
കൊച്ചി : ഇന്ത്യക്കാരില്‍ ആദ്യമായി വീട് വാങ്ങുന്നവരുടെ പ്രായം കുറഞ്ഞുവരികയാണെന്ന് കോട്ടക് മഹീന്ദ്ര ബാങ്കിന്റെ കണക്കുകള്‍. 2024-2026നും ഇടയില്‍ 25 നും 30 നും ഇടയില്‍ പ്രായമുള്ള ഭവനവായ്പക്കാരുടെ എണ്ണം 86% വര്‍ദ്ധിച്ചതായി ബാങ്കിന്റെ ഡാറ്റ വ്യക്തമാക്കുന്നു. ഇത് 1,234 ല്‍ നിന്ന് 2,290 ആയി ഉയര്‍ന്നു.
ഭവനവായ്പ വിപണിയില്‍ ഏറ്റവും വേഗത്തില്‍ വളരുന്ന വിഭാഗമായി ജെന്‍ സി മാറി. കോട്ടകിന്റെ വ്യക്തിഗത ഭവനവായ്പക്കാരില് ജെന്‍സിയുടെ പങ്ക് രണ്ട് വര്‍ഷത്തിനുള്ളില്‍ 6% ത്തില്‍ നിന്ന് 9% ആയി ഉയര്‍ന്നു. ഇത് 50% വര്‍ദ്ധനവാണ്. ബാങ്കിന്റെ ഭവനവായ്പകളില്‍ ഏറ്റവും വേഗത്തില്‍ വളരുന്ന യുവ വിഭാഗമായി ഇവര്‍ മാറുന്നു. 30-45 പ്രായപരിധിയിലുള്ള ഭവനവായ്പക്കാരുടെ എണ്ണം ഇതേ കാലയളവില്‍ 26% മാത്രമാണ് വളര്‍ന്നത്.
പുതുതലമുറ ഇന്ത്യക്കാര്‍ ഭവന ഉടമസ്ഥതയോട് സമീപിക്കുന്ന രീതിയിലുള്ള മാറ്റത്തിലേക്കാണ് ഈ പ്രവണത വിരല്‍ ചൂണ്ടുന്നത്. മുന്‍ തലമുറകള്‍ ജീവിതത്തിന്റെ അവസാന കാലത്ത് കൈവരിച്ചിരുന്ന ഒരു നാഴികക്കല്ല്, ഇന്നത്തെ തലമുറ വളരെ വേഗത്തില്‍ കൈവരിക്കുന്നു.
മുന്‍കാലങ്ങളെ അപേക്ഷിച്ച് കൂടുതല്‍ വ്യക്തതയോടെയും ആത്മവിശ്വാസത്തോടെയും യുവ വായ്പക്കാര്‍ വിപണിയിലേക്ക് പ്രവേശിക്കുന്നെന്ന് കോട്ടക് മഹീന്ദ്ര ബാങ്ക് ഹോം ലോണ്‍സ് മേധാവി നകുല്‍ സക്സേന പറഞ്ഞു.
ഉയര്‍ന്ന വിദ്യാഭ്യാസ നിലവാരം, കരിയര്‍ പുരോഗതി, വരുമാന വളര്‍ച്ച എന്നിവ മുന്‍ തലമുറകളെ അപേക്ഷിച്ച് ഭവന ഉടമസ്ഥതയെന്ന നാഴികക്കല്ലില്‍ വേഗത്തില്‍ എത്തിച്ചേരാന്‍ പല യുവ ഇന്ത്യക്കാരെയും സഹായിക്കുന്നു.
