Your Image Description Your Image Description

തലവടി സ്വദേശിയായ മെഡിക്കൽ റെപ്രെസെന്ററ്റീവിനെ ഓൺലൈൻ ബിഡിങ് കമ്പനിയുടെ പ്രതിനിധിയായി ആൾമാറാട്ടം നടത്തി ഷെയർ ട്രേഡിങ്ങിലൂടെ ലാഭവും ഓൺലൈൻ ജോബും വാഗ്ദാനം ചെയ്ത് 25,51,897 രൂപ വഞ്ചിച്ചെടുത്ത കേസിൽ മലപ്പുറം മൂർക്കനാട് വില്ലേജിൽ വേങ്ങാട് മൂർക്കനാട് പഞ്ചായത്ത് വാർഡ് 16 ൽ തെങ്കാശി കുറ്റിക്കാട്ടുപറമ്പിൽ വീട്ടിൽ സുനീഷ് കെ .പി (26 ) നെ ആലപ്പുഴ സൈബർ ക്രൈം പോലീസ് മലപ്പുറം കുളത്തൂരിൽ നിന്നും അറസ്റ്റ് ചെയ്തത്. പരാതിക്കാരനിൽ നിന്നും അയച്ചുവാങ്ങിയ പണം ചെക്ക് വഴിയും എടിഎം മുഖേനയും പിൻവലിച്ചാണ് പ്രതി ഓൺലൈൻ തട്ടിപ്പ് നടത്തിയത്.ഈ കേസിൽ മലപ്പുറം സ്വദേശികളായ അർജുൻ (26 ), ദഹീൻ(21 ), തൃശൂർ സ്വദേശി ഷജീർ (41 ) എന്നിവരെ സൈബർ ക്രൈം പോലീസ് മുൻപ് അറസ്റ്റ് ചെയ്തിരുന്നു. വെബ്‌സൈറ്റിൽ യൂസർ ഐ.ഡി, പാസ്സ്‌വേർഡ് എന്നിവ നൽകി രജിസ്റ്റർ ചെയ്യിപ്പിച്ച് കൃത്രിമമായ ലാഭം പ്രദർശിപ്പിച്ചും പരാതിക്കാരന്റെ വിശ്വാസ്യത ആർജ്ജിച്ച ശേഷമാണ് പ്രതികൾ ഇത്തരത്തിൽ തട്ടിപ്പ് നടത്തിയത്.

വിവിധ അക്കൗണ്ടുകളിലേക്ക് 15 തവണയായാണ് കഴിഞ്ഞ രണ്ടു മാസത്തിനിടെ പരാതിക്കാരൻ പ്രതികൾക്ക് ചതിയിൽപ്പെട്ടു പണമയച്ചുകൊടുത്തത്. പരാതിക്കാരൻ നാഷണൽ സൈബർ ക്രൈം പോർട്ടലിന്റെ (www .cybercrime.gov.in) 1930 എന്ന ടോൾഫ്രീ നമ്പറിൽ പരാതിപ്പെട്ടതിന്റെ അടിസ്‌ഥാനത്തിൽ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കുന്നതിനും തുടർന്ന് ബാങ്ക് അക്കൗണ്ടുകൾ കേന്ദ്രീകരിച്ചു പ്രതികളെ പിടികൂടാനും സാധിച്ചിട്ടുള്ളതാണ്. പ്രതിയുടെ കുറ്റസമ്മത മൊഴി പ്രകാരം കൊപ്പം സ്വദേശിയായ ആൾക്കാണ് പ്രതി പണം കൈമാറിയിട്ടുള്ളത്.

പരാതിക്കാരനെ ബന്ധപ്പെട്ടിട്ടുള്ള സമൂഹ മാധ്യമ അക്കൗണ്ടുകൾ കേന്ദ്രീകരിച്ച് അന്വേഷണം നടത്തി വരുന്നതായും ഉടൻതന്നെ കൂടുതൽ അറസ്റ്റുകൾ നടത്തുമെന്നും ആലപ്പുഴ സൈബർ ക്രൈം പോലീസ് ഇൻസ്‌പെക്ടർ അറിയിച്ചു. ആലപ്പുഴ ഡി .സി. ആർ. ബി ഡി.വൈ.എസ്.പി എം. എസ്. സന്തോഷിൻറെ നിർദ്ദേശപ്രകാരം ആലപ്പുഴ സൈബർ ക്രൈം പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ ഏലിയാസ് പി ജോർജിന്റെ നേതൃത്വത്തിൽ സബ് ഇൻസ്‌പെക്ടർ ശരത്ചന്ദ്രൻ വി. എസ്, സിവിൽ പോലീസ് ഓഫീസർമാരായ ജേക്കബ് സേവ്യർ, ആരതി കെ. യു, അജിത് പി .എം എന്നിവർ മലപ്പുറം ജില്ലയിലെ കുളത്തൂരിലെത്തി നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ ആലപ്പുഴ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് രഞ്ജിത് കൃഷ്ണൻ എൻ മുൻപാകെ ഹാജരാക്കി. തെലങ്കാന, കർണ്ണാടക സംസ്‌ഥാനങ്ങളിൽ ഇയാൾക്കെതിരെ പരാതികൾ നിലവിലുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Related Posts