Your Image Description Your Image Description

കടുവ കടിച്ചു കൊന്ന മലപ്പുറം ചോക്കാട് സ്വദേശി ഗഫൂർ അലിയുടെ ഭാര്യ ഉള്ളാട്ടിൽ ഹന്നത്ത് വനം വകുപ്പിൽ താൽക്കാലിക ജീവനക്കാരിയായി ജോലിയിൽ പ്രവേശിച്ചു. നിലമ്പൂർ സൗത്ത് ഡിഎഫ്ഒ ഓഫീസിൽ എത്തിയാണ് ജോലിയിൽ പ്രവേശിച്ചത്. കഴിഞ്ഞ മെയ് 15 നാണ് കാളികാവ് അടക്കാക്കുണ്ട് എസ്റ്റേറ്റിൽ വെച്ച് ടാപ്പിംഗിനിടയിൽ ഗഫൂർ അലിയെ കടുവ കടിച്ച് കൊന്നത്. സംഭവത്തിൽ വലിയ പ്രതിഷേധമാണ് നാട്ടുകാ‍ർ ഉയർത്തിയത്. തുടർന്ന് സർക്കാർ‌ കുടുംബത്തിന് താൽക്കാലിക ആശ്വാസമെന്ന നിലയിൽ മരിച്ച ​ഗഫൂറിൻ്റെ ഭാര്യയ്ക്ക് ജോലി നൽകുകയായിരുന്നു.

അതേസമയം, ആളെക്കൊല്ലി കടുവയെ ഈയടുത്താണ് പിടികൂടിയത്. വനംവകുപ്പിന്റെ കെണിയിൽ വീണ കടുവ 53-ാം ദിനമാണ് കൂട്ടിലായത്. മെയ് അവസാനത്തോടെ ആളക്കൊല്ലി കടുവക്കായി വെച്ച കൂട്ടിൽ പുലി കുടുങ്ങിയിരുന്നു. കേരള എസ്റ്റേറ്റ് സി വൺ ഡിവിഷനിൽ സ്ഥാപിച്ച കൂട്ടിലാണ് പുലി കുടുങ്ങിയത്.

സുഹൃത്തായ അബ്ദുൽ സമദ് കണ്ടുനിൽക്കേയാണ് കടുവ ഗഫൂറിനു മേൽ ചാടിവീണ് കഴുത്തിനു പിന്നിൽ കടിച്ചുവീഴ്ത്തി വലിച്ചിഴച്ചു കൊണ്ടുപോയത്. ഇതോടെ കടുവക്കായി പ്രദേശത്ത് 20 അംഗങ്ങൾ വീതമുള്ള മൂന്ന് ആർആർട്ടി സംഘങ്ങളായി തെരച്ചിൽ തുടരുകയും കടുവയെ പിടികൂടാൻ കൂട് സ്ഥാപിക്കുകയും ചെയ്തു. എന്നാൽ കടുവ കെണിയിലായിരുന്നില്ല. ലൈവ് സ്ട്രീമിംഗ് ക്യാമറകൾ, ഡ്രോണുകൾ, മൂന്ന് കൂടുകൾ, രണ്ട് കുങ്കി ആനകൾ, മൂന്ന് വെറ്ററിനറി ഡോക്ടർമാർ ഉൾപ്പെടെ ഉപയോഗിച്ചാണ് വനം വകുപ്പ് തെരച്ചിൽ നടത്തിയിരുന്നത്. അങ്ങനെയിരിക്കെ രണ്ടു മാസത്തോളം അടുക്കുമ്പോഴാണ് കടുവ കെണിയിലായത്. കടുവയെ പിടികൂടിയപ്പോഴും നാട്ടുകാർ പ്രതിഷേധവുമായി എത്തിയിരുന്നു. ഒടുവിൽ കടുവയെ മറ്റൊരിടത്ത് തുറന്നുവിടില്ലെന്ന് മന്ത്രി എകെ ശശീന്ദ്രൻ ഉറപ്പ് നൽകിയതിന് ശേഷമാണ് നാട്ടുകാർ പിരിഞ്ഞു പോയത്.

Related Posts