Your Image Description Your Image Description

വെള്ളൂർ ഗ്രാമപഞ്ചായത്തിലെ ഇറുമ്പയം പെരുന്തട്ടിൽ മൂന്നു കോടി രൂപ ചെലവഴിച്ചു നിർമിക്കുന്ന സ്‌റ്റേഡിയം അവസാനഘട്ടത്തിലേക്ക്. സംസ്ഥാന സർക്കാർ 2020-21 ലെ ബജറ്റിൽ കായികവകുപ്പിന് പ്ലാൻ ഫണ്ട് വഴിയാണ് സ്‌റ്റേഡിയം നിർമാണത്തിന് തുക അനുവദിച്ചത്.

ഗാലറിയുടെ നവീകരണം, മഡ്ഫുട്ബോൾ കോർട്ട്, ഫ്ളഡ് ലൈറ്റിംഗ്, എൽ.ഇ.ഡി ലൈറ്റിംഗ് സംവിധാനത്തോടുകൂടിയ ഇൻഡോർ ബാഡ്മിന്റൺ കോർട്ട്, ശുചിമുറി, ഗേറ്റ്, ഡ്രെയ്നേജ്, ഫെൻസിംഗ് എന്നീ സൗകര്യങ്ങളാണ് സ്‌റ്റേഡിയം സമുച്ചയത്തിൽ ഒരുക്കുന്നത്. 85 ശതമാനം പ്രവൃത്തികൾ നിലവിൽ പൂർത്തികരിച്ചിട്ടുണ്ട്.

സ്‌റ്റേഡിയത്തിൽ സോളാർ ലൈറ്റിംഗ് സിസ്റ്റവും ഓപ്പൺ ജിം അടക്കമുള്ള സൗകര്യങ്ങൾ ചെയ്യുവാനുള്ള നടപടികൾ പൂർത്തിയായി വരുകയാണ്. കായിക ന്യൂനപക്ഷക്ഷേമ വകുപ്പ് മന്ത്രി വി. അബ്ദു റഹ്‌മാനാണ് സ്റ്റേഡിയത്തിന്റെ നിർമാണ ഉദ്ഘാടനം നിർവ്വഹിച്ചത്. സ്പോർട്സ് കേരള ഫൗണ്ടേഷനാണ് സ്റ്റേഡിയത്തിന്റെ നിർവഹണ ഏജൻസി.

സെപ്റ്റംബർ അവസാനത്തോടെ സ്‌റ്റേഡിയം പൊതുജനങ്ങൾക്ക് തുറന്നുകൊടുക്കുക എന്ന രീതിയിലാണ് നിർമാണ പ്രവർത്തനങ്ങൾ മുന്നോട്ട് പോകുന്നത്. വൈക്കം നിയോജക മണ്ഡലത്തിൽ പൂർണ്ണമായും സർക്കാർ ഉടമസ്ഥതയിലുളള അക്കരപ്പാടം ടർഫ് സ്റ്റേഡിയം കഴിഞ്ഞ മാസമാണ് തുറന്നുകൊടുത്തത്. കൂടാതെ വൈക്കം തെക്കേനട ബോയ്സ് ഹയർസെക്കൻഡറി സ്‌കൂളിലും ഗവൺമെന്റ് വൈക്കം വെസ്റ്റ് വൊക്കേണൽ ഹയർ സെക്കൻഡറി സ്‌കൂളിലും രണ്ട് സ്റ്റേഡിയങ്ങൾ കൂടി നിർമാണം ആരംഭിക്കാനുളള നടപടികളും പൂർത്തിയായിവരികയാണെന്ന് സി.കെ. ആശ എം.എൽ.എ. പറഞ്ഞു.

Related Posts