Your Image Description Your Image Description

ആലപ്പുഴ കാര്‍ത്തികപ്പള്ളിയില്‍ സ്‌കൂള്‍ കെട്ടിടം തകര്‍ന്നുവീണ സ്ഥലത്ത് സംഘര്‍ഷം. സ്ഥലത്തെത്തിയ മാധ്യമ പ്രവർത്തകരെ സിപിഎമ്മിന്റെയും കോണ്‍ഗ്രസിന്റെയും പ്രാദേശിക നേതാക്കളെത്തി പുറത്താക്കി. ക്ലാസുകള്‍ നടക്കുന്ന സമയമാണെന്നും കുട്ടികള്‍ക്ക് പഠിക്കണമെന്നും പറഞ്ഞാണ് സി.പി.എം പ്രവർത്തകർ മാധ്യമങ്ങളെ ആദ്യം സ്ഥലത്തുനിന്ന് മാറ്റാന്‍ ശ്രമിച്ചത്. പിന്നാലെ യുഡിഎഫ് നേതാക്കളും എത്തി മാധ്യമ പ്രവർത്തകരോട് കയര്‍ക്കുകയായിരുന്നു.

കഴിഞ്ഞദിവസമാണ് കാര്‍ത്തികപ്പള്ളി സര്‍ക്കാര്‍ യുപി സ്‌കൂളിലെ പ്രധാന കെട്ടിടത്തിത്തിന്റെ മേല്‍ക്കൂര ഭാഗികമായി തകര്‍ന്നുവീണത്. അവധി ദിവസമായതിനാല്‍ വലിയ ദുരന്തമാണ് ഒഴിവായത്. തകര്‍ന്ന കെട്ടിടത്തില്‍ ക്ലാസുകള്‍ പ്രവര്‍ത്തിക്കുന്നില്ലെന്നാണ് സ്‌കൂള്‍ അധികൃതര്‍ പറയുന്നത്. പക്ഷേ ഇവിടെ ക്ലാസുകള്‍ പ്രവര്‍ത്തിച്ചിരുന്നുവെന്ന് രക്ഷിതാക്കളും നാട്ടുകാരും പറയുന്നു. അപകടം നടന്ന ശേഷം സ്‌കൂള്‍ അധികൃതര്‍ ഇവിടത്തെ ക്ലാസ് മുറികളിലെ മേശകളും ബെഞ്ചുകളും ധൃതിപ്പെട്ട് എടുത്തുമാറ്റുകയായിരുന്നുവെന്നും നാട്ടുകാര്‍ ആരോപിച്ചു.

Related Posts