Your Image Description Your Image Description

ആശുപത്രികളുടെ അനാസ്ഥയുമായി ബന്ധപ്പെട്ട് സ്ത്രീകള്‍ക്കുണ്ടാകുന്ന പ്രശ്‌നങ്ങളില്‍ പരാതിയുണ്ടായാല്‍ ചികിത്സ നല്‍കിയ ആശുപത്രികളില്‍നിന്ന് റിപ്പോര്‍ട്ട് തേടുമെന്ന് വനിതാ കമീഷന്‍ ചെയര്‍പേഴ്‌സണ്‍ അഡ്വ. പി സതീദേവി. കോഴിക്കോട് താലൂക്ക് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന വനിതാ കമീഷന്‍ സിറ്റിങ്ങിന് ശേഷം സംസാരിക്കുകയായിരുന്നു അവര്‍. മെഡിക്കല്‍ രംഗത്തെ വീഴ്ചക്ക് മെഡിക്കല്‍ നെഗ്ലിജന്‍സ് ആക്ട് പ്രകാരമുള്ള നടപടികള്‍ സ്വീകരിക്കാന്‍ പരാതിക്കാര്‍ക്ക് കഴിയും. ആവശ്യമായ തെളിവുണ്ടായാല്‍ പരാതികള്‍ അത്തരത്തില്‍ കൈകാര്യം ചെയ്യാന്‍ നിര്‍ദേശിക്കുമെന്നും അഡ്വ. പി സതീദേവി പറഞ്ഞു.

ദാമ്പത്യ തര്‍ക്കം, മുതിര്‍ന്ന പൗരന്മാരെ സംരക്ഷിക്കാതിരിക്കല്‍, കുട്ടികളുടെ സംരക്ഷണം, സംരക്ഷണ ചെലവ് നല്‍കാതിരിക്കല്‍, തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍, അയല്‍വാസികള്‍ക്കിടയിലെ തര്‍ക്കം തുടങ്ങിയവയുമായി ബന്ധപ്പെട്ട പരാതികള്‍ കമീഷന്റെ പരിഗണനയില്‍ വന്നു.

 

സിറ്റിങ്ങില്‍ പരിഗണിച്ച 117 പരാതികളില്‍ 17 എണ്ണം തീര്‍പ്പാക്കി. ആറ് പരാതികളില്‍ പോലീസ് റിപ്പോര്‍ട്ട് തേടി. ഒന്ന് ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെ നിയമസഹായം ലഭ്യമാക്കാന്‍ കൈമാറുകയും മറ്റൊന്ന് വിമന്‍ പ്രൊട്ടക്ഷന്‍ ഓഫീസര്‍ക്ക് അയച്ചു നല്‍കുകയും ചെയ്തു. 92 പരാതികള്‍ അടുത്ത സിറ്റിങ്ങിലേക്ക് മാറ്റി. വനിത കമീഷന്‍ ഡയറക്ടര്‍ ഷാജി സുഗുണന്‍, അഭിഭാഷകരായ ലിസ്സി, ജാമിനി, സീനത്ത്, കൗണ്‍സലര്‍മാരായ സുധിന, സുനിഷ, അവിന എന്നിവരും പരാതികള്‍ പരിഗണിച്ചു.

Related Posts