൻസ്: ജി-7 ഉച്ചകോടിക്കിടെ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോനിയും തമ്മിൽ നടന്ന ഹൃദ്യമായ സംഭാഷണം സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ലോകനേതാക്കളുടെ ഔദ്യോഗിക ഗ്രൂപ്പ് ഫോട്ടോയ്ക്ക് മുൻപായിരുന്നു ഇരുവരുടെയും സൗഹൃദപരമായ നിമിഷം.
നേതാക്കളുടെ നിരയിലേക്ക് എത്തിയ മോദിയെ “വീണ്ടും കണ്ടതിൽ സന്തോഷം” എന്ന് പറഞ്ഞാണ് മെലോനി സ്വാഗതം ചെയ്തത്. തുടർന്ന് ഇരുവരുടെയും സോഷ്യൽ മീഡിയ ജനപ്രീതിയെക്കുറിച്ച് മോദി പരാമർശിച്ചതോടെ, “അതെ, നമ്മൾ ഇൻസ്റ്റാഗ്രാമിലെ ഏറ്റവും പ്രശസ്തമായ ജോഡിയാണ്” എന്ന് ചിരിച്ചുകൊണ്ട് മെലോനി മറുപടി നൽകി.
ഇരുനേതാക്കളുടെയും പേരുകൾ കൂട്ടിച്ചേർത്ത് സോഷ്യൽ മീഡിയയിൽ പ്രചാരത്തിലായ ‘#Melodi’ ഹാഷ്‌ടാഗ് കഴിഞ്ഞ മൂന്ന് വർഷമായി വലിയ ശ്രദ്ധ നേടിയിട്ടുണ്ട്. 2023-ൽ ദുബായിൽ നടന്ന കോപ്28 ഉച്ചകോടിക്കിടെ മോദിക്കൊപ്പമുള്ള സെൽഫി “Good friends at COP28 #Melodi” എന്ന അടിക്കുറിപ്പോടെ മെലോനി പങ്കുവെച്ചതോടെയാണ് ഈ ട്രെൻഡ് കൂടുതൽ ജനപ്രീതി നേടിയത്.
കഴിഞ്ഞ മാസം മോദി റോം സന്ദർശിച്ചപ്പോൾ, ഈ ട്രെൻഡിനെ ഓർമിപ്പിക്കുന്ന തരത്തിൽ ‘മെലഡി’ ചോക്ലേറ്റിന്റെ പാക്കറ്റ് മെലോനിക്ക് സമ്മാനമായി നൽകിയതും ശ്രദ്ധ നേടിയിരുന്നു. അതിന്റെ വീഡിയോ മണിക്കൂറുകൾക്കകം കോടിക്കണക്കിന് ആളുകളാണ് കണ്ടത്.
