Home » Blog » Kerala » തിരുപ്പതി ലഡ്ഡുവിൽ വൻ അട്ടിമറി : പശുവിൻ നെയ്യ് എന്ന പേരിൽ ഉപയോ​ഗിച്ചത് പാമോയിൽ
11

അമരാവതി: തിരുപ്പതി ക്ഷേത്രത്തിൽ പ്രസാദമായി നൽകുന്ന ലഡ്ഡു നിർമാണത്തിനായി വിതരണം ചെയ്ത നെയ്യിൽ മായം കലർത്തിയെന്ന കേസിൽ സുകൃതി ഫുഡ്സ് പ്രൊമോട്ടർ കൈലാസ് ചന്ദ് മംഗ്ലയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരമുള്ള കേസിലാണ് നടപടി. സെപ്റ്റംബർ 17ന് ഹൈദരാബാദിലെ ഇഡി ഓഫീസിൽ കസ്റ്റഡിയിലെടുത്ത മംഗ്ലയെ വിശാഖപട്ടണത്തെ പ്രത്യേക പിഎംഎൽഎ കോടതിയിൽ ഹാജരാക്കി. കോടതി ഇയാളെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടതായി ഇഡി അറിയിച്ചു.

തിരുമല തിരുപ്പതി ദേവസ്ഥാനത്തിന് ‘അഗ്മാർക്ക് സ്പെഷ്യൽ ഗ്രേഡ് പശുവിൻ നെയ്യ്’ എന്ന പേരിൽ വിതരണം ചെയ്തിരുന്നത് യഥാർഥ പശുവിൻ നെയ്യല്ലെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയതെന്ന് ഇഡി വ്യക്തമാക്കി. ശുദ്ധീകരിച്ച പാമോയിൽ, പാം കേർണൽ ഓയിൽ, പാമോളിൻ എന്നിവയ്ക്കൊപ്പം വിവിധ രാസവസ്തുക്കൾ ചേർത്താണ് നെയ്യ് നിർമിച്ചതെന്നാണ് ഏജൻസിയുടെ ആരോപണം. എംജി90, മോണോഗ്ലിസറൈഡുകൾ, മൈവാസെറ്റ് സോഫ്റ്റ് 400, അസറ്റിക് ആസിഡ് എസ്റ്റർ തുടങ്ങിയ രാസവസ്തുക്കളും മായം ചേർത്ത നെയ്യ് നിർമാണത്തിന് ഉപയോഗിച്ചെന്നാണ് ഇഡി പറയുന്നത്. പിന്നീട് ഈ ഉൽപ്പന്നം യഥാർഥ പശുവിൻ നെയ്യാണെന്ന പേരിൽ ടിടിഡിക്ക് വിതരണം ചെയ്തുവെന്നും ഏജൻസി ആരോപിക്കുന്നു.

2019 മുതൽ 2024 വരെയുള്ള കാലയളവിൽ ടിടിഡിക്ക് വിതരണം ചെയ്ത വ്യാജ നെയ്യിന്റെ ആകെ മൂല്യം 230 കോടി രൂപയാണെന്നാണ് ഇഡിയുടെ കണ്ടെത്തൽ. ഇതിൽ 96 കോടി രൂപയുടെ മായം ചേർത്ത നെയ്യ് മംഗ്ലയാണ് നിർമിച്ചതെന്നും ഏജൻസി അവകാശപ്പെട്ടു. മായം ചേർക്കുന്നതിനുള്ള വസ്തുക്കൾ സംഭരിക്കാൻ ആവശ്യമായ സൗകര്യങ്ങൾ ഒരുക്കുകയും സ്വന്തം ഫാക്ടറി വളപ്പിൽ മായം ചേർത്ത നെയ്യ് നിർമിക്കുകയും ചെയ്തതിൽ മംഗ്ലയ്ക്ക് പ്രധാന പങ്കുണ്ടായിരുന്നുവെന്നും ഇഡി ആരോപിച്ചു.

ശ്രീ വൈഷ്ണവി ഡയറി സ്പെഷ്യാലിറ്റീസ്, മൽഗംഗ മിൽക്ക് ആൻഡ് അഗ്രോ പ്രൊഡക്ട്സ്, എ.ആർ. ഡയറി ഫുഡ്സ് തുടങ്ങിയ സ്ഥാപനങ്ങൾ വഴി മായം ചേർത്ത നെയ്യ് വിതരണം ചെയ്യുന്നതിലും ഇയാൾ ഏകോപനം നടത്തിയെന്നാണ് അന്വേഷണ ഏജൻസിയുടെ ആരോപണം. യഥാർഥ പശുവിൻ നെയ്യാണ് നിർമിക്കുകയും വിതരണം ചെയ്യുകയും ചെയ്യുന്നതെന്ന പ്രതീതി സൃഷ്ടിക്കാൻ വ്യാജ രേഖകൾ തയ്യാറാക്കുകയും സൂക്ഷിക്കുകയും ചെയ്തതായും ഇഡി പറഞ്ഞു. നെയ്യും ശുദ്ധീകരിച്ച പാമോിലും വാങ്ങുകയും വിൽക്കുകയും ചെയ്തതുമായി ബന്ധപ്പെട്ട രേഖകളിൽ കൃത്രിമം നടത്തിയെന്നും ഏജൻസി ആരോപിക്കുന്നു.

കേസിൽ ഭോലെ ബാബ ഓർഗാനിക് ഡയറി മിൽക്കിന്റെ പ്രൊമോട്ടറും ഡയറക്ടറുമായ വിപിൻ ജെയിനിനെയും ഇഡി നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. തിരുപ്പതി ലഡ്ഡുവിന് ഉപയോഗിച്ച നെയ്യിൽ മായം കലർത്തിയെന്ന കേസിൽ അന്വേഷണം തുടരുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *