Your Image Description Your Image Description

വിവിധ മേഖലകളിലുള്ള വിദ്യാർത്ഥികൾക്ക് പരസ്പരം അറിവ് പങ്കിടുന്നതിനും അവരുടെ പ്രോജക്ടുകളിൽ സഹകരിക്കുന്നതിനും സംരംഭക ആശയങ്ങൾ യാഥാർത്ഥ്യമാക്കുന്നതിനുമായി സംസ്ഥാനത്ത് ഫ്രീഡം സ്‌ക്വയറുകൾ സജ്ജമാക്കുന്നു. കാലിഫോർണിയയിലെ ആപ്പിൾ ഇൻകോർപ്പറേറ്റഡ് ഓഫീസ് മാതൃകയിലാണ് 14 ജില്ലകളിലും ഹൈടെക് ഹബ്ബുകൾ ഉയരുക. പരമ്പരാഗത ശൈലികളിൽ നിന്ന് മാറി ചിന്തിച്ച് വിദ്യാർത്ഥികളുടെ പഠനം തടസ്സപ്പെടുത്താതെ സംരംഭകത്വവും ആശയ രൂപീകരണവും പ്രോത്സാഹിപ്പിക്കുന്ന ഒരു സംസ്‌കാരം രൂപപ്പെടുത്താനാണ് കേരള സ്റ്റാർട്ടപ്പ് മിഷൻ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

തിരുവനന്തപുരത്തെ പള്ളിപ്പുറം ടെക്‌നോസിറ്റി ക്യാമ്പസിനു സമീപമുള്ള രണ്ടേക്കറിലാണ് ആദ്യ ഫ്രീഡം സ്‌ക്വയർ സ്ഥാപിക്കുന്നത്. 20,000 ചതുരശ്രയടി വിസ്തൃതിയുള്ള ഓരോ സ്‌ക്വയറിന്റേയും അടിസ്ഥാന ചെലവ് ഏകദേശം 4 കോടി രൂപയാണ്. പ്രവർത്തന മൂലധനവും അധിക ധനസഹായവും സ്വകാര്യ പങ്കാളിത്തത്തിലൂടെ സ്വരൂപിക്കാനാണ് ശ്രമം. അതാത് ജില്ലകളിലുളള ആർക്കിടെക്ചേർസ്, വിദ്യാർത്ഥികൾ, ഡിസൈനേഴ്‌സ്, എഞ്ചിനീയറിംഗ് വിദ്യാർത്ഥികൾ എന്നിവരെ ഒരുമിപ്പിച്ച് ഫ്രീഡം സ്‌ക്വയറുകൾ രൂപകൽപ്പന ചെയ്യും.

തിങ്കർ ലാബുകൾ, മേക്കർ സ്പേസുകൾ, എക്‌സ്പിരിമെന്റ് സ്റ്റേഷനുകൾ എന്നിവയിലൂടെ വിദ്യാർത്ഥികൾക്ക് മികച്ച പഠന സാധ്യതകൾക്കൊപ്പം മെന്ററിങ്ങിനും പിച്ചിങ്ങിനുമുള്ള അത്യാധുനിക സൗകര്യങ്ങളും സജ്ജമാക്കും. സംയുക്ത ഗവേഷണങ്ങൾ, ഹാക്കത്തോണുകൾ, വർക്ക്ഷോപ്പുകൾ, ഇൻഡസ്ട്രി പങ്കാളിത്തങ്ങൾ എന്നിവയ്‌ക്കെല്ലാമുള്ള സംവിധാനങ്ങൾ ഒരുക്കും. ഭിന്നശേഷിക്കാരുടെ പങ്കാളിത്തം ഉറപ്പാക്കാൻ ബാരിയർ ഫ്രീയാക്കും.

Related Posts