
ഡൽഹി: വോട്ടർ പട്ടികയുടെ പ്രത്യേക തീവ്ര പരിഷ്കരണ നടപടികളുമായി ബന്ധപ്പെട്ട് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനോട് 48 ചോദ്യങ്ങൾ ഉന്നയിക്കാൻ അനുമതി തേടി ഇന്ത്യാ സഖ്യ നേതാക്കൾ സുപ്രീംകോടതിയെ സമീപിച്ചു. എസ്.ഐ.ആർ. നടപടികളെ ചോദ്യം ചെയ്തുകൊണ്ട് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ നൽകിയ പ്രധാന ഹർജിയിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ നൽകിയ മറുപടി അപര്യാപ്തമാണെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷം പുതിയ അപേക്ഷ നൽകിയത്. കേസ് ഇന്ന് (നവംബർ 17) പരിഗണിച്ചേക്കും.
എസ്.ഐ.ആറുമായി ബന്ധപ്പെട്ട് ഇറക്കിയ ഉത്തരവുകളെല്ലാം തിരഞ്ഞെടുപ്പ് കമ്മീഷണർമാർ ഏകകണ്ഠമായാണ് എടുത്തതെന്ന കമ്മീഷന്റെ മറുപടി സത്യവാങ്മൂലത്തിൽ വ്യക്തത തേടുന്നതാണ് 48 ചോദ്യങ്ങളിൽ പ്രധാനം. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ, കമ്മീഷണർമാരായ സുഖ്ബീർ സിംഗ് സന്ധു, വിവേക് ജോഷി എന്നിവർ നേരിട്ട് ഒപ്പുവെച്ച സത്യവാങ്മൂലത്തിലൂടെയാണ് മറുപടി നൽകേണ്ടതെന്ന് ഹർജിക്കാർ ആവശ്യപ്പെട്ടു.
