Home » Blog » Kerala » ‘അമേരിക്കയെക്കുറിച്ച് നുണകളും വ്യാജവാർത്തകളും’ പ്രചരിപ്പിക്കാൻ മാധ്യമങ്ങളെ അനുവദിക്കില്ല; ട്രംപ്
12

വാഷിങ്ടൺ: പ്രമുഖ മാധ്യമ സ്ഥാപനങ്ങളായ സിഎൻഎൻ, എംഎസ് നൗ, പോളിറ്റിക്കോ എന്നിവയ്ക്ക് വൈറ്റ് ഹൗസിൽ വിലക്കേർപ്പെടുത്തിയതായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. തന്റെ ഭരണകൂടത്തെക്കുറിച്ച് ‘വ്യാജവാർത്തകളും കള്ളക്കഥകളും’ പ്രചരിപ്പിക്കുന്നുവെന്ന് ആരോപിച്ചാണ് ട്രംപിന്റെ നടപടി. വെള്ളിയാഴ്ച ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപ് പ്രഖ്യാപനം നടത്തിയത്.

അമേരിക്കൻ പ്രസിഡന്റിനെയും ട്രംപ് ഭരണകൂടത്തെയും അമേരിക്കയെയും കുറിച്ച് നിരന്തരം ‘നുണകളും വ്യാജവാർത്തകളും’ പ്രചരിപ്പിക്കാൻ മാധ്യമങ്ങളെ അനുവദിക്കില്ലെന്ന് ട്രംപ് പറഞ്ഞു. സമാനമായ രീതിയിൽ കൂടുതൽ മാധ്യമങ്ങൾക്കെതിരെയും നടപടിയുണ്ടാകുമെന്ന സൂചനയും അദ്ദേഹം നൽകി. ഏതൊക്കെ വാർത്തകളെയാണ് നടപടി സ്വീകരിക്കാൻ കാരണമായതെന്ന് ട്രംപ് പ്രത്യേകമായി വ്യക്തമാക്കിയിട്ടില്ല.

എന്നാൽ, ട്രംപിന്റെ പ്രഖ്യാപനത്തിനെതിരെ മാധ്യമസ്ഥാപനങ്ങൾ രംഗത്തെത്തി. ഭരണകൂടത്തിന്റെ ഇടപെടലില്ലാതെ വാർത്തകൾ റിപ്പോർട്ട് ചെയ്യാനുള്ള അവകാശം അമേരിക്കൻ ഭരണഘടന ഉറപ്പുനൽകുന്നുവെന്ന് സിഎൻഎൻ പ്രതികരിച്ചു. വിലക്ക് നടപ്പാക്കിയാൽ നിയമപരമായി നേരിടുമെന്നും സിഎൻഎൻ വ്യക്തമാക്കി. വൈറ്റ് ഹൗസിനെക്കുറിച്ചുള്ള റിപ്പോർട്ടിങ് തുടരുമെന്ന് പോളിറ്റിക്കോയും അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *