Your Image Description Your Image Description

കോട്ടയം: കോട്ടയം മെഡിക്കല്‍ കോളേജില്‍ കെട്ടിടം തകര്‍ന്നുവീണ് തലയോലപ്പറമ്പ് സ്വദേശിനി ബിന്ദു മരിച്ച സംഭവത്തില്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെയും ഇടതുസര്‍ക്കാരിനെയും വിമര്‍ശിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. വീണാ ജോര്‍ജ് രാജിവെച്ചില്ലെങ്കില്‍ സമരങ്ങളുടെ വേലിയേറ്റം കേരളം കാണുമെന്ന് കെ മുരളീധരന്‍ പറഞ്ഞു. യുഡിഎഫ് ശക്തമായ സമരവുമായി മുന്നോട്ടുവരുമെന്നും അദ്ദേഹം പറഞ്ഞു.

വീണാ ജോര്‍ജിനെ വിളിച്ചാല്‍ പോലും ഫോണ്‍ എടുക്കില്ല. ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാറാണ് തന്നോട് ഇക്കാര്യം പറഞ്ഞത്. അപ്പോള്‍ കോണ്‍ഗ്രസുകാര്‍ ഫോണ്‍ വിളിച്ചാല്‍ പറയേണ്ടതുണ്ടോ എന്നും മുരളീധരന്‍ ചോദിക്കുന്നു. ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ആരോഗ്യ വകുപ്പിനെ വെന്റിലേറ്ററിലാക്കി. വീണാ ജോര്‍ജ് വാര്‍ത്ത വായിച്ച ചാനലിന്റെ ഡെഡ് ബോഡി പോലും ഇന്നു കാണാനില്ലെന്നും അദ്ദേഹം പരിഹസിച്ചു. എല്ലാത്തിനും ന്യായം പറയുന്ന മന്ത്രിയാണ് വീണാ ജോര്‍ജെന്നും മുരളീധരന്‍ പറഞ്ഞു.

 

എല്ലാ മേഖലയിലും പരാജയപ്പെട്ട സര്‍ക്കാരാണ് കേരളം ഭരിക്കുന്നതെന്നും മുരളീധരന്‍ കുറ്റപ്പെടുത്തി. മുഖ്യമന്ത്രി അമേരിക്കയില്‍ ഇന്ന് ചികിത്സയ്ക്ക് പോകുന്നു. അദ്ദേഹം സുഖമായിരിക്കണം എന്നാണ് തന്റെ ആഗ്രഹം. പക്ഷേ അദ്ദേഹത്തിന് വോട്ട് നല്‍കി അധികാരത്തില്‍ എത്തിച്ച പാവങ്ങള്‍ക്ക് ഇവിടെ ചികിത്സ കിട്ടുന്നില്ലെന്നും മുരളീധരന്‍ പറഞ്ഞു. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ മരുന്നിന് ക്ഷാമമുണ്ട്. കൊവിഡ് മരണം ഏറ്റവും കൂടുതല്‍ സംഭവിച്ചത് കേരളത്തിലാണ്. ഭരണത്തുടര്‍ച്ച ഉണ്ടായത് കൊവിഡിനെ പ്രതിരോധിച്ചു എന്നു പറഞ്ഞാണെന്നും കെ മുരളീധരന്‍ പറഞ്ഞു.

പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളില്‍പ്പോലും ഡോക്ടര്‍മാരില്ലാത്ത സാഹചര്യമുണ്ടെന്നും കെ മുരളീധരന്‍ പറഞ്ഞു. ഇനി എട്ട് മാസം കൂടിയുണ്ടെന്നും എന്നാല്‍ വോട്ട് ചെയ്യാന്‍ വോട്ടര്‍മാര്‍ ബാക്കി കാണുമോ എന്നറിയില്ലെന്നും മുരളീധരന്‍ പറഞ്ഞു. കാട്ടുപോത്ത് മുതല്‍ കാട്ടാന വരെ നാട്ടില്‍ കിടന്ന് വിലസുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *

Related Posts