Your Image Description Your Image Description

തിരുവനന്തപുരം: നൈപുണ്യ മേഖലകളിലെ ചാമ്പ്യൻമാരെ കണ്ടെത്താൻ ഇന്ത്യാ സ്കിൽസ് വേദിയൊരുങ്ങി. തൊഴിൽ പരിശീലനത്തിലെയും നൈപുണ്യ വികസനത്തിലും മികവ് പുലർത്തുന്നവരെ കണ്ടെത്താനാണ് ഇന്ത്യാ സ്കിൽസ് മത്സര പരിപാടി സംഘടിപ്പിക്കുന്നത്. 2025-ലെ ഇന്ത്യാ സ്കിൽസ് മത്സരത്തിന്റെ (ഐഎസ്‍സി) രജിസ്ട്രേഷന് തുടക്കമായി. കേന്ദ്ര നൈപുണ്യ വികസന സംരംഭകത്വ മന്ത്രാലയം (എംഎസ്ഡിഇ) ഐഎസ്‍സി 2025 രജിസ്ട്രേഷൻ ലിങ്ക് പുറത്തിറക്കി. 36 സംസ്ഥാന – കേന്ദ്രഭരണ പ്രദേശങ്ങളിലെ മത്സരാർത്ഥികൾ 63 നൈപുണ്യമേഖലകളിൽ മത്സരിക്കും. സ്കിൽ ഇന്ത്യ ഡിജിറ്റൽ ഹബ് (എസ്ഐഡിഎച്ച്) പോർട്ടൽ വഴി ഓൺലൈനായി രജിസ്റ്റർ‍ ചെയ്യാം. 2025 സെപ്റ്റംബർ 30നകം രജിസ്ട്രേഷൻ പൂർത്തീകരിക്കണം.

രണ്ട് വർഷത്തിലൊരിക്കൽ നടക്കുന്ന ഈ മത്സരം ഇന്ത്യയിലെ ഏറ്റവും പ്രതിഭാധനരായ യുവതയെ കണ്ടെത്താനും പരിപോഷിപ്പിക്കാനും ആദരിക്കാനുമായി രൂപകൽപ്പന ചെയ്തതാണ്. 60-ലധികം നൈപുണ്യ മേഖലകളിൽ യുവതയുടെ കഴിവും വൈദഗ്ധ്യവും പ്രദർശിപ്പിക്കുന്ന ലോകത്തെ ഏറ്റവും വലിയ അന്താരാഷ്ട്ര നൈപുണ്യ മത്സരമായ വേൾഡ് സ്കിൽസ് മത്സരം (ഡബ്ല്യുഎസ്‍സി) 2026 ഉൾപ്പെടെ അന്താരാഷ്ട്ര വേദികളിൽ രാജ്യത്തെ പ്രതിനിധീകരിക്കാൻ ഇത് യുവതയെ സജ്ജരാക്കുന്നു. തൊഴിലധിഷ്ഠിത വിദ്യാഭ്യാസ രംഗത്ത് തൊഴിൽ നേടാനും സമകാലിക സമ്പദ്‌വ്യവസ്ഥയിൽ നൈപുണ്യാധിഷ്ഠിത ജോലിയുടെ പ്രാധാന്യം തിരിച്ചറിയാനും യുവതയെ പ്രചോദിപ്പിക്കാൻ മത്സരം ലക്ഷ്യമിടുന്നു.

നിശ്ചിത പ്രായപരിധിയിലെ ഇന്ത്യൻ പൗരന്മാർക്കെല്ലാം മത്സരത്തിൽ പങ്കെടുക്കാൻ അവസരമുണ്ട്. കുറഞ്ഞ പ്രായപരിധി 16 വയസ്സും കൂടിയ പ്രായപരിധി 25 വയസ്സുമാണ്. അതായത് മത്സരാർത്ഥികൾ 2004 ജനുവരി 1-നോ അതിനുശേഷമോ ജനിച്ചവരായിരിക്കണം. സൈബർ സുരക്ഷ, മെക്കട്രോണിക്സ്, എയർക്രാഫ്റ്റ് മെയിന്റനൻസ് തുടങ്ങിയ ചില നൂതന സാങ്കേതികവിദ്യകളുമായി ബന്ധപ്പെട്ട നൈപുണ്യ മത്സങ്ങളിൽ 2001 ജനുവരി 1-നോ അതിനുശേഷമോ ജനിച്ചവർക്ക് പങ്കെടുക്കാം.

ഘടനാപരവും ബഹുതലവുമായ തിരഞ്ഞെടുപ്പ് പ്രക്രിയയാണ് ഇന്ത്യാ സ്കിൽസ് 2025 പിന്തുടരുന്നത്. ഓരോ മത്സരാർത്ഥിയ്ക്കും ഒരു നൈപുണ്യ മത്സരത്തിനാണ് അപേക്ഷിക്കാനാവുക. രണ്ട് പ്രാഥമിക ഘട്ടങ്ങളിലായി മത്സരം നടക്കും. ആദ്യഘട്ടത്തിൽ സംസ്ഥാന നൈപുണ്യ വികസന ദൗത്യം (എസ്എസ്ഡിഎം) നടത്തുന്ന സംസ്ഥാനതല മത്സരങ്ങൾ ഉൾപ്പെടുന്നു, സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും തിരഞ്ഞെടുക്കാത്ത നൈപുണ്യമേഖലകൾ അടിസ്ഥാനമാക്കി സെക്ടർ സ്കിൽ കൗൺസിലുകളാണ് (എസ്എസ്‍സി-കൾ) രണ്ടാംഘട്ടത്തിന് നേതൃത്വം നൽകുന്നത്. രണ്ട് ഘട്ടങ്ങലും മേഖലാതല നൈപുണ്യ മത്സരങ്ങളിലേക്കെത്തുകയും തുടർന്ന് ബൂട്ട് ക്യാമ്പുകളും ഫൈനൽ ദേശീയ മത്സരവും സംഘടിപ്പിക്കുകയും ചെയ്യും. വേൾഡ് സ്കിൽസ് ഇന്റർനാഷണൽ തിരിച്ചറിഞ്ഞ നൈപുണ്യ വിഭാഗങ്ങളുമായി ബന്ധപ്പെട്ട വ്യക്തിഗത, ടീം നൈപുണ്യ മത്സരങ്ങൾ ഇതിലുൾപ്പെടുന്നു.

പ്രാദേശിക മത്സരങ്ങൾ ഉത്തര-ദക്ഷിണ-പശ്ചിമ-പൂർവ, വടക്കുകിഴക്കൻ മേഖലകളിലും ഇന്ത്യാ സ്കിൽസ് അവസാനഘട്ട ദേശീയ മത്സരം എംഎസ്ഡിഇ കേന്ദ്രീകരിച്ചും സംഘടിപ്പിക്കും. ദേശീയ മത്സരത്തിലെ വിജയികൾക്ക് 2026-ലെ വേൾഡ് സ്കിൽസ് മത്സരത്തിലും മറ്റ് അന്താരാഷ്ട്ര ഫോറങ്ങളിലും ഇന്ത്യയെ പ്രതിനിധീകരിക്കാൻ വിപുലമായ പരിശീലനവും മാർഗനിർദേശങ്ങളും നൽകും.

Related Posts