Your Image Description Your Image Description

തൃശൂര്‍: റോഡരികിൽ കാർ നന്നാക്കുന്നതിനിടെ എത്തി വാക്കുതർക്കത്തിലേർപ്പെട്ട് അച്ഛനെയും മകനെയും കുത്തിക്കൊലപ്പെടുത്തിയ പ്രതിയ്ക്ക് ശിക്ഷ വിധിച്ച് കോടതി. മൂന്ന് ജീവപര്യന്തം കഠിന തടവും 20 ലക്ഷം രൂപ പിഴയുമാണ് ശിക്ഷ. പല്ലിശേരി സ്വദേശിയായ കിഴക്കൂടന്‍ വീട്ടില്‍ 62 കാരനായ വേലപ്പനെയാണ് കോടതി ശിക്ഷിച്ചത്. തൃശൂര്‍ പട്ടികജാതി പട്ടികവര്‍ഗ അതിക്രമങ്ങള്‍ തടയുന്നതിനായുള്ള സ്‌പെഷ്യല്‍ കോടതിയാണ് ശിക്ഷ വിധിച്ചത്. പല്ലിശേരി സ്വദേശി ചന്ദ്രനേയും മകന്‍ ജിതിന്‍ കുമാറിനേയും ഇയാള്‍ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു.

കേസില്‍ വിവിധ വകുപ്പുകളിലായി മൂന്ന് ജീവപര്യന്തം, മൂന്ന് വര്‍ഷവും ഒരു മാസവും തടവ്, 20,50,500 രൂപ പിഴ എന്നിവയാണ് വിധിച്ചത്. പിഴ സംഖ്യയില്‍ നിന്ന് 10 ലക്ഷം രൂപ കൊല്ലപ്പെട്ട ജിതിന്‍ കുമാറിന്റെ ഭാര്യ നീനുവിനും 5 ലക്ഷം രൂപ കൊല്ലപ്പെട്ട ചന്ദ്രന്റെ ഭാര്യ രാധയ്ക്കും നല്‍കണമെന്നും വിധിയില്‍ പറയുന്നു.

ചേര്‍പ്പ് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പല്ലിശ്ശേരിയില്‍ 2022 നവംബര്‍ 28ന് രാത്രി 10.45 മണിയോടെയായിരുന്നു രണ്ട് കുടുംബങ്ങളെ അനാഥമാക്കിയ നാടിനെ നടുക്കിയ ഇരട്ടക്കൊലപാതകം നടന്നത്. വാഹനങ്ങളില്‍ സൗണ്ട് സിസ്റ്റങ്ങള്‍ ഘടിപ്പിക്കുന്ന ജോലിയാണ് ജിതിന്‍കുമാര്‍ ചെയ്തിരുന്നത്. റോഡരികിൽ ഒരു കാറില്‍ ആംപ്ലിഫയര്‍ ഫിറ്റ് ചെയ്യുമ്പോള്‍ പരിസരവാസിയായ വേലപ്പന്‍ വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടു. തുടർന്ന് ജിതിന്‍കുമാറിനെയും അച്ഛന്‍ ചന്ദ്രനേയും കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. 2008 ല്‍ ചേര്‍പ്പ് ഗവ. ആശുപത്രിയില്‍ വച്ച് ജോഷി എന്ന യുവാവിനെ കുത്തിക്കൊന്ന കേസടക്കം നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയും ചേര്‍പ്പ് പൊലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റില്‍ ഉള്‍പ്പെട്ടയാളുമാണ് പ്രതി വേലപ്പന്‍.

ചേര്‍പ്പ് പൊലീസ് സ്റ്റേഷന്‍ സബ് ഇന്‍സ്‌പെക്ടര്‍ ആയിരുന്ന ജെ ജെയ്‌സണ്‍, ഇന്‍സ്‌പെക്ടര്‍ ടി വി ഷിബു, ഇരിഞ്ഞാലക്കുട ഡിവൈഎസ്പി ബാബു. കെ തോമസ് എന്നിവരാണ് കേസ് അന്വേഷിച്ചത്. ഗ്രേഡ് എസ്ഐമാരായ ദിലീപ്കുമാര്‍ ടിജി, സുമല്‍ പി.എ, സരസപ്പന്‍ എന്നിവര്‍ അന്വേഷണ സംഘത്തിലുണ്ടായിരുന്നു. കേസ് വിസ്താര വേളയില്‍ പ്രോസിക്യൂഷന്‍ നടപടികള്‍ ഏകോപിപ്പിച്ചത് ലെയ്‌സണ്‍ ഓഫിസറായ സിജിത്താണ്. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. എ കെ. കൃഷ്ണന്‍ ഹാജരായി.

Leave a Reply

Your email address will not be published. Required fields are marked *

Related Posts