Home » Blog » kerala Max » ആഘോഷം ദുരന്തമായി; രാജ്യത്ത് ദീപാവലി രാത്രിയിൽ പടക്ക അപകടങ്ങളിൽ 5 മരണം, കണ്ണുകൾക്ക് പരിക്കേറ്റ് നിരവധി പേർ
diw

ന്യൂ ഡൽഹി: ദീപാവലി ആഘോഷങ്ങൾക്കിടെ രാജ്യത്തുടനീളമുണ്ടായ അപകടങ്ങളിൽ 5 മരണം. വിവിധ സംസ്ഥാനങ്ങളിലായി 300ലേറെ പേർക്ക് പരിക്ക്. ഡൽഹി, തമിഴ് നാട്, രാജസ്ഥാൻ, പൂനൈ എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതൽ അപകടങ്ങൾ റിപ്പോർട്ട് ചെയ്തത്. തമിഴ് നാട്ടിൽ മാത്രം 269 പേർ പൊള്ളലേറ്റ് ചികിത്സ തേടിയതായി ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു. ഹൈദരാബാദിൽ ദീപാവലി ആഘോഷത്തിനിടെ പടക്കം പൊട്ടി കണ്ണിന് പരിക്കേറ്റ 32 പേർ ചികിത്സ തേടി. ഇവരിൽ ഒരാളുടെ വലതു കണ്ണിന്റെ കാഴ്ച പൂർണമായും നഷ്ടപ്പെട്ടതായി അധികൃതർ അറിയിച്ചു. പരിക്കേറ്റവരിൽ നാല് കുട്ടികൾ ഉൾപ്പെടെ ആറ് പേർ ആശുപത്രിയിൽ ചികിത്സയിലാണ്. ദീപാവലി ആഘോഷങ്ങൾക്കിടെ മുംബൈൽ മാത്രം 28 തീപിടിത്തങ്ങളുണ്ടായി. ഡോംഗ്രി – ഹാജി കാസം ചൗളിൽ നിരവധി കടകളും കുടിലുകളും കത്തിനശിച്ചു. നവംബർ 7 രാവിലെ 7 മണി മുതൽ നവംബർ 8 രാവിലെ 7 മണിവരെയുള്ള 24 മണിക്കൂറിലെ കണക്കുകളാണ് പുറത്തുവന്നിട്ടുള്ളത്.

മുംബൈ അന്ധേരിയിലെ 27 നില കെട്ടിടത്തിലെ തീപിടിത്തത്തിൽ ലിഫ്റ്റ് ഓപ്പറേറ്റർ ശ്വാസംമുട്ടി മരിച്ചു. അന്ധേരി വെസ്റ്റിലെ റൺവാൾ എലഗന്റെ അപ്പാർട്ട്മെന്റിലാണ് തീപിടിത്തമുണ്ടായത്. പതിനേഴാം നിലയിലായിരുന്നു തീപിടിത്തം. പുക ശ്വസിച്ച് ലിഫ്റ്റ് ഓപ്പറേറ്റർ ധൻപത് മഹാതുവാണ് മരിച്ചത്. ദീപാവലി പൂജയുടെ ദീപത്തിൽ നിന്നാണ് തീ പടർന്നത്. രാജസ്ഥാനിലെ പാലി ജില്ലയിലെ ഫാൽനയിൽ പടക്കക്കടയ്ക്ക് തീപിടിച്ച് രണ്ടുപേർ മരിച്ചു, മൂന്നുപേരെ കാണാതായി. പടക്കത്തിൽ നിന്നും ഒരു തീപ്പൊരി കടയിൽ വീണതാണ് അപകട കാരണം. ദീപാവലി ആഘോഷങ്ങൾക്കിടെ പടക്കം പൊട്ടിക്കുന്നതിനിടെയുണ്ടായ അപകടങ്ങളിൽ തമിഴ്‌നാട്ടിൽ ഒരു കുട്ടി മരിച്ചു. ഡൽഹി നരേല രാജീവ് കോളനിയിൽ റോക്കറ്റ് പടക്കം വയറ്റിൽ തട്ടി പത്തു വയസുകാരൻ മരിച്ചു. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Leave a Reply

Your email address will not be published. Required fields are marked *