Your Image Description Your Image Description

ഡൽഹി: ഇന്ത്യയുടെ പ്രതിരോധ ശേഷി ആധുനികവൽകരിക്കേണ്ടതിന്റെ അനിവാര്യതയെ കുറിച്ച് ഊന്നിപ്പറഞ്ഞ് ചീഫ് ഓഫ് സ്റ്റാഫ് ഡിഫൻസ്(സി.ഡി.എസ്) മേധാവി ജനറൽ അനിൽ ചൗഹാൻ. ഇന്ന് യുദ്ധം ചെയ്യേണ്ടത് നാളത്തെ സാ​​ങ്കേതികവിദ്യ ഉപയോഗിച്ചാണ്. അല്ലാതെ കാലഹരണപ്പെട്ട സംവിധാനങ്ങൾ ഉപയോഗിച്ചല്ലെന്നും അദ്ദേഹം എടുത്തു പറഞ്ഞു. ന്യൂഡൽഹിയിൽ നടന്ന യു.എ.വി, കൗണ്ടർ-അൺമാൻഡ് ഏരിയൽ സിസ്റ്റംസ് (സി-യു.എ.എസ്) തദ്ദേശീയവൽകരണത്തെക്കുറിച്ചുള്ള വർക് ഷോപ്പിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആധുനിക യുദ്ധത്തിൽ അത്യാധുനിക സാ​​ങ്കേതിക വിദ്യകളുടെ വർധിച്ചുവരുന്ന പ്രാധാന്യത്തെ കുറിച്ചും അദ്ദേഹം ചൂണ്ടിക്കാട്ടി ഇന്നലത്തെ ആയുധ സംവിധാനങ്ങൾ നമുക്ക് ഒരിക്കലും ഇന്നത്തെ യുദ്ധം വിജയിക്കാൻ കഴിയില്ല. തന്ത്രപരമായ ദൗത്യങ്ങൾക്ക് നിർണായകമായ വിദേശ പ്രത്യേക സാ​​ങ്കേതിക വിദ്യകളെ ആശ്രയിക്കുന്നത് ഇന്ത്യ കുറക്കണം.

ഇത്തരം ഇറക്കുമതി ചെയ്ത സാ​ങ്കേതിക വിദ്യകളെ ആശ്രയിക്കുന്നത് നമ്മുടെ തയാറെടുപ്പിനെ ദുർബലപ്പെടുത്തുമെന്നും അദ്ദേഹം വിലയിരുത്തി. മേയിൽ ഇന്ത്യ നടത്തിയ ഓപറേഷൻ സിന്ദൂറിനെ കുറിച്ചും അനിൽ ചൗഹാൻ പരാമർശിച്ചു. അതിർത്തിയിൽ പാകിസ്താൻ നിരായുധരായ ഡ്രോണുകളും ചില യു​ദ്ധോപകരണങ്ങളും വിന്യസിച്ചു. അതിൽ ഭൂരിഭാഗവും കൈനറ്റിക്-നോൺ കൈനറ്റിക് മാർഗങ്ങളിലൂടെ നമ്മൾ നിർവീര്യമാക്കി. ഈ ഡ്രോണുകളിൽ ഒന്നിനും ഇന്ത്യയുടെ സൈനികർക്കോ അല്ലെങ്കിൽ ജനങ്ങളുടെ അടിസ്ഥാന സൗകര്യങ്ങൾക്കോ ഒരു നാശനഷ്ടവും വരുത്താൻ സാധിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

Related Posts