Your Image Description Your Image Description

ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ പൗരി ജില്ലയിൽ ഖോ നദിയിലെ ശക്തമായ ഒഴുക്കിൽപ്പെട്ട് ഒഴുകിപ്പോയ ഒരു ആനക്കുട്ടിയെ രക്ഷിക്കാൻ കൂട്ടമായി ആനകൾ നടത്തിയ ശ്രമമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമായി മാറിയിരിക്കുന്നത് . സെപ്റ്റംബർ 2 ന് വൈകുന്നേരം നടന്ന ഈ സംഭവം ആനകളുടെ ഐക്യദാർഢ്യത്തെയും അതിശയകരമായ ഏകോപനശേഷിയെയും ഓർമ്മിപ്പിക്കുന്ന ഒന്നായിരുന്നു എന്നാണ് ഇത് കണ്ട ആളുകളുടെ പ്രതികരണം.

ലാൻസ്‌ഡൗൺ ഫോറസ്റ്റ് ഡിവിഷനിലെ ദുഗദ്ദ റേഞ്ചിലാണ് സംഭവം നടന്നത്. സന്ധ്യയായപ്പോൾ, ദാഹമകറ്റാൻ നദിയിലേക്ക് ഇറങ്ങിയ ആനക്കൂട്ടത്തിലെ ഒരു കുഞ്ഞൻ ആനക്കുട്ടി കാൽതെറ്റി ശക്തമായ ഒഴുക്കിൽപ്പെട്ടു. ജീവൻ രക്ഷിക്കാൻ വേണ്ടിയുള്ള ആനക്കുട്ടിയുടെ നിലവിളി കേട്ടതോടെ, ഏഴ് മുതൽ എട്ട് വരെ ആനകളുടെ ഒരു സംഘം ഉടനടി നദിയിലേക്ക് ഇറങ്ങി, ഉച്ചത്തിൽ ചിഹ്നം വിളിച്ച് മറ്റ് ആനകളെ വിവരമറിയിച്ചു.

ഈ അടിയന്തര സൂചന ലഭിച്ചതോടെ, 25 മുതൽ 30 വരെ ആനകളുള്ള ഒരു വലിയ സംഘം യാതൊരു മടിയും കൂടാതെ നദിയിലേക്ക് ഇറങ്ങി. ശ്രദ്ധേയമായ ഏകോപനത്തോടെ അവർ വെള്ളത്തിൽ ഇറങ്ങുകയും, ഒഴുക്കിൽപ്പെട്ട ആനക്കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുകയും ചെയ്തു. കുറച്ചു സമയത്തിനുള്ളിൽ, അവരുടെ കൂട്ടായ ശ്രമത്തിലൂടെ ആനക്കുട്ടിയെ സുരക്ഷിതമായി കരയ്‌ക്കെത്തിക്കാൻ അവർക്ക് കഴിഞ്ഞു. രക്ഷാപ്രവർത്തനത്തിന്റെ ചില ഭാഗങ്ങൾ മൊബൈൽ ഫോണിൽ പകർത്തിയതായി പറയുന്ന ഒരു നാട്ടുകാരൻ, ഇത് അവിശ്വസനീയമായ കാഴ്ചയായിരുന്നുവെന്ന് പറഞ്ഞു.

Related Posts