
കൊട്ടാരക്കര: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കെതിരെ സോളർ സാമ്പത്തിക തട്ടിപ്പ് കേസ് പ്രതി നൽകിയ പീഡനപരാതി അദ്ദേഹത്തിന്റെ ആരോഗ്യത്തെ മോശമായി ബാധിച്ചെന്ന് മുൻ പ്രൈവറ്റ് സെക്രട്ടറി പി.എസ്. ശ്രീകുമാർ കോടതിയിൽ മൊഴി നൽകി. പരാതിയുമായി ബന്ധപ്പെട്ട വിവാദങ്ങൾ ഉമ്മൻ ചാണ്ടിയെ വലിയ മാനസിക സമ്മർദത്തിലാക്കിയെന്നും അദ്ദേഹം പറഞ്ഞു. കൊട്ടാരക്കര ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ നടന്ന വിചാരണയിലാണ് വെളിപ്പെടുത്തൽ. സോളർ അന്വേഷണ കമ്മിഷന് മുന്നിൽ പരാതിക്കാരി ഹാജരാക്കിയ കത്തിൽ നാല് പേജുകൾ കൂട്ടിച്ചേർത്തതിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന ആരോപണവുമായി ബന്ധപ്പെട്ട കേസിലാണ് മൊഴി.
2013ൽ പരാതിക്കാരി ഒരിക്കൽ മാത്രമാണ് ഉമ്മൻ ചാണ്ടിയുടെ ഓഫീസിലെത്തിയതെന്നും ദുരിതാശ്വാസ നിധിയിലേക്ക് ചെക്ക് നൽകാനാണ് എത്തിയതെന്നുമാണ് ശ്രീകുമാറിന്റെ മൊഴി. ചെക്ക് വാങ്ങി ധനകാര്യ സെക്രട്ടറിക്ക് കൈമാറിയെന്നും പിന്നീട് മാത്രമാണ് അവർ സോളർ സാമ്പത്തിക തട്ടിപ്പ് കേസിലെ പ്രതിയാണെന്ന് അറിഞ്ഞതെന്നും അദ്ദേഹം വ്യക്തമാക്കി. ഗണേഷ്കുമാറിന്റെ കുടുംബപ്രശ്നം പരിഹരിക്കാൻ ഉമ്മൻ ചാണ്ടി ഏറെ ശ്രമിച്ചിരുന്നുവെന്നും വിവാദത്തെത്തുടർന്ന് ഉറക്കം നഷ്ടപ്പെട്ടതായും രക്തസമ്മർദം വർധിച്ചതായും ഗണേഷ്കുമാർ തന്നോട് പറഞ്ഞിരുന്നുവെന്നും ശ്രീകുമാർ മൊഴി നൽകി. കോടതി കുറ്റവിമുക്തനാക്കിയ സമയത്ത് ബെംഗളൂരുവിൽ ചികിത്സയിലായിരുന്ന ഉമ്മൻ ചാണ്ടി, ‘സത്യം തെളിഞ്ഞു’ എന്നാണ് പ്രതികരിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
