Your Image Description Your Image Description

45 വർഷങ്ങൾക്ക് മുമ്പ് ബ്ലാക്ക് മാജിക്കിനെ അടിസ്ഥാനമാക്കി ഒരു സിനിമയെടുത്തതിന്റെ പേരിൽ ദുരനുഭവങ്ങൾ നേരിടേണ്ടി വന്നതിനെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് ദേശീയ അവാർഡ് ജേതാവായ സംവിധായിക അരുണ രാജെ. ഇവരുടെ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത് . 1980-ൽ പുറത്തിറങ്ങിയ ‘ഗെഹ്‌റായി’ എന്ന സിനിമയെയും , സിനിമ ഇറങ്ങിയതിന് പിന്നാലെ അവർക്കുണ്ടായ അനുഭവങ്ങളെയും കുറിച്ചാണ് സംവിധായിക സംസാരിക്കുന്നത്.

വിജയ് ടെണ്ടുൽക്കർ തിരക്കഥയെഴുതിയ ‘ഗെഹ്‌റായി’ ഒരു കുടുംബത്തിന് ബ്ലാക്ക് മാജിക് കാരണം നേരിടേണ്ടി വരുന്ന അനുഭവങ്ങളാണ് പറയുന്നത്. പദ്മിനി കോലാപുരെ, ശ്രീറാം ലാഗൂ, അനന്ത് നാഗ്, അംരീഷ് പുരി, ഇന്ദ്രാണി മുഖർജി എന്നിവരായിരുന്നു പ്രധാന അഭിനേതാക്കൾ. ആദ്യ റിലീസിൽ ബോക്സ് ഓഫീസ് വിജയം നേടാൻ കഴിഞ്ഞില്ലെങ്കിലും, പിന്നീട് ചിത്രം വലിയ പ്രേക്ഷക ശ്രദ്ധ നേടി.

സിനിമയുടെ ആശയം അരുണ രാജെയുടെ വ്യക്തിപരമായ അനുഭവങ്ങളിൽ നിന്നാണ് വന്നത്. തന്റെ അമ്മ പൂന്തോട്ടത്തിൽ മഞ്ഞളും കുങ്കുമവും പുരട്ടിയ നാരങ്ങകൾ തിരയുന്നത് കണ്ടതിൽ നിന്നാണ് ബ്ലാക്ക് മാജിക്കിനെക്കുറിച്ച് സിനിമ ചെയ്യാനുള്ള ആശയം ലഭിച്ചതെന്ന് അവർ വെളിപ്പെടുത്തി. തിരക്കഥ എഴുതുന്ന സമയത്ത്, പ്രേതബാധയുള്ള ഒരു പെൺകുട്ടിയെ ഇവർ കണ്ടുമുട്ടി. ലഖ്‌നൗവിൽ നിന്നുള്ള ഒരു മുസ്ലീം പ്രേതമാണ് ആ കുട്ടിയെ ബാധിച്ചതെന്നും, പെൺകുട്ടി ഉറുദു സംസാരിക്കാൻ തുടങ്ങിയെന്നും അരുണ രാജെ പറഞ്ഞു. ഈ അനുഭവം പദ്മിനി കോൽഹാപുരെയുടെ കഥാപാത്രത്തിന് പ്രചോദനമായി.

കഥ എഴുതുന്നതിനിടയിൽ അരുണ രാജെ ചില തന്ത്രിമാരെയും മന്ത്രവാദികളെയും കണ്ടുമുട്ടിയിരുന്നു. അത്തരം കാര്യങ്ങളിൽ ഏർപ്പെടരുതെന്ന് അവർക്ക് തന്ത്രിമാർ മുന്നറിയിപ്പ് നൽകിയിരുന്നു. “ഈ സിനിമ ചെയ്യരുതെന്ന് എല്ലാവരും മുന്നറിയിപ്പ് നൽകിയിരുന്നു. നിങ്ങൾക്ക് അനിഷ്ട സംഭവങ്ങൾ സംഭവിക്കും. ഞങ്ങൾ അന്ധവിശ്വാസികളല്ല, അതിനാൽ ഞങ്ങൾ ഒരു സിനിമ നിർമ്മിക്കുക മാത്രമാണെന്ന് കരുതി. ഞങ്ങൾ സിനിമ നിർമ്മിച്ചു. പക്ഷേ കാര്യങ്ങൾ ആകെ മാറി,” അരുണ രാജെ പറഞ്ഞു. ‘ഗെഹ്‌റായി’ പുറത്തിറങ്ങിയതിന് ഏതാനും വർഷങ്ങൾക്ക് ശേഷം, അരുണ രാജെ ഭർത്താവിൽ നിന്ന് വിവാഹമോചനം നേടുകയും, 9 വയസ്സായിരുന്ന മകൾ കാൻസർ ബാധിച്ച് മരിക്കുകയും ചെയ്തു. ഇതിനുപുറമെ, സിനിമ റിലീസ് ചെയ്തതിന് ശേഷം പ്രേക്ഷകർക്കും വിചിത്രവും ഭയാനകവുമായ അനുഭവങ്ങൾ ഉണ്ടായതായി പരാതികൾ ലഭിച്ചുവെന്നും അവർ കൂട്ടിച്ചേർത്തു.

 

 

Related Posts