Your Image Description Your Image Description

ന്യൂഡൽഹി: ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് 25 ശതമാനം തീരുവയും പിഴയും ചുമത്തിയ അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ പ്രഖ്യാപനത്തിന് പിന്നാലെ, പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ആഞ്ഞടിച്ച് കോൺഗ്രസ്. ട്രംപുമായുള്ള മോദിയുടെ “സൗഹൃദം” വെറും പൊള്ളയാണെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ് വിമർശിച്ചു.

“പ്രസിഡന്റ് ട്രംപ് ഇന്ത്യയിൽ നിന്നുള്ള ഇറക്കുമതിക്ക് 25 ശതമാനം തീരുവയും പിഴയും ചുമത്തിയിരിക്കുന്നു. ‘ഹൗഡി മോദി’യിലെ എല്ലാ പ്രശംസകളും വെറുതെയായി,” ജയറാം രമേശ് എക്സിൽ കുറിച്ചു. മുൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയെപ്പോലെ അമേരിക്കൻ പ്രസിഡന്റിനെതിരെ ശക്തമായ നിലപാടെടുക്കാൻ മോദി തയ്യാറാകണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു.

ട്രംപിന്റെ വിവിധ പ്രസ്താവനകളെയും നടപടികളെയും ഓപ്പറേഷൻ സിന്ദൂർ തടഞ്ഞെന്ന അവകാശവാദം, പാകിസ്ഥാൻ സൈനിക മേധാവിക്ക് നൽകിയ പ്രത്യേക ഉച്ചഭക്ഷണം, പാകിസ്ഥാന് സാമ്പത്തിക സഹായത്തിനുള്ള അമേരിക്കൻ പിന്തുണ തുടങ്ങിയവ മോദി കണ്ടില്ലെന്ന് നടിച്ചത് പ്രത്യേക പരിഗണന ലഭിക്കുമെന്ന് കരുതിയതുകൊണ്ടാണെന്നും എന്നാൽ അത് നടന്നില്ലെന്നും ജയറാം രമേശ് ചൂണ്ടിക്കാട്ടി.

ട്രംപ് തന്റെ ഉറ്റ സുഹൃത്താണെന്ന് മോദി അവകാശപ്പെടുന്നുണ്ടെങ്കിലും, ഇന്ത്യക്ക് മേൽ തീരുവ ചുമത്തുക എന്നതായിരുന്നു അമേരിക്കൻ പ്രസിഡന്റിന്റെ യഥാർത്ഥ അജണ്ടയെന്ന് കോൺഗ്രസ് എംപി ചമല കിരൺ കുമാർ റെഡ്ഡി പറഞ്ഞു. ഇത് ഇന്ത്യൻ കയറ്റുമതിയെയും സമ്പദ്‌വ്യവസ്ഥയെയും പ്രതികൂലമായി ബാധിക്കുമെന്നും അതിനാൽ യുഎസുമായി എത്രയും പെട്ടെന്ന് ഒരു വ്യാപാര കരാർ ചർച്ച ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Related Posts