Your Image Description Your Image Description

കൊച്ചി: താരസംഘടന അമ്മയിലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അന്തിമ മത്സര ചിത്രം നാളെ അറിയാം. സ്ഥാനാർത്ഥികൾക്ക് നാമ നിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള സമയം നാളെ വൈകിട്ട് മൂന്ന് മണിയോടെ അവസാനിക്കും. നാല് മണിക്ക് അന്തിമ സ്ഥാനാര്‍ഥി പട്ടിക പ്രസിദ്ധീകരിക്കും. നിലവിൽ അധ്യക്ഷസ്ഥാനത്തേക്കുള്ള മത്സരത്തിൽ നിന്നും പിന്മാറാൻ നടൻ ജഗദീഷ് സന്നദ്ധത അറിയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ പ്രസി‍ഡന്‍റ് സ്ഥാനത്തേക്ക് ശ്വേത മേനോനാണ് മുന്‍തൂക്കം.

പ്രസിഡൻറ് സ്ഥാനത്തേക്ക് വനിതയെ പരിഗണിച്ചാൽ മത്സരത്തിൽ നിന്ന് പിന്മാറാമെന്ന് പറഞ്ഞാണ് ജഗദീഷിന്റെ നിർണായക നീക്കം. നിലപാട് മുതിർന്ന താരങ്ങളെ അറിയിച്ചു. മോഹൻലാൽ,മമ്മൂട്ടി, സുരേഷ് ഗോപി എന്നിവരുമായി ഇക്കാര്യം ചർച്ച ചെയ്തു. ആരോപണ വിധേയനായ ബാബുരാജ് ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കരുതെന്ന് സംഘടനയിൽ ഭൂരിഭാഗം പേർക്കും അഭിപ്രായമുണ്ടെങ്കിലും മത്സര തീരുമാനത്തില്‍ നിന്നും പിന്മാറാതെ നിൽക്കുകയാണ്. അടുത്തമാസം 15നാണ് തെരഞ്ഞെടുപ്പ്.

ദേവന്‍, അനൂപ് ചന്ദ്രന്‍ എന്നിവരാണ് മത്സരിക്കുന്ന മറ്റ് രണ്ട് പേര്‍. പത്രിക നല്‍കിയെങ്കിലും ജഗദീഷും, ജയന്‍ ചേര്‍ത്തലയും, രവീന്ദ്രനും പിന്‍മാറിയതായാണ് വിവരം. ആദ്യഘട്ടത്തിൽ ആറുപേരാണ് പ്രസിഡൻ്റ് സ്ഥാനത്തേക്ക് നാമനിർദേശ പത്രിക സമർപ്പിച്ചത്. ജഗദീഷ്, ശ്വേതാ മേനോൻ, ദേവൻ, രവീന്ദ്രൻ, ജയൻ ചേർത്തല, അനൂപ് ചന്ദ്രൻ എന്നിവരാണ് ആറ് പേർ. നടൻ ജോയ് മാത്യുവിന്റെ പേരും പ്രസിഡന്റ് സ്ഥാനത്തേക്ക് ഉയർന്ന് കേട്ടിരുന്നു. എന്നാൽ ജോയ് മാത്യുവിൻ്റെ പത്രിക തള്ളിയിരുന്നു. നേരത്തെ പ്രസിഡന്റ് സ്ഥാനത്തേക്ക് കുഞ്ചാക്കോ ബോബന്റെയും വിജയരാഘവന്റെയും പേരുകളും ഉയർന്നു കേട്ടിരുന്നു.

ഹേമ കമ്മിറ്റി റിപ്പോർട്ട് വന്നതിന് പിന്നാലെ വിവാദങ്ങളിൽ ഉൾപ്പെട്ട നേതൃത്വനിരയിലെ പലരും മത്സരിക്കരുതെന്ന അഭിപ്രായവും ഉയർന്നു കേട്ടിരുന്നു. താര സംഘടനയായ അമ്മയുടെ തെരഞ്ഞെടുപ്പില്‍ നടൻ ബാബുരാജ് മത്സരിക്കരുതെന്ന് നടി മല്ലിക സുകുമാരൻ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ആരോപണ വിധേയൻ മാറിനില്‍ക്കുകയാണ് വേണ്ടത് എന്നും അവർ പറഞ്ഞു. ആരോപണ വിധേയരായവർ മാറിനിൽക്കുന്നതാണ് മര്യാദ എന്ന് അനൂപ് ചന്ദ്രനും പറഞ്ഞിരുന്നു. സംഘടനയുടെ മാഹാത്മ്യം മനസ്സിലാക്കി മൂല്യമുള്ളവർ രംഗത്ത് വരണം. ശുദ്ധമുള്ള അമ്മയാക്കി നല്ല അമ്മയാക്കി മാറ്റാൻ എല്ലാവരും ഒരുമിക്കണം. താനും മത്സരിക്കുന്നുണ്ടെന്നും അനൂപ് ചന്ദ്രൻ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.

എന്നാൽ ആ​രോപണ വിധേയർക്കും മത്സരിക്കാമെന്നാണ് സംഘടന അംഗമായ നടി സരയു പറഞ്ഞത്. പ്രസിഡന്റ് സ്ഥാനത്തേക്ക് വനിതകൾ മത്സരിക്കുന്നതിനെ സ്വാഗതം ചെയ്യുന്നുവെന്നും സരയു വ്യക്തമാക്കി. പുതിയ സമിതിയെ തെരഞ്ഞെടുക്കുന്നത് വരെ അഡ്ഹോക് കമ്മിറ്റിയാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.

Related Posts