
കൊച്ചി: നഗരത്തിലടക്കം സ്വകാര്യ ബസുകളുടെ മരണപ്പാച്ചിലിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. റോഡുകളിൽ ഇപ്പോൾ നിയമവാഴ്ചയില്ലെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു. ഇത്തരം സംഭവങ്ങൾ അധികൃതർ കാണുന്നില്ലേ? അവർ ഉറങ്ങുകയാണോ? എന്നും കോടതി ചോദിച്ചു. കൊച്ചി നഗരത്തിലും കണ്ണൂരിലും സ്വകാര്യ ബസുകൾ നടത്തിയ അപകടകരമായ ഡ്രൈവിങ്ങിന്റെ ദൃശ്യങ്ങൾ പരിശോധിച്ച ശേഷമായിരുന്നു കോടതിയുടെ വിമർശനം. റോഡുകളുമായി ബന്ധപ്പെട്ട ഹർജിയാണ് കോടതി പരിഗണിച്ചത്.
സ്വകാര്യ ബസുകൾക്ക് പൊലീസിനെയും കോടതിയെയും നിയമത്തെയും ഭയമില്ലാത്ത അവസ്ഥയാണെന്ന് കോടതി വിമർശിച്ചു. എന്തും ചെയ്യാമെന്ന മനോഭാവമാണ് ചില ബസ് ജീവനക്കാർക്കുള്ളതെന്നും കോടതി പറഞ്ഞു. സമയക്രമം പാലിക്കണമെന്ന ന്യായമാണ് ഇത്തരം ഡ്രൈവിങ്ങിന് പലപ്പോഴും പറയുന്നതെന്നും കോടതി ചൂണ്ടിക്കാട്ടി. മുന്നിൽ പോയ ബസിനെ ഇടതുവശത്തെ നടപ്പാതയിലൂടെ കയറി അതിവേഗത്തിൽ മറ്റൊരു ബസ് മറികടക്കുന്ന ദൃശ്യവും കോടതി പരിശോധിച്ചു. ഇത്തരം രീതിയിൽ വാഹനമോടിക്കുന്നവരെ ഇനി വാഹനം ഓടിക്കാൻ അനുവദിക്കരുതെന്നും കോടതി അഭിപ്രായപ്പെട്ടു.
സംഭവങ്ങളിൽ ട്രാഫിക് പൊലീസിന്റെ വീഴ്ചയുണ്ടെന്നും കോടതി വിമർശിച്ചു. നേരത്തെയും ഇത്തരം സംഭവങ്ങളിൽ കോടതി ശക്തമായ നിർദേശങ്ങൾ നൽകിയിട്ടും വീണ്ടും സമാനമായ സംഭവങ്ങൾ ആവർത്തിക്കുകയാണെന്നും കോടതി ചൂണ്ടിക്കാട്ടി. കണ്ണൂരിൽ സ്കൂൾ വിദ്യാർഥികളുടെ ദേഹത്തുകൂടി വാഹനം ഓടിക്കാൻ ശ്രമിച്ച സംഭവവും കോടതി പരാമർശിച്ചു. അപകടമുണ്ടാക്കിയ ബസിന് പിന്നാലെ വന്ന മറ്റൊരു ബസ് നിർത്തുകയും ജീവനക്കാർ സഹായത്തിനായി ഓടിയെത്തുകയും ചെയ്ത ദൃശ്യങ്ങളും കോടതി ശ്രദ്ധയിൽപ്പെടുത്തി. സ്വകാര്യ ബസ് ജീവനക്കാരിൽ വളരെ നല്ലവരും ഉണ്ടെന്നും എല്ലാവരെയും കുറ്റപ്പെടുത്തുന്നില്ലെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വ്യക്തമാക്കി.
കാൽനടയാത്രക്കാരൻ തലനാരിഴയ്ക്കാണ് അപകടത്തിൽനിന്ന് രക്ഷപ്പെട്ടതെന്നും അത് ഈശ്വരാനുഗ്രഹം കൊണ്ടുമാത്രമാണെന്നും കോടതി പറഞ്ഞു. പിന്നിലൂടെ മദയാനയെപ്പോലെയാണ് ബസ് വരുന്നതെന്നും ദൃശ്യങ്ങൾ കണ്ടാൽ ആരും ഞെട്ടുമെന്നും കോടതി നിരീക്ഷിച്ചു. ഇത്തരം പ്രവൃത്തികൾ മനഃപൂർവമാണെന്ന് തോന്നുന്നുവെന്നും ബസുകൾ തമ്മിൽ യുദ്ധം പോലെയാണ് ഡ്രൈവിംഗ് നടക്കുന്നതെന്നും കോടതി പറഞ്ഞു. സ്വകാര്യ ബസുകൾ ഓവർടേക്ക് ചെയ്യരുതെന്നും ഇടതുവശത്തെ വേഗം കുറഞ്ഞ ലെയ്നിലൂടെ സഞ്ചരിക്കണമെന്നുമുള്ള നിർദേശങ്ങൾ നിലവിലുണ്ടെന്നും കോടതി ഓർമിപ്പിച്ചു. നിയമലംഘനത്തിനെതിരെ നടപടി സ്വീകരിച്ചാൽ ബസ് പണിമുടക്കുമെന്ന വാദം അംഗീകരിക്കാനാകില്ലെന്നും കോടതി പറഞ്ഞു.
11, 12 ക്ലാസുകളിലെ പാഠ്യപദ്ധതിയിൽ ട്രാഫിക് നിയമങ്ങൾ ഉൾപ്പെടുത്തേണ്ടതുണ്ടെന്നും കോടതി അഭിപ്രായപ്പെട്ടു. ഇതിനുപുറമെ, പള്ളിമുക്കിൽ മെഡിക്കൽ ട്രസ്റ്റിന് സമീപം സഹോദരൻ അയ്യപ്പൻ റോഡിൽനിന്ന് ഇടത്തേക്ക് തിരിയുന്നതിനുള്ള ട്രാഫിക് ലൈറ്റ് മരച്ചില്ലകൾ മറച്ചിരിക്കുന്നതും കോടതി ചൂണ്ടിക്കാട്ടി. മരച്ചില്ലകൾ വെട്ടിയൊതുക്കാൻ അധികൃതർ നടപടി സ്വീകരിക്കണമെന്നും കോടതി നിർദേശിച്ചു.
