
ഡൽഹി: 2027-ൽ നടക്കാനിരിക്കുന്ന ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഒരുക്കങ്ങൾ വേഗത്തിലാക്കി കോൺഗ്രസ്. എസ്.പിയുമായുള്ള സീറ്റ് വിഭജന ചർച്ചകൾക്ക് ഇന്ന് (നവംബർ 17) തുടക്കമാകും. തിരഞ്ഞെടുപ്പ് തന്ത്രങ്ങൾ ആവിഷ്കരിക്കുന്നതിനായി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ വസതിയിൽ ചേർന്ന ഉന്നതതല യോഗത്തിൽ ഡിസംബർ ആദ്യവാരം തന്നെ പ്രചാരണ പരിപാടികൾക്ക് തുടക്കം കുറിക്കാൻ തീരുമാനിച്ചു.
പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, എ.ഐ.സി.സി ജനറൽ സെക്രട്ടറിമാരായ പ്രിയങ്ക ഗാന്ധി, കെ.സി. വേണുഗോപാൽ, യു.പി ചുമതലയുള്ള രാജേന്ദ്ര പാൽ ഗൗതം, പി.സി.സി അധ്യക്ഷ ആരാധന മിശ്ര, വർക്കിംഗ് പ്രസിഡന്റ് ഇമ്രാൻ മസൂദ്, നിയമസഭാ കക്ഷി നേതാവ് വീരേന്ദ്ര ചൗധരി എന്നിവർ യോഗത്തിൽ പങ്കെടുത്തു. ഉത്തർപ്രദേശിലെ ജനങ്ങൾ രാഷ്ട്രീയ മാറ്റം ആഗ്രഹിക്കുന്നുണ്ടെന്നും ഇന്ത്യ സഖ്യത്തിലൂടെ സംസ്ഥാനത്ത് ശക്തമായ ബദൽ അവതരിപ്പിക്കുമെന്നും ഖാർഗെ വ്യക്തമാക്കി. 2024-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലേതുപോലെ സഖ്യകക്ഷികളോടൊപ്പം ചേർന്ന് ബി.ജെ.പിയെ പരാജയപ്പെടുത്തുമെന്ന് കെ.സി. വേണുഗോപാലും കൂട്ടിച്ചേർത്തു.
403 അംഗ നിയമസഭയിൽ 181 സീറ്റുകളിൽ മത്സരിക്കാനാണ് കോൺഗ്രസ് സമാജ്‌വാദി പാർട്ടിയോട് താല്പര്യം പ്രകടിപ്പിച്ചിട്ടുള്ളത്. എന്നാൽ, ഓരോ മണ്ഡലത്തിലെയും വിജയസാധ്യതയും മുൻ തിരഞ്ഞെടുപ്പ് ഫലങ്ങളും കണക്കിലെടുത്തായിരിക്കണം സീറ്റ് വിഭജനമെന്നാണ് എസ്.പി അധ്യക്ഷൻ അഖിലേഷ് യാദവിന്റെ നിലപാട്. അതേസമയം, സഖ്യത്തിൽ യാതൊരുവിധ വിള്ളലുമുണ്ടാകില്ലെന്നും ഇരുപാർട്ടികളും പരസ്പര ബഹുമാനത്തോടെ ഒറ്റക്കെട്ടായി മത്സരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
