Home » Blog » Kerala » ‘ഇത് പച്ചക്കള്ളം, നിയമപരമായി നേരിടും’; ഇ.ഡി. ആരോപണങ്ങൾ തള്ളി മുഹമ്മദ് റിയാസ്
6

തിരുവനന്തപുരം: ഇ.ഡി. അന്വേഷണവുമായി ബന്ധപ്പെട്ട് മാധ്യമങ്ങളിൽ പ്രചരിക്കുന്ന വിവരങ്ങൾ തനിക്കെതിരെ വ്യക്തിഹത്യ ലക്ഷ്യമിട്ട് ബോധപൂർവം മെനഞ്ഞെടുത്ത കള്ളക്കഥകളാണെന്ന് എം എൽ എ പി.എ. മുഹമ്മദ് റിയാസ്. അന്വേഷണത്തിന്റെ പേരിൽ ഇ.ഡി. ചോർത്തി നൽകിയതായി പറയുന്ന റിപ്പോർട്ടിൽ പുതിയ അസംബന്ധങ്ങളാണ് ഉള്ളതെന്നും ഇത്തരം പ്രചാരണങ്ങളെ നിയമപരമായി നേരിടുമെന്നും റിയാസ് ഫെയ്സ്ബുക്കിൽ കുറിച്ചു.

ടി. വീണ, ഇ.ഡിക്ക് മുന്നിൽ ചില കാര്യങ്ങൾ സമ്മതിച്ചതായി അന്വേഷണ റിപ്പോർട്ടിനെ ഉദ്ധരിച്ച് പുറത്തുവന്ന വാർത്തകളെ റിയാസ് തള്ളി. ‘ഇത്തരം കാര്യങ്ങൾ വീണ ഇ.ഡിക്കു മുന്നിൽ സമ്മതിച്ചു എന്ന് ഇ.ഡി. ചോർത്തി നൽകിയ വാർത്തയിൽ പറയുന്നുണ്ട്. ഇത് പച്ചക്കള്ളമാണ്’, റിയാസ് പറഞ്ഞു.

‘ഇ.ഡി. അന്വേഷണം എന്ന പേരിൽ ചോർത്തി കൊടുത്ത ഇത്തരം അസംബന്ധ വിവരങ്ങളിലൂടെ ജീവിക്കുന്ന മനുഷ്യരുടെ പച്ച ഇറച്ചി തിന്ന് രസിക്കുന്നവരുടെ ആട്ടം തുടരട്ടെ. നിയമപരമായി പോരാടും’ എന്നും റിയാസ് ഫെയ്സ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി.

സി.എം.ആർ.എൽ. പണമിടപാട് കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കേസെടുക്കാനുള്ള നീക്കങ്ങൾ നടക്കുന്നതിനിടെയാണ് റിയാസിന്റെ പ്രതികരണം. സി.എം.ആർ.എല്ലിൽ നിന്ന് ടി. വീണ വഴി പിണറായി വിജയൻ 3.28 കോടി രൂപ കൈക്കൂലിയായി വാങ്ങിയെന്നും ഈ പണം ദുബായിലേക്ക് കടത്തിയെന്നുമാണ് ആരോപണം. മുഹമ്മദ് റിയാസിനും ഇതിൽ പങ്കുണ്ടെന്ന് വ്യക്തമാക്കിയ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.

ഇ.ഡി. കൈമാറിയ തെളിവുകൾ സർക്കാറിന് അവഗണിക്കാനാവില്ലെന്നും കേസെടുത്തില്ലെങ്കിൽ അത് സർക്കാരിനെ ബാധിക്കുമെന്നും മന്ത്രിസഭാ യോഗം വിലയിരുത്തിയിരുന്നു. വിഷയത്തിൽ നിയമോപദേശം ലഭിച്ചശേഷം തുടർനടപടികളിലേക്ക് കടക്കാനാണ് മന്ത്രിസഭയുടെ തീരുമാനം. പിണറായി വിജയൻ, ടി. വീണ എന്നിവർക്കൊപ്പം മുഹമ്മദ് റിയാസിന്റെ പേരിലും കേസെടുക്കുമെന്ന തരത്തിലുള്ള വാർത്തകൾ പുറത്തുവന്നതിന് പിന്നാലെയാണ് ആരോപണങ്ങൾ തള്ളി റിയാസ് രംഗത്തെത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *